1853 ൽ ഡെൽഹൌസി പ്രഭു ഗവർണർ ജനറൽ ആയിരിക്കുമ്പോളാണ് ഇൻഡ്യയിലെ റെയിൽവേ യാത്രയുടെ തുടക്കം. ഇന്ന് 7,349 സ്റ്റേഷനുകളും , 13,500 ൽ പരം യാത്രാട്രയിനുകളും, 9,140 ൽ പരം ചരക്കുവണ്ടികളുമടങ്ങുന്ന ഒരു ബൃഹത്തായ ശ്രുംഖലയാണിത്.
തൊഴിലാളി യൂണിയനുകൾ രൂപീകരിച്ചതിനു ശേഷം അവർ ചില സമരങ്ങൾ നടത്തിയെങ്കിലും അവ മിക്കതും അടിച്ചമർത്തപ്പെടുകയാണുണ്ടായത്. 1928 ൽ ദക്ഷിണ റെയിൽ കമ്പനിയിൽ സാരമായ ഒരു തൊഴിൽസമരത്തിനു പിന്നാലെ 1967, 1968 , 1970, 1973 വർഷങ്ങളിൽ ചെറിയ തോതിൽ പണിമുടക്കുകൾ ഉണ്ടായെങ്കിലും, 8 മെയ് 1974 ൽ ആരംഭിച്ച് 20 ദിവസം നീണ്ടുനിന്ന തായിരുന്നു ഒരു സമ്പൂർണ്ണ റെയിൽ സമരം. 70% ജോലിക്കാർ പങ്കെടുത്ത ആ സമരത്തിനു ചുക്കാൻ പിടിച്ചത് ജോർജ് ഫെർണാണ്ടസ്സ് നേതാവായിരുന്ന ആൾ ഇൻഡ്യ റെയിൽവേ ഫെഡറേഷൻ എന്ന തൊഴിലാളി യൂണിയൻ ആയിരുന്നു. ജോലി സമയം 8 മണിക്കൂർ ആയി കുറയ്ക്കുക, വേതനം വർദ്ധിപ്പിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ . യാത്രക്കാരുടെ യാതനകൾ ദുസ്സഖമായി. അവശ്യം ചരക്കു തീവണ്ടികളും തപാൽ തീവണ്ടികളും മാത്രം ഓടി. സമരം അടിച്ചമർത്തപ്പെട്ടു. തൊഴിലാളി നേതാക്കന്മാർ അറസ്റ്റു ചെയ്യപ്പെട്ടു. സമരം അവസാനിച്ചെങ്കിലും, ഇതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസ ന്ധികളാണ് പിന്നീട് കോടതിക്കേസുകൾക്കു വഴി തെളിക്കുകയും, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1975 ജൂൺ 26 ന് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തത്.
*******
ഇൻഡ്യൻ സ്റ്ററ്റിസ്റ്റിക്കൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്കോടെ പാസ്സായതിനാൽ, ഏതു പോസ്റ്റിൽ ജോലി തെരഞ്ഞെടുക്കണമെന്നു നിശ്ചയിക്കാൻ രണ്ടാമത്തെ ഊഴം എനിക്കായിരുന്നു. അങ്ങനെ ഞാൻ കേന്ദ്ര പ്ലാനിംഗ് മിനിസ്റ്റ്രിയുടെ കീഴിലുള്ള നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷനിൽ അസിസ്റ്റന്റ് ഡിറക്ടറായി ജോലിയിൽ പ്രവേശിച്ചു. കല്ക്കട്ട റീജിയണിലായിരുന്നു. കേന്ദ്ര ഓഫീസ് ന്യൂ ഡെൽഹിയിലും. ഇടയ്ക്കിടെ കേന്ദ്രത്തിൽ പല കോൺഫറൻസുകൾക്കായി ട്രെയിൻ യാത്ര വേണ്ടിവന്നു. ഞാൻ ചാർജെടുക്കുമ്പോൾ ആ ഓഫീസിൽ 135 ൽ പരം ജോലിക്കാർ ഉണ്ടായിരുന്നു. അവരിൽ കുറെ പേർ വേറൊരു ബ്രാഞ്ചിൽ നിന്നു തൊഴിലുറപ്പു പ്രകാരം മാറ്റപ്പെട്ടു വന്നവരായിരുന്നു. പ്യൂൺ തസ്തികയിൽത്തന്നെ 8 പേർ. ഒരാളെ ചായ വാങ്ങാനും , കൂജയിൽ വെള്ളം നിറയ്ക്കാനും വിടാം. ബാക്കിയുള്ളവരെ ചീട്ടുകളിയ്ക്കാൻ പുൽത്തകിടിയിലേക്കും വിടാം! അതുപോലെ ടിക്കറ്റ് ബുക്കു ചെയ്യാൻ അസിസ്റ്റന്റുമാരെ റെയിൽ സ്റ്റേഷനിൽ അയയ്ക്കുകയായിരുന്നു പതിവ്. 1974 മെയ് മാസത്തിൽ ഒരു ഡെൽഹി മീറ്റിംങ്ങിനു വേണ്ടി പോകുന്ന അവസരത്തിൽ, പാറ്റ്നയ്ക്കടുത്തുള്ള ബാദ് എന്ന സ്ഥലത്തു ജോലി ചെയ്തിരുന്ന എന്റെ മാതൃസഹോദരിയെ സന്ദർശിച്ച്, ഒരു ദിവസം അവരോടൊപ്പം ചെലവഴിക്കത്തക്കവിധമായിരുന്നു യാത്ര തയ്യാറാക്കിയത്. ട്രെയിൻ യാത്ര എനിക്കൊരു ഭാരമായി തോന്നിയിരുന്നില്ല. ട്രയിനിങ് കാലത്ത് 35,000 ത്തിലധികം കിലോമീറ്ററുകൾ ഭാരതമൊട്ടാകെ യാത്ര ചെയ്തു പരിചയമുണ്ട്. അവ മിക്കതും മുൻകൂർ ബുക്കു ചെയ്തിട്ടായിരുന്നു. ദില്ലിയിൽ ഇന്റർവ്യൂവിനു പോയ സമയം മദ്രാസിൽ (ഇപ്പോഴതു ചെന്നൈ ) നിന്നു ദില്ലിയിലേയ്ക്കു ബർത്തു കിട്ടാതെ 3 ദിവസം ജനറൽ കംപാർട്ടുമെന്റിൽ യാത്ര ചെയ്തത് ഒഴിച്ചാൽ ! അന്ന് ദില്ലിയിൽ നിന്നു തിരിയെ പോയപ്പോൾ കിട്ടിയ ബർത്തു നമ്പർ 13 ! പിന്നീട് സർവീസിൽ പ്രവേശിച്ചതോ ഒരു ഡിസമ്പർ 13 നും. അതുകൊണ്ട് 13 എന്റെ ഭാഗ്യ (അങ്ങനെയൊന്നുണ്ടെങ്കിൽ ) നമ്പർ ആയി ഞാൻ സ്വീകരിച്ചു. ആ കഥ അവിടെ നില്ക്കട്ടെ…
നിർഭാഗ്യവശാൽ, എന്റെ ദില്ലി യാത്ര റെയിൽവേ പണിമുടക്കിനിടെ ആയിപ്പോയി. കേന്ദ്രസർക്കാർ ഒട്ടും വഴങ്ങിയില്ല. കോൺഫറൻസുകൾ റദ്ദാക്കിയുമില്ല. തപാൽ കൊണ്ടുപോകുന്ന കാല്ക്ക മെയിൽ എന്ന വണ്ടിയിൽ ഫസ്റ്റ് ക്ലാസ് കംപാർട്ടുമെന്റിൽ കയറി. പണിമുടക്കായതിനാൽ ഭക്ഷണം ലഭിക്കാൻ സാദ്ധ്യതയില്ലെന്നു തോന്നിയതിനാൽ, സാധാരണ ഒറ്റയാന്മാർ ചെയ്യുന്നവിധം മോഡേൺ ബ്രെഡ്ഡും ജാമുമൊക്കെത്തന്നെ കരുതലുകൾ. പതിവുള്ള ജോലിക്കാർ ആരുമായിരുന്നില്ല തീവണ്ടി നിയന്ത്രിച്ചിരുന്ന തെന്ന് യാത്രയ്ക്കിടെ മനസ്സിലായി. പോയ വഴിയിലെ സ്റ്റേഷനുകൾ ഇരുളടഞ്ഞു കിടന്നിരുന്നു. കുടിച്ചതിനു ശേഷം ഉടച്ചുകളയാമായിരുന്ന മൺചട്ടിയിലെ ചൂടുള്ള ചായ ഒരിടത്തും ലഭിച്ചില്ല. ഏതായാലും, രാവിലെ ബാദിലെത്തിയപ്പോൾ , ഇളയമ്മ (മോനിക്കുഞ്ഞമ്മ എന്നു ഞാൻ വിളിച്ചിരുന്ന) ഒരു ടക്ക് ടക്ക് (ഓട്ടോ) വണ്ടിയുമായി കാത്തുനില്പുണ്ടായിരുന്നു. ചൂടുഭക്ഷണം കഴിച്ചപ്പോൾ വലിയ ആശ്വാസം! നല്ല ഒരു ദിവസം . റെയിൽ പണിമുടക്കു തല്ക്കാലം മറന്നു മോനിക്കുഞ്ഞമ്മയോടൊപ്പം സന്തോഷമായി കഴിഞ്ഞു.
പിറ്റേദിവസം അന്വേഷിച്ചപ്പോഴാണറിയുന്നത് – ദില്ലിയിലേക്കു ട്രയിൻ ഇല്ലെന്നത് . ലക്നൗ വഴിയുള്ള പഞ്ചാബ് മെയിൽ വണ്ടിയിൽ ഞാൻ യാത്ര തുടർന്നു. ലക്നൗവിൽ നിന്നു ദില്ലിക്കു തിരിക്കാമെന്നു കരുതി അങ്ങോട്ടാണു ഞാൻ ടിക്കറ്റെടുത്തത്. അധികം യാത്രക്കാർ ഫസ്റ്റ് ക്ലാസ് ബോഗിയിൽ ഉണ്ടായിരുന്നില്ല. ഭക്ഷണദാരിദ്ര്യമുണ്ടാകാതെ പല പൊതികൾ മോനിക്കുഞ്ഞമ്മ എനിക്കു തന്നിരുന്നു. വലിയ പ്രശ്നങ്ങൾ ഒന്നും നേരിടാതെ, കുറച്ചു താമസിച്ചാണെങ്കിലും ലക്നൗവിൽ ഇറങ്ങി.
ലക്നൗ സ്റ്റേഷൻ ഓഫീസിൽ അത്യാവശ്യം ഉദ്യോഗസ്ഥർ മാത്രമാണുണ്ടായിരുന്നത്. അന്നു രാത്രി ദില്ലിയിലേയ്ക്ക് ഒരു തപാൽ തീവണ്ടി മാത്രം ഓടുന്നതായി അറിഞ്ഞു. എനിക്കു റിസർവേഷൻ ഉണ്ടായിരുന്നില്ല. കൂടുതൽ പണം മുടക്കി എ.സി. ബെർത്തു വാങ്ങാൻ ഞാൻ തയ്യാറായിരുന്നു. പക്ഷെ, അതിൽ വെയിറ്റിംഗ് ലിസ്റ്റിൽ പോലും അവസരം ലഭിച്ചില്ല. അതുകൊണ്ട് , ജനറൽ കമ്പാർട്ടുമെന്റിൽ കയറാമെന്നാശിച്ചു ഒരു ബെഞ്ചിൽ ഇരുന്നു. കുറെ സമയത്തിനുള്ളിൽ പ്ലാറ്റ്ഫോമിൽ ഒരു തീവണ്ടി വന്നു നിന്നു. ഉച്ചഭാഷിണിയിൽ കൂടിയുള്ള അറിയിപ്പുകളൊന്നും കേട്ടതേയില്ല. ആരോ വിളിച്ചു പറഞ്ഞു, ” യഹ് ദില്ലി കാ ഗാഡി ഹെ” . ഞാൻ ഒരു പോർട്ടറോടു ചോദിച്ചു സംഗതി ശരിയാണെന്നു മനസ്സിലാക്കി. ഇതിനിടെ യാത്രക്കാർ അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുന്നു. ജനറൽ കമ്പാർട്ടുമെന്റുകൾ തിരക്കി ഒത്തിരി നടക്കേണ്ടിവന്നില്ല. നൊടിയിടയിൽ എല്ലാം നിറഞ്ഞു കഴിഞ്ഞു. വാതിൽപ്പടിയിൽ നാട്ടിലെ പ്രൈവറ്റ് ബസിനേക്കാളും കൂടുതൽ ആളുകൾ തൂങ്ങി നില്ക്കുന്നു !
വിഷണ്ണനായി ഞാൻ നോക്കിനില്ക്കുമ്പോൾ രണ്ടു മൂന്നുപേരടങ്ങിയ ഒരു പോർട്ടർ സംഘം എന്നെ സഹായിക്കാമെന്നേറ്റു . പത്തു രൂപയ്ക്ക് അവർ മുമ്പുതന്നെ ‘റിസെർവ്’ ചെയ്തിട്ടിരിക്കുന്ന ബെർത്ത് തരാമെന്നു പറഞ്ഞു. എനിയ്ക്കെങ്ങനെയെങ്കിലും ദില്ലിയിലെത്തണമല്ലോ. ഞാൻ സമ്മതിച്ചു. വാതിൽക്കൽ തൂങ്ങിനില്ക്കുന്നവരുടെ മുകളിൽക്കുടി എന്റെ പെട്ടി അകത്തുളള ഒരു പോർട്ടർ ടീമംഗത്തെ ഏല്പിച്ചു. മറ്റു രണ്ടു പേർ എന്റെ ചന്തിയിൽ ഉന്തിത്തളളി ആൾക്കാരുടെ മുകളിലെത്തിച്ചു. അവിടെ നിന്നു പിന്നീടുള്ള പോക്ക് മുകളിലത്തെ കമ്പികളിൽ തൂങ്ങി , സർക്കസ് അഭ്യാസികളുടെ മട്ടിലായിരുന്നു. എന്റെ ‘ബെർത്ത്’ കമ്പാർട്ടുമെന്റിന്റെ ഒത്ത നടുവിൽ . അവിടെ മറ്റൊരു ടീമംഗം ‘സാബ്, ഇഥർ’ എന്നു വിളിച്ചുകൂവുന്നു. ഏറ്റവും മുകളിലത്തെ ബെർത്തിൽ ഇഷ്ടൻ കിടപ്പുണ്ടായിരുന്നു. ആരും അതു കയ്യടക്കാതിരിക്കാനായിരുന്നു അത്. ‘റിസർവേഷൻ ഫീസ്’ അയാളെ ഏല്പിച്ച് ഞാൻ ആ ബെർത്തിൽ സ്ഥലം പിടിച്ചു. പോർട്ടർ പിരിഞ്ഞ് നിമിഷങ്ങൾക്കകം ‘എന്റെ ബെർത്തിൽ’ നാലു പേർ ചാടിക്കയറി ഇരുന്നുകഴിഞ്ഞു !
ഞാൻ ചുറ്റിലും കണ്ണോടിച്ചു. സൂചി വീണാൽ താഴെപ്പതിക്കാത്തവിധം ഒരു മനുഷ്യപ്പട ആ ബോഗിയിൽ. ആരുമില്ല നിയന്ത്രിക്കാൻ. ടൊയ്ലറ്റിലും ഇടനാഴിയിലും തിങ്ങിനിറഞ്ഞിരിക്കുന്നു. ചൂടുകാലമായതിനാൽ ആർക്കും മൂത്രമൊഴിക്കാൻ പോകേണ്ടതില്ല. തനിയെ വെള്ളം വിയർത്തുപൊയ്ക്കൊള്ളും. എനിക്കു ബാത്‌റൂം ഉപയോഗിക്കണമെന്നു തോന്നിയെങ്കിലും പിടിച്ചുനിന്നു. പ്രധാന കാരണം, തിരിച്ചുവരുമ്പോൾ നമ്മുടെ ബെർത്തുസീറ്റ് വേറെയാരെങ്കിലും എടുത്തിരിക്കും!
12 മണിക്കൂർ കൊണ്ട് ട്രയിൻ ദില്ലിയ്ക്ക് അടുത്തെത്തി. ഏതോ കാരണത്താൽ സ്റ്റേഷനിലേക്കെത്താൻ ഇനിയും വൈകുമെന്നു ഒരു ഗാർഡു പറഞ്ഞു. അതു കൊണ്ട് പലരും അവിടെത്തന്നെ യാത്ര മതിയാക്കി താഴെ ഇറങ്ങാൻ തുടങ്ങി. എനിയ്ക്കുടനെ മൂത്രമൊഴിച്ചേ പറ്റൂ. അതുകൊണ്ടു ഞാനും ഇറങ്ങി ഒരു ഊടുവഴിയിലൂടെ നടന്ന് അടുത്ത തെരുവീഥിയിലെത്തി. ഭാഗ്യത്തിനു അതു വഴി വന്ന ഒരു ഓട്ടോ പിടിച്ച് നേരെ കരോൾബാഗ് എന്ന സ്ഥലത്തേയ്ക്കു വിട്ടു. അവിടെ മദ്രാസ് ഗെസ്റ്റ് ഹൗസ് എന്ന ലോഡ്ജിലാണ് ഞാൻ ന്യൂ ദില്ലിയിലായിരിക്കുന്ന സമയം താമസിച്ചിരുന്നത്. ഹാവൂ, എന്തൊരാശ്വാസം!
Click this button or press Ctrl+G to toggle between Malayalam and English