കിംവദന്തി

 

ഗോപാലേഴ്‌ശൻ ചേറൂരിലെ മറ്റു എഴുത്തശ്ശൻമാരെ പോലെ ഒരു ശരാശരി  എഴുത്തശ്ശനായിരുന്നു. തൃശൂർ മൃഗശാലയിൽ നിന്നും അടുത്തൂൺ പറ്റി സ്വസ്ഥ ജീവിതം തുടങ്ങുന്നതിനു മുൻപാണ് കടുംബ സമേതം ഗുരുവായൂർ പോയി കുളിച്ചു തൊഴാൻ തീരുമാനിച്ചത്‌. ജോലിയിലിരിക്കെ സിംഹം, കടുവ, കരടി തുടങ്ങിയ ഹിംസ്രജന്തുക്കളുടെ സഹവാസം കൊണ്ട് സ്ഥലത്തെ മറ്റു ഏഴ്‌ശൻമാരോടും നായന്മാരോടും നസ്രാണികളോടുമൊക്കെ
നീയൊക്കെ “കൃമി” എന്ന  മനോഭാവമായിരുന്നു. സംഭാഷണ ശൈലി നമ്മടെ സോൾ ഗഡി മോഹനേട്ടനെ പോലെ നീട്ടി പരത്തി, ലോഡ് കേറ്റിയ പാണ്ടി ലോറി കേറ്റം കേറുന്ന പോലെയായിരുന്നു.
കൊച്ചുവെളുപ്പാങ്കാലത്തു തോമസേട്ടന്റെ ചായപ്പീടികയിൽ വന്നാൽ സ്ഥിരം വായ്ത്താരി
“തോമാസേ …ഇരുപത്തഞ്ചു
പൈസയ്ക്ക് …മധുര…സേവക…
കൂടെ കഴിക്കാൻ ..ഒരു.. ചാ..യയും.. ” അങ്ങിനെ പോകും വർത്തമാന വണ്ടി.
ഏഴ്‌ശൻ കടുംബം കുളിച്ചു കുറിയിട്ടു ഭഗവാനെ തൊഴുതിറങ്ങിയപ്പോൾ ഗരുഡനാലിൽ ആലിലയിൽ കൃഷ്ണനെ കാണുന്നു എന്ന കിംവദന്തി വൈൽഡ് ഫയർ പോലെ പരന്നു .എന്നാൽ കാണുക തന്നെ എന്ന് നിരീച്ചു് ആൽച്ചുവട്ടിലെത്തി.
പൂഴിയിട്ടാൽ നിലത്തു വീഴാതെ
ജനത്തിന്റെ തലയിൽ വീഴുന്ന
ആൾകൂട്ടം. തിക്കി തിരക്കി മുന്നിലെത്തി തല ചെരിച്ചും, നേരെയും, തലകുത്തി നിന്നും നോക്കിയിട്ടും ഭഗവാൻ റഡാറിൽ വന്നില്ല. എന്നും നേരെ വാ നേരെ പോ നിലപാടിൽ ഉറച്ചുനിന്നിട്ടുള്ള നീചൻ ഒന്നും കൂടി താഴ്ന്നു ചെരിഞ്ഞു നോക്കി  സ്വന്തം ശൈലിയിൽ ഡയലോഗിന്റെ വിക്ഷേപണം നടത്തി. “ഇവിടെയൊന്നും ..കൃഷ്ണനെ ..കാണുന്നില്ലല്ലോ… ” എന്ന് .പറഞ്ഞു നാവു വായിലിടും മുമ്പേ “ഡേ” എന്ന് മട്ടക്കുറ്റിക്ക് ഒന്ന് കിട്ടി.  ഇൻസ്റ്റന്റ് ആയി കൈ മുകളിലേക്ക് ചൂണ്ടി അടുത്ത ഡയലോഗ്
” ദേ കാണണൂ കൃഷ്ണനെ.”

സംഭവം കേട്ടപ്പോൾ ഡ്രൈവർ ശശി പറഞ്ഞത് അദ്ദേഹം ഒരിക്കൽ കോരണാത്തെ രാശേട്ടയേയും
കുടുംബത്തെയും കൊണ്ട്  ഗുരുവായൂർക്കു് ഓട്ടം പോയപ്പോൾ ഈ “കിംവദന്തിയെ” കിഴക്കേ നടയിൽ ഉള്ള ബാറിന് മുൻപിൽ മുണ്ടും ജുബ്ബയും കൂളിംഗ് ഗ്ലാസ്സും ധരിച്ചു സിഗരറ്റും വലിച്ചു നിൽക്കുന്നത് കണ്ടിട്ടുണ്ട് എന്നും ആളൊരു ഫ്രോഡാണെന്നും
ആണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here