ഞാനൊരു കാട്ടുപൂവ്
പൂജയ്ക്കു കൊള്ളാത്തവളാണെങ്കിലും,
എന്റെ മങ്ങിയ നിറം
നിനക്കായി തന്നു ഞാൻ
നിന്റെ നയനങ്ങൾക്കു വിരുന്നൊരുക്കുവാൻ
എന്റെ നേർത്ത മണം
നിനക്കായി തന്നു ഞാൻ
നിന്റെ പാരിൽ സുഗന്ധം നിറയ്ക്കുവാൻ
എന്റെ ശോഷിച്ച ചന്തവും
നിനക്കായി തന്നു ഞാൻ
നിനക്കാസ്വദിച്ചാനന്ദിക്കാൻ
എന്നിലെ മധുരം കുറഞ്ഞ മധുവും
നിനക്കു തന്നു ഞാൻ
നിന്റെ ദാഹം ശമിപ്പിക്കുവാൻ
മടിയൊട്ടുമേയില്ലാതെയെല്ലാം
നുകർന്നെടുത്തു നീ
എന്നെയൊന്നുണർത്തി തളർത്തുവാൻ
ഒടുക്കം എന്നിതളുടയാടകൾ
ഒന്നൊന്നായി നീ നുളളിയെടുക്കുമ്പോഴും
നൊന്തില്ലെനിക്കൊട്ടും
നിന്റെ സ്നേഹം നോവിച്ചില്ല
ഇന്നു നിനക്കു പൂജയ്ക്കായി
വിലയ്ക്കു വാങ്ങിയ നാട്ടുപ്പൂക്കളേറെയുണ്ട്
വിലയൊട്ടുമില്ലാത്തയീ പാവം
വെറുമൊരു കാട്ടുപൂവ്
മാനവും ജീവിതവും
നഷ്ടപ്പെട്ടവൾ വേദന മാത്രം സ്വന്തമായുളളവൾ
ഇനിയും ചത്തൊടുങ്ങാതെ
മൂലയിൽ ശേഷിച്ച നികൃഷ്ടജന്മം
ഞാൻ നല്കിയതെല്ലാം
കൈനീട്ടി വാങ്ങിയ നീ
എന്തേയെൻ വേദനകളെ മാത്രം നിരാകരിച്ചു
അതു ഞാനിനിയാർക്കു നൽകും