ഉറങ്ങാൻ ഒരു നിമിഷം
ഉയിർക്കാൻ ഒരു നിമിഷം
ഉയിർപ്പിലുറങ്ങുവാനും ഉറക്കിലുയിർക്കുവാനും എത്ര നിമിഷം?
ഉറക്കിലുയിർക്കുന്നത് ഏതു നിമിഷം?
തിരയ്ക്ക് അഴിയിട്ടാൽ!
തിര മുറിയുമോ
തിര അഴിയുമോ
അഴിമുഖം കാണാതിരിക്കുമോ
ആകാശത്തൊരു വല നെയ്താൽ
ഭൂമി മഴ നനയാതിരിക്കുമോ.
ആ മൂക്കിൻ തുമ്പത്തെ
വിയർപ്പ് തുള്ളികൾ എണ്ണിയെടുക്കുകയായിരുന്നു…
എടുത്ത പാടെ അവ മുത്തുകളായി
നൂലിനെ തേടിപ്പോയി മാലയാകാൻ
അഗസ്ത്യഗിരിയുടെ താടി ചൊറിയാൻ
ഒരു മേഘത്തുണ്ട്, ആ താടിയിൽ ഉരസി.
ഉരസിയ താടിയിലെ കാടുകളിൽ നിന്നും
ഇലകൾ പൊഴിഞ്ഞു.
നൂലായൊഴുകിയ നീർച്ചോലയിൽ ചേർന്ന വിയർപ്പ് മുത്തുകൾ,
പളുങ്കുമണികളായി ഉദയാർക്കന്റെ സ്പർശത്തിൽ വിളങ്ങി
ആ നിമിഷമൊരു ഗാന്ധർവ്വമായി….
ഉദയസാക്ഷ്യത്തിൽ കോർത്ത മാലയൊരു വാർമുകിലായി.
ഹോ. ചിന്തനീയം