കടലും കരയും കടന്ന്
ആകാശ ദൂരവും താണ്ടി
പുറപ്പെടുകയാണ്.
പിറന്നു വീണ മണ്ണിലേക്ക്.
ഒരു സന്ദർശന യാത്ര.
കണ്ണടച്ച് തുറക്കും മുന്നേ…
തീരാവുന്നത്ര ദിനങ്ങളിലേക്ക്,
ഒരു സന്ദർശകനെന്നല്ലാതെ…
എണ്ണിച്ചുട്ടപ്പം കണക്കെ
കിറു കൃത്യമായി അടയാളപ്പെടുത്തിത്തന്ന,
കലണ്ടറിലെ രണ്ടു മാസം തീർക്കാൻ,
അതിലൊരു ദിവസം കൂടിയാൽ,
പിഴയൊടുക്കാൻ…….
നാട്ടിലേക്കൊരു സന്ദർശനമായല്ലാതെ,
മറ്റെന്താണ് ആ യാത്ര?
പെരുന്നാളും പിറന്നാളുമില്ലാത്തവൻ…
കല്ല്യാണവും കുടിയിരിപ്പും
കൂടാൻ കഴിയാത്തവൻ….
അടിമകൾ അല്ലെങ്കിലും ആരൊക്കെയോ…
അടച്ചു പൂട്ടുന്നു.
മതിൽ കെട്ടില്ലെങ്കിലും,
നിയന്ത്രണങ്ങൾ
ബാക്കിയാവുന്നു.
രാജാവ് നഗ്നനാണെന്ന് ചൊല്ലാൻ
ഗതിയില്ലാത്ത തൊഴിലാളികൾ…
നാളുകൾ നീളെയെണ്ണി
പിന്നെയും പിന്നെയും കാത്തിരിക്കുന്നു.