.
വാക്കുകളിൽ, വരികളിൽ,
പ്രണയം കുറുക്കി നിറച്ച്,
ഞാനൊരു കവിത എഴുതാം.
രാത്രിയുടെ അവസാനം വരെ,
അതിസാന്ദ്രമായി നിന്റെ കാതോരം
ഞാനതു പാടി കേൾപ്പിക്കാം.
അല്ലെങ്കിൽ, വാക്കുകളില്ലാതെ
നാദം മാത്രമായി,
സിംഹാസന രത്നങ്ങൾ പോലെ
നിനക്കായി മാത്രം
എന്റെ പുല്ലാങ്കുഴലിൽ
ഞാനതു വായിച്ചു തരാം.
അതിലെ സംഗീതമുൾകൊണ്ട്
എന്റെ കൈ പിടിക്കുക.
എന്റെ പാട്ടിനൊപ്പം
ഈ വഴികൾ താണ്ടുക.
പ്രണയത്തിൽ നടു ചായ്ച്ച്
മനസ്സിനെ സ്വച്ഛമാക്കുക.
പുല്ലാങ്കുഴൽ നാദത്തെ
മോഹത്താൽ ബന്ധിക്കുക.
ഹൃദയതാളം മാത്രം ചേർത്ത്
ഞാൻ പഴയ പ്രണയ ഗാനങ്ങൾ പാടാം.
അതിൽ ദുഖത്തിന്റെ രാഗങ്ങളും,
അനീതിയുടെ താനങ്ങളും,
ഇരുണ്ട കൊടുങ്കാറ്റിന്റെ
പല്ലവികളുമുണ്ടാകാം.
നിന്റെ ഹൃദയത്തെ ഊഷ്മളമാക്കുക
മസ്തിഷ്കത്തിന്റെ ശിരോവസ്ത്രം
അഴിച്ചു തെരുവിലേക്കെറിയുക.
പാട്ടിന്റെ സിംഫണിയിൽ
നിർവൃതികൊള്ളുക.
ജീവവ്യഥകളുടെ
വരണ്ട ആരോഹണങ്ങളിൽ
സ്വയം നഷ്ടപ്പെടാതിരിക്കുക.