കപ്പലണ്ടിമുക്കിലാണ്
വണ്ടിയുമായി
റിക്ഷാവലിക്കണ
പണിക്ക്
രാവിലെ പോണത്,
ആബൂ…
കപ്പലണ്ടിമുക്കിലെ
സേട്ടൂന്റെ പീട്യേന്റെ മൂലേല്
‘കഷ്ടമറെ’
കാത്തിരിക്കണ ആബൂന്റെ
മുഖം മനസ്സില്
മാറാല പിടിക്കാതിരുപ്പുണ്ട്.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ
ദിവസം
പേരുകേട്ട നേതാക്കളെ
സേട്ടൂന്റെ വീട്ടിലെത്തിച്ച
കഥയിൽ
ഒരുപാട് ചില്ലറകൾ കിലുങ്ങും
ഒത്തിരി ചിരികൾ തുളുമ്പും.
കൊച്ചീന്റെ ഊടുവഴ്യോളൊക്കെ
കിറുകൃത്യം
എവടെ വേണേലും
കൊണ്ടോവും
എല്ലാർക്കും വിശ്വാസാണ്
ആബൂന്റെ വണ്ടീനേം ആബൂനേം!
ചെലപ്പോ സേട്ടാണി
കടലുകാണാൻ പോകുന്നതും
ആബൂന്റെ റിക്ഷേലാണത്രേ!
അന്ന് ആബ്ബൂന്റെ മേത്തൊള്ള
അത്തറുമണം ശ്വസിച്ചു
ബിക്ക്യാക്ക് ഓക്കാനിക്കും
ആബു ചിരിക്കും!
ഒന്ന് പൊടി തട്ട്യാല്
ഓർമ്മേല്
കേൾക്കാം ആബൂന്റെ പാട്ട്!
വയ്യിട്ട് റിക്ഷേല്
ആളെക്കേറ്റി
ലക്ഷ്യത്തിലെത്തിച്ചു
കൂലിയായി കിട്ടിയ
ചില്ലറയെണ്ണി
ഭാര്യ ബിക്ക്യാക്കിന് കണക്കു
ബോധിപ്പിക്കണം…
എന്നാലും വൈകീട്ട്
കള്ളിത്തിരി മോന്തി
ഇടവഴികൾ ചുറ്റിത്തിരിഞ്ഞു
വരണോരു വരവിനായി
നാടൻപാട്ടിന്റെ ശീലിനായി
‘മോളേ’ ന്നുള്ള വിളിക്കായി
കാത്തിരിക്കും
പള്ള്യോറക്കാവിലെ
ഭഗോതീനെക്കൂട്ട്
നെറ്റിയിൽ കുറിതൊട്ട്
കണ്ണിൽ തിരിയൊഴിച്ചു
ചുണ്ടിൽ മുല്ലപ്പൂ ചൂടി
കവിളിൽ ചന്ദനം തളിച്ചു
കുളിച്ചു സുന്ദരിയായി
ചോന്ന പട്ടുടുത്ത
ബിക്ക്യാക്ക്!
ചുട്ടുപൊള്ളുന്ന വെയിലിൽ
റിക്ഷ വലിച്ചു
അന്തിക്ക് വേച്ചുവേച്ചു
വീടെത്തണ
ആബൂനേം
കാത്തിരിക്കണ
എന്റെ അമ്മൂമ്മ,
ബിക്ക്യാക്കിന്റെ
ചിത്രമിന്നും മനസ്സിൽ
കറുപ്പും വെളുപ്പുമായി
നിറഞ്ഞു നിൽക്കുമ്പോൾ
അറിയുന്നു
ഞാനെന്റെ മൈതൃകം