അലസമായ് പൊഴിയും,
മാഞ്ഞുപോകുന്ന മർമ്മരമഴ.
താപത്താൽ വെന്തു നോവുന്ന പുൽനാമ്പിനു
വെയിൽ പതിപ്പിച്ച നിർഭാഗ്യ രേഖകൾ
തലോടുന്നൊരു സ്വപ്ന സ്പർശനം പോലെ
അന്തരീക്ഷത്തിൻെറ പകൽ ഉടയാടയ്ക്ക്
കാർമുകിൽ ചേല് ചാർത്താതെ പുതു ഗന്ധമോടെ
അൽപ്പ നേരത്തെ മഴവില്ലിനോളം
നീളുന്നൊരനുഭൂതിയേന്തിവരും…
ദുഖത്തിൻ മൃദുല ഭാവമാണെങ്കിലും
ആനന്ദത്തിൻെറയാണാ ബാഷ്പം
ബാല്യത്തിലെന്ന പോലെ കുടചൂടാതെ
ആ തരളിതയിൽ അലിയുന്നതെന്തോ ആവാൻ കൊതിക്കും
ദുഃഖങ്ങൾ അതിലലിയാനാശിക്കും
കൂടെ മടങ്ങാൻ മോഹിക്കും.
മഴയൊന്നു മടങ്ങിയാൽ മെല്ലെ കാഴ്ചയുടെ നനവുകൾ മങ്ങും
നേരിൻ വെയിൽ തെളിയും
വീണ്ടു മെന്നെങ്കിലും തുള്ളിമുറിയുമ്പോഴോർക്കും
”ഇതൊരു നേരം തലോടും മഴ”