ഒരു മഴയിലും നനയാത്തചില ഉപ്പളങ്ങൾ

ചിത്രശലഭത്തിന്റെ വഴികളിൽ
കെണിവിരിച്ചിങ്ങനെ കാത്തിരിക്കരുതെന്ന്
ചിലന്തിയോട് ഞാൻ.
ആകാശത്തിന്റെ ചരിവുകളിൽ
അപകടം പതിയിരിക്കുന്നുവെന്ന
ഓർമ്മപ്പെടുത്തലാണിതെന്നയാൾ .

അസ്തമയ സൂര്യനെക്കണ്ട് രജസ്വലയായവളെ
സുര്യകാന്തിപ്പാടം കാട്ടി മടങ്ങുംവഴി
പറയാതെ പെയ്ത മഴയവളുടെയുടലിലൊരു
ശത്രുരാജ്യത്തിന്റെ ഭൂപടം വരച്ചു.
യുദ്ധ ഭീതിയിലും ഇരുട്ടിനൊപ്പമൊരാളതിന്റെ അതിർത്തി പങ്കിടുന്നു!
ഇതെന്റെയാകാശം
ഇതെന്റെയും ഭൂമിയെന്നുറക്കെപ്പറഞ്ഞൊരു കാശിത്തുമ്പ ഇന്നു പുലർച്ചെ മരിച്ചിരിക്കുന്നു .
വിട്ടൊഴിയുവാനാവതില്ലെങ്കിലും
ഒരു മഴയിലും നനയാത്ത
വിസ്മൃതിയുടെ ചില ഉപ്പളങ്ങളിൽ
ഞാനുയിർക്കുമെന്നവളുടെ
മരണക്കുറിപ്പാരോ കണ്ടെടുത്തിരിക്കുന്നു .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English