This post is part of the series ഒരു ടാസ്മാനിയൻ ഡയറിക്കുറിപ്പ്
Other posts in this series:
- ഒരു ടാസ്മാനിയൻ ഡയറിക്കുറിപ്പ്: അവസാന അധ്യായം
- ഒരു ടാസ്മാനിയൻ ഡയറിക്കുറിപ്പ് 5 (Current)
- ഒരു ടാസ്മാനിയൻ ഡയറികുറിപ്പ് 4
ടാസ്മാനിയയിൽ , ഏറ്റവും അധികം ടൂറിസ്റ്റുകൾ സന്ദർശ്ശിക്കുന്ന പ്രകൃതിരമണീയമായ സ്ഥലമാണു സെന്റ് ക്ലയർ നാഷണൽ പാർക്കും ക്രാഡിൽ മൗണ്ടനും. ദുർഘടമേറിയ പർവ്വത ശിഖരങ്ങളും, അതിനിടയിലുള്ള തടാകങ്ങളും, നിഗൂഢമായ കാടുകളും കാഴ്ചയെ സുന്ദരമാക്കുന്നു.
അവിടേയ്ക്കുള്ള വഴി , വളഞ്ഞു തിരിഞ്ഞു കയറ്റിറക്കമുള്ളതാണു. നമ്മുടെ താമരശ്ശേരി ചുരത്തിലുള്ളതു പോലെ അനേകം ഹെയർപ്പിൻ വളവുകളുമുണ്ട്. റോഡിന്റെ ഒരു വശത്ത് അഗാധഗർത്തവും മറുവശത്ത് പാറയും, ദൂരെ പർവ്വത ശൃംഗങ്ങളും!
പോകുന്ന വഴിയിൽ ഒന്നു രണ്ടു സ്ഥലങ്ങളിൽ വാഹനം നിർത്തി, പുറത്തിറങ്ങി കാഴ്ച്ച കാണുകയും ഫോട്ടോ എടുക്കുകയും ചെയ്തിട്ട് ഞങ്ങൾ കിംഗ് സോളൊമൻ ഗുഹയിലേയ്ക്ക് പോയി. ഗുഹയുടെ ഉള്ളിലെ താപനില 9 ഡിഗ്രി ആണെന്ന് സന്ദർശനകവാടത്തിൽ തന്നെ എഴുതി വെച്ചിരിക്കുന്നത് കണ്ടതുകൊണ്ട് സ്വെറ്ററും ജാക്കറ്റും ധരിച്ചിട്ടാണു ഞങ്ങൾ ഉള്ളിലേയ്ക്ക് കടന്നത്.
വിവിധ വർണ്ണങ്ങളിലുള്ള തിളങ്ങുന്ന പരലുകൾ പല ആകൃതിയിലും വലുപ്പത്തിലും തൂങ്ങിക്കിടക്കുന്ന കാഴ്ച്ച മനസ്സിനു ഉന്മേഷം തരുന്നു. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഗൈഡ് ആ ഗുഹയെപ്പറ്റിയും പരൽ രൂപീകരണത്തേയും പറ്റിയും ഉള്ള വിവരണങ്ങൾ നൽകി. ടൂറിസ്റ്റുകളിൽ ചിലർ ചോദ്യങ്ങൾ ചോദിച്ച് വിശദമായി തന്നെ വിവരങ്ങൾ ശേഖരിക്കുന്നുണ്ടായിരുന്നു.
അവിടെ നിന്നും ഞങ്ങൾ കാഡിൽ മൗണ്ടന്റെ സന്ദർശന കേന്ദ്രത്തിലെത്തി. നാഷണൽ പാർക്കിന്റെ ഉള്ളിലേയ്ക്ക് മറ്റു വാഹനങ്ങൾക്ക് പ്രവേശനാനുമതി ഇല്ല. കാർ പാർക്ക് ചെയ്ത് ചെല്ലുമ്പോൾ , അവിടെ ടൂറിസ്റ്റുകൾക്ക് യാത്ര ചെയ്യുവാനുള്ള ചെറിയ ഒരു ബസ് റെഡിയായി നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അതിൽ കയറി ആകാംക്ഷയോടെ കാത്തിരുന്നു. വേറെ കുറച്ചു ആളുകളും കൂടി കയറിയപ്പോൾ ബസ് യാത്ര തുടങ്ങി. അതിലെ ഡ്രൈവർ ആ സ്ഥലത്തെക്കുറിച്ചും എടുക്കേണ്ട മുൻ കരുതലുകളെക്കുറിച്ചും പറഞ്ഞു തന്നു. പല സ്റ്റേഷനുകൾ ഉണ്ട് എങ്കിലും, ഞങ്ങൾ ആദ്യത്തെ സ്റ്റേഷനിൽ തന്നെ ഇറങ്ങി.
പത്തിരുപത് മിനിട്ട് നടക്കാനുള്ള ‘റെയിൻ ഫോറസ്റ്റ് വാക്ക്’ ‘ ചെയ്യാമെന്ന് കരുതി പുറപ്പെട്ടു. മഴക്കാടുകളിലൂടെയുള്ള നടത്തം വളരെ ഹൃദ്യമായ അനുഭവമായിരുന്നു. ഒരു ചെറിയ വെള്ളച്ചാട്ടവും വഴിയിൽകണ്ടു. തറയിൽ വീണു കിടക്കുന്ന വൃക്ഷങ്ങളിൽ പച്ചനിറത്തിൽ നിറയെ പായലു പോലത്തെ ചെടികൾ വളർന്നിരിക്കുന്നു.
മഴക്കാടിനുള്ളിലൂടെയുള്ള ചെറിയനടത്തം കഴിഞ്ഞ് തിരിച്ച് ആ സ്റ്റേഷനിൽ തന്നെ എത്തി ബസ് എടുക്കാം എന്ന ഞങ്ങളുടെ പ്ലാനെല്ലാം പൊളിഞ്ഞു. നടന്നു നടന്ന് എത്തപ്പെട്ടത് മറ്റൊരു നടപ്പാതയിലായി എന്ന് പറഞ്ഞാൽ മതിയല്ലൊ. പുറപ്പെട്ടദിക്കിലേയ്ക്ക് തിരിച്ച് പോകാനുള്ള വഴി കാണാനുമില്ല.
നടക്കാനുള്ള വഴി തിരഞ്ഞെടുത്തുകഴിഞ്ഞാൽ , യാത്ര പുറപ്പെടുന്ന സ്റ്റേഷനിൽ ഉള്ള ബുക്കിൽ പേരും മറ്റു വിവരങ്ങളും എഴുതിവെയ്ക്കണം എന്ന് ഗൈഡ് പറഞ്ഞത് പെട്ടെന്നാണു ഓർമ്മ വന്നത്. നടക്കാനുള്ള ആവേശം കാരണം ഞങ്ങൾ ആ കാര്യമൊക്കെ മറന്നിരുന്നു. നടത്തം അവസാനിക്കുന്ന സ്റ്റേഷനിൽ വെച്ചിരിക്കുന്ന ബുക്കിൽ തിരിച്ചെത്തിയ വിവരവും രേഖപ്പെടുത്തണം എന്നാണു് നിയമം.
സന്ദർശ്ശകരുടെ സുരക്ഷയെ മുൻ നിർത്തിയുള്ള സംവിധാനമാണിത്.
അടുത്ത സ്റ്റേഷനിലേയ്ക്ക് ഒരു മണിക്കൂർ നടക്കണം എന്നെഴുതിയ ബോർഡ് കണ്ടപ്പോൾ സമാധാനമായി. മഴക്കാടുകളിലൂടെയുള്ള യാത്രയല്ലെ, ഒരു മണിക്കൂർ ഒക്കെ എന്ത്? എന്ന അഹങ്കാരത്തോടെ നടന്നു തുടങ്ങി. ഞാൻ വലിയ ആവേശത്തിലങ്ങനെ സ്പീഡിൽ നടന്നു. ഒരു വളവ് തിരിഞ്ഞെത്തിയ സ്ഥത്തെത്തിയപ്പോൾ പിടിച്ചു നിർത്തിയതു പോലെ നിന്നു. കാടുമില്ല, മരങ്ങളുമില്ല…
കുറ്റിച്ചെടികളും ഒരു തരം പുല്ലും നിറഞ്ഞ സ്ഥലം! വഴി നടക്കുവാൻ തടിപ്പലകകൾ ഇട്ട് ഉറപ്പിച്ചിട്ടുണ്ട്. അതിൽ മഴ പെയ്യുമ്പോഴും മഞ്ഞു പെയ്യുമ്പോഴും വഴുതി വീഴാതിരിക്കാൻ ചെറിയ കമ്പി വലകളും ഉറപ്പിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണം തന്നെ.
ഇടയ്ക്ക് ഒരു സംഘത്തെ കണ്ടതൊഴിച്ചാൽ മറ്റൊരു ജീവജാലങ്ങളേയും അവിടെ കണ്ടില്ല. ആ സംഘത്തിലുള്ളവർ ബാക്ക്പായ്ക്കും പർവ്വതാരോഹണത്തിനു് ഉപയോഗിക്കുന്ന തരം വടിയും ഒക്കെയായിട്ടായിരുന്നു യാത്ര. പരിശീലനമായിരിയ്ക്കുമെന്ന് തോന്നി.
നല്ല വെയിൽ, ഒറ്റ മരത്തണൽ പോലുമില്ല. എവിടേയ്ക്ക് തിരിഞ്ഞു നോക്കിയാലും വളർന്നു നിൽക്കുന്ന തവിട്ട് നിറത്തിലുള്ള പുല്ല് മാത്രം. അബദ്ധമായി എന്ന് പറഞ്ഞാൽ മതിയല്ലോ. അവസാനം ഒന്നര മണിക്കൂർ കൊണ്ട് ‘സ്നേക് ഹിൽ’ എന്ന സ്റ്റേഷനിൽ എത്തി. അവിടെ ബസ് കാത്തിരുന്നു.
ബസ് വന്നപ്പോൾ അതിൽ കയറി ‘ ഡോവ് ലേക്ക്’ സ്റ്റേഷനിൽ ഇറങ്ങി. ആഹാ…! എത്ര മനോഹരമായ കാഴ്ച്ച! കടുംനീല ജലാശയം!
മറ്റു പല തടാകങ്ങളേയും പോലെ, മഞ്ഞുമൂടിക്കിടന്നിട്ട് അത് ഉറച്ച് വളരെക്കാലങ്ങൾക്ക് ശേഷം മഞ്ഞ് ഉരുകി തടാകമായി രൂപപ്പെട്ടതാണു് ഡോവ് തടാകവും. ടാസ്മാനിയയിലെ വളരെ പ്രസിദ്ധമായതും, അകൃത്രിമമായതും, ലോകത്തെമ്പാടുമുള്ള ടൂറിസ്റ്റുകളെ ആകർഷിക്കുന്നതുമായ തടാകമാണിത്.
തുടരും…
തുടർന്ന് വായിക്കുക :
ഒരു ടാസ്മാനിയൻ ഡയറിക്കുറിപ്പ്: അവസാന അധ്യായം