അത്തം പിറന്നു പൊന്നോണമടുത്തല്ലോ
പൂ നുള്ളാൻ പോണില്ലേ കൊച്ചുതുമ്പി
പൂക്കളം തീർക്കേണം പൂക്കളിറുക്കേണം
വേലിയിറമ്പിൽ പൂകൈതയുണ്ടേ
കൂട്ടരെല്ലാവരും പൂ നുള്ളാൻ പോയല്ലോ
വീട്ടിലെന്നമ്മയോ വന്നീല്ലല്ലോ…
പയ്യാരം ചൊല്ലണ പയ്യേ കരയൊല്ലേ
കയ്യിലുറങ്ങുമെൻ കുഞ്ഞുണരും
പക്കത്തെ കോലോത്തെ തെക്കിനിക്കോലായിൽ
അമ്മയ്‌ക്കെടുപ്പത് വേലയുണ്ടേ.
നേരം വെളുപ്പിനെ പോയതല്ലേയമ്മ
വയ്യിട്ടു പോരുമ്പം കഞ്ഞിയുണ്ടേ…
കോലോത്തെത്തമ്പ്രാന്റെ ആറ്റുനോറ്റുണ്ടായോ-
രുണ്ണിക്കിടാവിനു കാതുകുത്ത്
പൊന്നോണനാളിലെ സദ്യയൊരുങ്ങണ്
മാലോകരൊക്കെയും കൂടണൊണ്ടേ.
ഞാനുമെന്റച്ഛനും കാണുവാൻ പോണൊണ്ടേ
അമ്മയ്ക്കെടുപ്പതു വേല കാണും.
കുഞ്ഞിനേം കൊണ്ടോവും അമ്മയെത്താറായി
രാരീരം രാരീരം മോനുറങ്ങൂ…
ഉത്രാടനാളിലേ അച്ഛനിങ്ങേത്തൂലോ
വേലയെങ്ങാണ്ടൊരു നാട്ടിലല്ലേ
അച്ഛൻ വരുന്നേരം കുഞ്ഞിനുടുക്കുവാൻ
പട്ടുകുപ്പായവും കൊണ്ടുവരും
അമ്മയ്ക്കും ചേച്ചിക്കും കോടിമണക്കണ
ചോന്നു തുടുക്കും റവുക്കയാണെ…
അന്തിമയങ്ങണ് അമ്മയെ കണ്ടില്ലാ
ഇന്നെന്തേ വൈകണ് വീടണയാൻ!
പൂക്കൾ പറിച്ചോണ്ട് കൂട്ടുകാർ പോയല്ലോ
പച്ചക്കിളി പെണ്ണേ നീ പോണില്ലേ
പയ്യിന്നിതേ വരെ കാടി കാട്ടീട്ടില്ല
കുഞ്ഞിക്കിടാവുംക്കരയുന്നല്ലോ…
അമ്മയെക്കണ്ടില്ലാ ഇങ്കുക്കുറുക്കീല്ലാ
കുഞ്ഞയ്യോ തേങ്ങിക്കരയുന്നമ്മേ…
മാനത്തു തിങ്കളുദിച്ചല്ലോ മാമന്റെ
പുഞ്ചിരി കാണെന്റെ കുഞ്ഞുവാവേ
അമ്മയെത്താറായി, പാപ്പം കഴിക്കാലോ
പൊന്നുണ്ണിക്കുട്ടനുണരൂ വേഗം
രാരീരം രാരീരം അമ്മയെത്താറായി
കുഞ്ഞുണരോമനേ കുഞ്ഞുണര്.
Click this button or press Ctrl+G to toggle between Malayalam and English