മഞ്ഞു മേഘ പാളിയിലൊന്നിൽ
പലവുരു കണ്ടൊരു പൂമുഖപ്പടിയിലെ
പൊയ്കയിലൊരു വേള മറന്നു,
മനോരാജ്യ ദീപങ്ങൾ ;
വാരിവിതറും ഒളിയിൽ-
കണ്ണഞ്ചി നിൽപ്പൂ; ഹിമമുകുളീകൃതമാം
സാനു തൻ നെറുകയിലൊരു കൂടു കൂട്ടി
കളിവീടൊരുക്കി…..
കളിയാടിടുന്നൂ ശൈലേന്ദ്രപുത്രി,
ഗജമുഖനോടും, മയിൽവാഹനനും,
നന്ദികേശനും, സർവഗണങ്ങളും
പുലിത്തോലിനാടയും, രുദ്രവും കൂടെ;
കയ്യിൽ ഡമരുവും, കണ്ഠത്തിൽ വാസുകി
വെണ്ണീറലങ്കാരം പൂശിയും,
ശിരസ്സിലെ ജഡയിലെന്നുമെന്നും
കാതരയായൊരു ജലകന്യകയ്‌ക്കോ
നയനാഭിരാമം സുന്ദരക്കാഴ്ച
അറിയുന്നീലേ മഹാനുഭവാൻ
ഈ മനോകൽപ്പനകൾ
അറിയുന്നുവെങ്കിലും അറിയാത്തഭാവേന
കണ്ണിമപൂട്ടി ഏകാന്തധ്യാന
പത്മാസനത്തിലിരിക്കിലും,
ആ മധുമൊഴിയേകുന്നോരാനന്ദ
നിർവൃതിയിലധരത്തിൽ വിടർന്നൊരു
പൂപ്പുഞ്ചിരിയെ ഒളിപ്പിക്കുവാൻ
ശ്രമിക്കുന്നതെന്തേ പ്രിയസഖേ