നനഞ്ഞു കഴിഞ്ഞ മഴ

 

 

നനയുകയാണോയെന്ന്
തിരിച്ചറിയാനാകാത്ത
നേരങ്ങളിലൂടെ,
ശബ്ദമില്ലാകന്നൊരു
കാലത്തിൽ നിന്ന്,
പെയ്യുകയാണോയെന്ന്
തിരിച്ചറിയാനാകാതെ
പോയൊരു
മഴയുടെ ഗന്ധം
അരിച്ചിറങ്ങുന്നുണ്ട്.

പെയ്യുന്നുവോയെന്നൊരിക്കൽ
കാതോർത്തത് പോലെ,
പെയ്തിരുന്നുവോയെന്നിന്നും
തിരയുമ്പോൾ
ഭൂതകാലം വരെയൊന്ന്
പോയ്‌വരാൻ
ആ മഴ വിളിക്കാറുണ്ട്!

നനയണമെന്നോർത്ത മഴയല്ലേ,
തോന്നലാകണം.
ചിലപ്പോൾ
പെയ്തിട്ടേയുണ്ടാവില്ലയത്.
പക്ഷേ
ഹൃദയം കുതിർന്നിരുന്നുവല്ലോ!
നനഞ്ഞത് കൊണ്ടല്ലേങ്ങനെ?
അപ്പോൾ
പെയ്തിരുന്നുവോ ആ മഴ?

അന്നുമുതലിന്നുവരെയുമോർത്തിട്ടും
ഇനിയും
സന്തുലിതമാകാത്തൊരു
അസമവാക്യമായത്.
ആ മഴ!
പെയ്തിരുന്നോയെന്നിന്നും
ഉറപ്പില്ലാത്ത മഴ.
എന്നിട്ടും
നനഞ്ഞു കഴിഞ്ഞ മഴ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English