എവിടെ ഞാന്‍ ശാന്തി തിരയേണ്ടതറിയില്ലെ-
നിക്കേതാശ്രമത്തിലായ്, ഏതു ഗിരിശൃംഗത്തിൽ?
ഒരു മരം വീഴുമ്പോ,ളൊരു വനം തീരുമ്പോൾ
ഒരു പുഴയൊഴുക്കറ്റു ജഡമായ് മാറുമ്പോൾ
ഒരു വിത്തു പാകാതെ, ഒരു തൈ മുളയ്ക്കാതെ
മണ്ണിന്‍റെ ഹൃദയമതു ഊഷരമാകുമ്പോൾ,
വിശപ്പാൽ മനുഷ്യർ മരിച്ചു വീണീടുമ്പോൾ,
വെറിയാലവർ തമ്മിൽ കൊന്നൊടുക്കീടുമ്പോൾ,
ഉറവകള്‍ മണ്ണില്‍,മനസ്സിലും വറ്റിയൊരു
ജലകണം തേടിയൊരു പടയൊരുങ്ങീടുമ്പോൾ
എവിടെ ഞാന്‍ ശാന്തി തിരയേണ്ടൂ?
കൺകണ്ട ദൈവങ്ങള്‍ കൈവിട്ട കുഞ്ഞിൻ
കരച്ചില്‍ തുളച്ചു കാതില്‍ പതിച്ചീടുമ്പോൾ,
കാവലാകേണ്ടൊരു കൈകൾ ഞെരിച്ചൊരു
പൂവിന്‍റെ കണ്ണുനീരിൽ ദഹിച്ചീടുമ്പോൾ,
പശിയടങ്ങാനായ് എടുത്ത വറ്റിൻ വില
പ്രാണനായ് മാറുന്ന കാഴ്ച കണ്ടീടുമ്പോൾ,
പകയൊടുങ്ങാത്തൊരു വാളിന്‍റെ മൂർച്ചയിൽ
പല ജീവിതങ്ങൾ തകര്‍ന്നു പോയീടുമ്പോൾ,
എവിടെ ഞാൻ ശാന്തി തിരയേണ്ടൂ?
ഏറെ പ്രിയമാർന്ന ഭൂമി, നിന്നുള്ളിലായ്
കനൽ പോലെ എരിയുന്ന നോവുകള്‍ എന്‍റെയും.
നിന്നുള്ളമറിയും തുടിപ്പുകൾ എന്‍റെതും.
വേരുമിലയും പോലെ, കടലുമലയും പോലെ
വേറല്ല തങ്ങളിൽ നാമെന്നതാകിലും,
ഒന്നുമെ ചെയ്യുവാനാകാതെ നിൽപ്പു ഞാന്‍
സർവ്വം സഹിക്കുന്നൊരമ്മയല്ലോ ദേവി…
എങ്കിലും ഞാനെന്‍റെ ഹൃദയത്തിനൊരു കോണിൽ
കാത്തു വയ്ച്ചീടുന്നു ആർദ്രമൊരു പ്രാർത്ഥന,
നിത്യം നിനക്കായ് ഉരുക്കഴിച്ചീടുവാൻ.
“മലിനമാകാതിരിക്കട്ടെ കാടുകൾ
മലിനമാകാതിരിക്കട്ടെ പുഴകളും
മലിനമാകാതിരിക്കട്ടെ മനസ്സുകള്‍
മലിനയാകാതിരിക്കട്ടെ ദേവി നീ…
മലരിടട്ടെ ജീവിതം, നിന്നിലൂടൊഴു-
കിടട്ടെ അനസ്യൂതമായ് ശാന്തമായ്.”