രക്തസാക്ഷിക്കൊരു ചിന്ത്

ഓർമ്മകൾക്കുപോലുമവനെ-
യോർമ്മയില്ലാതായിരിക്കുന്നു.
നര പുലിമുട്ടായ്പ്പടർന്ന കടൽഭിത്തിയിലന്നു –
ചിതറിത്തെറിച്ച കുങ്കുമമൊരായൂഷ്ക്കാലത്തിൻ
നിഷ്ഫല നൈവേദ്യം!
പാത്രക്കുളങ്ങളുടെ തീര വിസ്മൃതികളിൽ
ചതുരജ്ജ്യാമിതികളിൽ കാക്കക്കാലു –
തീണ്ടിയ സ്വയമഴിഞ്ഞ ശിരസ്സ് …
അവന്റെ സ്മാരകസ്തൂപങ്ങളിൽ
ശ്വാന മൂത്രത്താൽ വെഞ്ചരിപ്പ്.
ഒറ്റിനും കൂട്ടിക്കൊടുപ്പിനും ഒഴുകിയെത്തുന്നവർക്ക്
വിരൽ മറപോലെയതിന്റെ മഴതിന്ന തണൽ
ചരിത്രത്തിലേതോ കടൽക്കരയഴിച്ച
നിഷ്ഫല നിശ്വാസമുദ്രകൾ.
ചന്ദ്രനിൽ നിന്ന് ശാന്തസമുദ്രം വെറും വളകിലുക്കം
പിന്നെയോ അവൻ?
എത്രയോചിലയത്താഴങ്ങൾക്കവൻ വീഞ്ഞ്.
ചിലർക്കു കൂടെക്കിടക്കാനാകാത്ത രാപ്പനി.
വീഞ്ഞിന് അതേ നിറം നൽകിയവനേ,
നിനക്ക് സ്തുതി.
ഓരോ സിപ്പിലും രൗദ്രത നിറയുന്നു.
കാർഡിയോസ്കാനിൽ വിരിഞ്ഞ കാർക്കശ്യ-
ധമനികളാരോഗ്യത്താൽ ചിരം ത്രസിക്കുന്നു
നൂറ് വർഷം വിരാജിച്ചവൻ വിജിഗീഷു- ;
യവന്റെ വംശം ഭൂവിൽ മൺതരികൾ പോലെ.
ഒരു കൊള്ളിയാൻ വെറും കൊള്ളിയാൻ മാത്രം.
ഒരു മഴ പോലുമുണക്കാനാകാതെ.
ഒരു ബീഡിക്കു പോലും തീ തികയാതെ .
ഇരട്ടക്കുഴലുകൾക്കുള്ളിലടയിരിക്കുന്നതെപ്പോഴും
നിതാന്ത സത്യം.
ബാരലുകളെങ്കിലവ ചിരന്തന തത്വം !
അതിനു കൊള്ളാനാവുന്നത് അനന്ത കോടി മാറുകൾ;
വിരിഞ്ഞതോ കുഴിഞ്ഞതോ….
ഓർമ്മയുടെയറ്റ്പോകൽ അവനായൊരുക്കുന്നതമരത്വം ;
നിസ്സംഗമാടിനിൽക്കും ചേമ്പിലകൾ സാക്ഷി!
നടുക്കടലിലാളൊഴിഞ്ഞ് പോകുന്ന കപ്പലിൽ നിറയെ
കാൽപ്പനികന്റെ അളിഞ്ഞ സ്വപ്നക്കൂടകൾ….
എന്നിട്ടും അവൻ പിന്നെയും…
ക്ലോണിങ് സ്വയം പോലും സ്വപ്നം കാണുന്നതിനും മുൻപ്
വയലിലാദ്യ സൂര്യനു മുൻപേ ചിറകടന്നു വീഴുന്ന
ഈയാംപാറ്റകളെപ്പോലെ
യശ: പ്രാർത്ഥിക്കവികൾക്കെല്ലാം തീറ്റയായി
അൾത്താരയിലെയാടുക്കൾക്കപമാനമായ് …,
പോകട്ടെയവൻ…., നാശം.!
ഇന്നത്താഴത്തിന് സമയമായി.
നീ സ്വയം പറിച്ചാസവിധം സമർപ്പിച്ച
ചങ്ക് വേവിച്ചതിൽപ്പാതി തന്നെ.
മറ്റെന്തീ കൊടും മറവികാലത്തീ തീതീറ്റും
സ്നേഹഭാജനങ്ങൾക്ക് വിളമ്പുവാനായ്?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English