കാലുകൾക്ക് ഒപ്പം ഒരു യാത്ര

രാത്രി ഉറക്ക വഴിയോരങ്ങളിൽ
യാത്ര ഓർമ്മക്കായി നാട്ടിയ
ഒരു മൈൽ കുറ്റി തൂണിലും
മുഖം തെളിക്കാതിരിക്കുക !
വഴിയോരങ്ങളിൽ ചുമരിലെങ്ങും
മഴ വെള്ളം കലഹിച്ച ചെളി പ്പാടും ആകാതെ
നീ പോവുക.

അലറിയോടും തീവണ്ടി ജനാലയിൽ
അബോധ മനസ്സിനെ കോർത്തുറങ്ങുമ്പോഴും
പൊട്ടി വീഴും സ്വപ്ന ചില്ല് ചീളിലും
നീ തെളിയാതെ പോവുക,
എതിര് പോകും വണ്ടിയിൽ നീ യാത്ര പോവുക !!

ഉമിനീരിൽ ചാലിച്ച് നിൻ അധര തീരങ്ങളിൽ
കുറിച്ചിട്ട ചുംബന ചിത്രങ്ങളും
നീ എടുത്ത് കൊൾക.

നിന്നശ്രു മണമുള്ള ചിരി വാക്കുകൾ
ഗാനമായി രാഗ തന്ത്രീയിൽ ഒരുക്കവെ
നീ കളഞ്ഞിട്ട ചുടു നിശ്വാസങ്ങൾ
എന്റെ പിൻ കഴുത്തിൽ നിന്ന് എടുത്ത് കൊൾക

ll

കോശ കൂട്ടങ്ങളിൽ നൊമ്പരപൂരമായി
ഞരമ്പിൽ വേദന, തിമിലയായി-
കൊടി മാനത്തിൽ കിളിക്കൊപ്പം
പറക്കവെ-
മുല പാതി കീറി വലിച്ചെറിഞ്ഞ ഇരുട്ടും
കാവലായി കണ്ണ് ചിമ്മാ കൊതിയായി
പല്ല് നീട്ടി കാത്ത് നിന്നവനൊപ്പം
കാറ്റ് പോൽ പടിഇറങ്ങി പോകവെ
തോളോടൊട്ടി  നിന്ന എൻ ഹൃദയം
എന്തേ എനിക്ക ആയി വച്ച് തന്നില്ല !

കരൾ കാമ്പിൽ ഇനി വേണ്ട ഇഷ്ടങ്ങൾ
ഉയിരിൽ മധു പൂക്കും പാട്ടുകൾ
വേണ്ടിനി
ചേർത്ത് പിടിക്കേണ്ടത് ഒന്നുമേ വേണ്ട !

പരുത്തിതുന്നിയ വെള്ള ഭാണ്ടത്തിൽ
നീ ബാക്കി വച്ചതെല്ലാം പെറുക്കി
കുറുനരി കാട്ടിൽ ഒറ്റയാൻ അല്ലാതെ
ഇരുളിന്റെ തോൾ ചാരി നിൽക്കവേ
പേടിയാണെനിക്ക് …
കനവിന് കൈ വിട്ടു പോകും കറുപ്പാണ് …
പൂക്കൾക്ക് ഇരുമ്പ് പൂക്കും
ചുടുചോര മണമാണ് ….

കരൾ കാമ്പിൽ ഇനി വേണ്ട ഇഷ്ടങ്ങൾ
ഉയിരിൽ മധു പൂക്കും പാട്ടുകൾ
വേണ്ടിനി
ചേർത്ത് പിടിക്കേണ്ടത് ഒന്നുമേ വേണ്ട !!

പാട്ടും താരങ്ങളും ഓർമ്മ ഭാരങ്ങളും
കുഴിമൂടി തള്ളണം …
ഹൃദയ താഴ്ചയിൽ ഒരു കുഴി കുത്തണം…
അതിനു മേൽ കുത്താൻ ഒരു കുരിശു വേണം …
മറവി തൻ കുരിശിനായി വഴി പോകണം …
കാലുകൾക്ക് ഒപ്പം ഇനി യാത്ര പോകണം…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here