ജോലി ചെയ്യുന്ന വെൽസ് ഫാർഗോ ബാങ്കിന്റെ പാര്‍ക്കിങ് കുറച്ച് അകലെയാണ്. ഏതാണ്ട് പത്തു മിനിട്ട് നടക്കണം ഓഫീസ് കെട്ടിടത്തിലേക്ക്. മഴക്കോട്ടെടുത്തപ്പോള്‍ തൊപ്പി മനപ്പൂര്‍വ്വം എടുത്തില്ല. റോഡു നിറച്ച് വണ്ടികളാണ്. മൂന്നു നിരകളിലായി. കനത്ത മഴയായതിനാല്‍ പതുക്കെയാണു പോകുന്നത്. മറുവശത്ത് എതിരെ പൊകുന്ന വണ്ടികളില്‍ വൈപ്പര്‍ ഉണ്ടാക്കുന്ന ഓളങ്ങൾ കാണാം. മുന്നിലെ കണ്ണാടിയിലെ വെള്ളപ്പൊക്കം കാണാന്‍ വൈപ്പർ മന്ദഗതിയിൽ ആക്കി. പുറത്തേക്കു കാണാൻ പ്രയാസമായപ്പോൾ വേഗത കുറഞ്ഞ നിരയിലേക്ക് മാറി.
ഫ്ളൂര്‍ റോഡിലേക്കുള്ള വാഹനങ്ങള്‍ തിരിഞ്ഞു പോകാനുള്ള നിര്‍ദ്ദേശം വഴിയില്‍ എഴുതി വച്ചിട്ടുണ്ട്. ഡിമോയിന്‍ നദി കരകവിഞ്ഞ് റോഡിലേക്കു ഒഴുകുന്നത് പാലത്തിനു മുകളിൽ കയറിയപ്പോൾ ശ്രദ്ധിച്ചു. വേനലിൽ ഒരു പെരും തോടിന്റെ അത്ര വലിപ്പമേയുള്ളൂ ഈ പുഴക്ക്. പക്ഷെ ഇന്ന് അതിരുകൾ കവിഞ്ഞ് വലിയ ഗമയിലാണ് ഒഴുക്ക്. ചോളവയലുകൾ സമൃദ്ധമാക്കിയ അമേരിക്കയിലെ അയോവ സംസ്ഥാനത്തിന് കൊട്ടിഘോഷിക്കാൻ സ്ഥിരനിവാസികളുടെ സൗഹാർദ്ധതയല്ലാതെ പറയത്തക്കതായി മറ്റൊന്നുമില്ല. അധികമാരും കേട്ടിട്ടില്ലാത്ത ഡിമോയിൻ എന്ന ഈ ചെറിയ പട്ടണം ആണ് അയോവയുടെ തലസ്ഥാനം. അയോവയുടെ സമൃദ്ധിയുടെ രഹസ്യമാണ് ആണ് ഡിമോയിൻ നദി. മെലിഞ്ഞു നീണ്ട് മുപ്പതോളം ചെറുപട്ടണങ്ങളെ തഴുകി ഒഴുകുന്ന ഈ സുന്ദരി.