മൃതി കയ്യെത്തും ദൂരമുണ്ടെന്ന
നിമിത്തങ്ങൾ
ഇല്ല പാശ്ചാത്തലത്തിൽ.
ശാന്തം.
പച്ചമരക്കൊമ്പിലൊരു കിളി
നോക്കുന്നു വിദൂരങ്ങളിൽ
പാടുന്നു പ്രതീക്ഷ തൻ പാട്ടുകൾ.
പിന്നിൽ, കുലീന മാളികകൾ
രാജവീഥികൾ, നൃത്തം വെക്കും പച്ചച്ചന്തങ്ങൾ
പൗരാണിക മഹിമതൻ
വിളംബരങ്ങൾ..
അയാളുടെ ചുണ്ടിൻ കോണിൽ
ചിരിമൊട്ടുകൾ.
കൺകളിൽ ഓർമ്മപ്പൂത്തിളക്കങ്ങൾ.
ഇനിയും യൗവനമിരിപ്പുണ്ട് ബാക്കി എന്നോതുന്നു മുഖത്തുടിപ്പുകൾ.
പെട്ടന്നായിരിക്കണം !
വളരെപ്പെട്ടന്നായിരിക്കണം !!
ആയിരം തലയുള്ള ബുദ്ധിശൂന്യതകൾ
തെരുവിൽ നാക്കണച്ചു, കേലയൊലിപ്പിച്ചു
മനുഷ്യമാംസം തിരയുന്നത് കണ്ടത്.
പറ്റുന്ന പോലെയൊക്കെ ഓടിയിരിക്കണം.
കിട്ടാവുന്ന പൊത്തിലും പോടിലും
ജീവൻ ഒളിപ്പിച്ചു വെച്ചിരുന്നിരിക്കണം.
അവർക്കു മാത്രം കാണാവുന്ന അടയാളം
അയാൾപോലുമറിയാതെ അയാളിലുള്ളത്
അവർ കണ്ടിരിക്കണം
കടിച്ചു കീറി വലിച്ചെറിയപ്പെട്ട
നിലയിൽ കാണുമ്പോൾ , പക്ഷേ,
തൊട്ടു മുമ്പെടുത്ത സെൽഫിയിൽ
കണ്ടതായിരുന്നില്ല മുഖം.
വരച്ചു പൂർത്തിയാക്കാൻ
പറ്റാത്ത ഒരു രാജ്യത്തിന്റെ
ഭൂപടം പോലെ
കത്തിക്കരിഞ്ഞിരിക്കുന്നു പിന്നിലെ തെരുവുകൾ
അയാൾ
ഇന്നോളം ജീവിച്ച ജീവിതം
ഇല്ലൊരു ഒരു രേഖയിലും .
ഇനിയൊരു രേഖയിലും വേണ്ടെന്ന്
നിയമം അയാളെ മറന്നുകളഞ്ഞു
ജീവിച്ചിരുന്നപ്പോൾ
ചില ഓർമ്മകളിൽ മാത്രം
ഉടക്കിക്കിടന്നു അയാൾ,
മരിച്ചപ്പോഴും…