ആശുപത്രി

images-4

മൗനം ഭാഷയും
ശബ്ദം പരാതിയും
ചോദ്യം കുറ്റപ്പെടുത്തലും
അനുസരണ ശീലവുമാക്കപ്പെട്ട്
ചുമരുകൾക്കിടയിൽ
ദിനരാത്രങ്ങളുടെ
ദൈർഘ്യത്തെ പഴിച്ച്
ജീവിതം തള്ളിനീക്കുന്നു
രോഗീ ബന്ധുക്കൾ.

ഇടതടവില്ലാതെ
മരുന്നു വെച്ചും
സൂചിയടിച്ചും
അലമുറയിടുന്നവരെ
ഉറക്കിക്കിടത്തുന്ന നഴ്സുമാർ

അനുസരണയുടെ വാളിൽ
അടിമത്തം ആഭരണമാക്കി
ജീവഛവങ്ങളായി
ശിഷ്ടകാലത്തേക്കുള്ള
ജീവവായു വലിച്ചെടുക്കുന്ന രോഗികൾ.

മുതലാളിക്ക് വേണ്ടി
വയറു കീറി പേറെടുത്തും
മരണ സർട്ടിഫിക്കറ്റുകളിൽ
കയ്യൊപ്പു ചാർത്തിയും
പണിയെടുക്കുന്ന ഭിഷഗ്വരൻമാർ.

ഡോക്ടറെത്തും വരെ
ആയുസ്സ് നീട്ടിക്കൊടുത്തും
അനന്തിരവർക്ക്
മൃതദേഹ ദർശനം തടഞ്ഞും
മുതലാളിയോട്
കൂറു കാട്ടുന്ന ഏഴാം കൂലികൾ
ശുശ്രൂഷകർ.

ഇത് ആശുപത്രി!
ജനിക്കേണ്ടവരുടെയും
മരിക്കേണ്ടവരുടെയും
പടി കടത്തേണ്ടവരുടെയും
പേരുവിവരങ്ങൾ
മുൻകൂട്ടിത്തീരുമാനിക്കുന്ന
മുതലാളി വർഗ്ഗത്തിന്റെ
പണം കൊയ്യുന്ന യന്ത്രം.
മൗനം ഭക്ഷിച്ച
രോഗികളിൽ നിന്ന്
പണം പിഴിഞ്ഞെടുക്കുന്ന യന്ത്രം.
പണരഹിതമാക്കി
പിച്ചക്കാരെ പോലും
പിഴിഞ്ഞെടുത്ത ഭരണയന്ത്രം.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here