ഓർമ്മയിൽ

 

പ്ലസ്ടൂ കഴിഞ്ഞു ഡിഗ്രിക്ക് ഗവണ്മെന്റിൽ കിട്ടിയിട്ടും ഒരുപാട് ദൂരം പോയിവരാനാകില്ലെന്നു കരുതി പ്രൈവറ്റിൽ ചേരാൻ തീരുമാനിച്ചു.അഡ്മിഷൻ ഫീസിന് ഉപ്പാന്റെ മുന്നിൽ പോയി കൈനീട്ടിയപ്പോൾ കേട്ടതൊരുപാടു ചീത്തയായിരുന്നു.

‘ ഗവണ്മെന്റിൽ പഠിക്കാൻ എത്ര മക്കൾ സ്വപ്നം കാണുന്നുണ്ടെന്നു അറിയുമോ നിനക്ക്, നീയത് എത്ര പെട്ടന്നാണ് വേണ്ടെന്നു വെച്ചിരിക്കുന്നത്? ‘

ശരിയാണ്,
എനിക്കുമത് അറിയാം.
പക്ഷെ ദിവസവും അങ്ങോട്ടുമിങ്ങോട്ടും രണ്ടുമണിക്കൂർ വീതം യാത്ര ചെയ്യാൻ എനിക്കാവില്ലെന്നു തോന്നി, ആകുമെന്ന് കരുതി ഗവണ്മെന്റിൽ തന്നെ പോകാൻ തീരുമാനിച്ചിരുന്നെങ്കിൽ അത്രയും ദൂരം പോകണമല്ലോ എന്ന ചിന്തയിൽ തന്നെ കോളേജിൽ പോകാനെനിക്കു പിന്നീടു മടുപ്പാകുമെന്നും തോന്നി.ഹോസ്റ്റലിൽ നിൽക്കാൻ ഉപ്പയും ഉമ്മയും സമ്മതിച്ചതുമില്ല..
ഇനിയും വൈകിയാൽ പ്രൈവറ്റിലും സീറ്റ് കിട്ടാതെ പോകുമെന്ന് ഭയന്നാണ് പ്രൈവറ്റ് കോളേജിൽ തന്നെ ചേർന്നത്.പക്ഷെ അന്നെനിക്ക് ഉപ്പ ഫീസ് തരാത്തതിനാൽ ‘ ഇനിയെന്റെ ആവശ്യങ്ങൾക്ക് ഉപ്പാക്ക് മുന്നിൽ ഞാൻ കൈനീട്ടില്ലെന്നു ‘ അന്നു തന്നെ ഉറപ്പിച്ചിരുന്നു.

അങ്ങനെ കയ്യിലെ കൈചെയിൻ പണയം വെച്ചാണു ഡിഗ്രിക്ക് കോളേജിൽ ഞാൻ അഡ്മിഷൻ എടുക്കുന്നത്.പക്ഷെ ആറേഴു മാസങ്ങൾ മാത്രമാണ് കോളേജിൽ റെഗുലറായി പോകാൻ സാധിച്ചതു.പിന്നീട് ജോലിയുമായി ബന്ധപ്പെട്ടു സബ്ജയിലിൽ പോയ ഉപ്പാനെ ജാമ്യത്തിലിറക്കാനും, വയ്യാതെ കിടക്കുന്ന ഉമ്മാനെ നോക്കാനുമായുള്ള ഓട്ടത്തിലായിരുന്നു. അതിനിടയിൽ കോളേജിലേക്ക് പോകാൻ സാധിക്കാത്തതിനാലും, പഠനം മുടങ്ങരുതെന്നു കരുതിയും ഡിഗ്രി ഡിസ്റ്റൻസിലേക്ക് മാറ്റി.ജാമ്യത്തിലിറങ്ങിയ ഉപ്പ ഉപ്പാന്റെ നാട്ടിലേക്ക് പോയി, ഉമ്മ ഉമ്മാന്റെ വീട്ടിലും..

എനിക്കു എക്സാം എഴുതണം, പണയത്തിലുള്ള കൈചെയിൻ എടുക്കണം, റെഗുലറായി കോളേജിൽ പോയിരുന്ന ആറുമാസത്തിന്റെ ഫീസും അടക്കണം.അതിനെനിക്കൊരു ജോലി വേണം..

ഗൂഗിളിൽ ഒരുപാട് വേക്കൻസികൾ തിരഞ്ഞു.പക്ഷെ എല്ലാം ബേസിക് കമ്പ്യൂട്ടർ വിവരങ്ങളെങ്കിലും അറിയുന്നവർക്കുള്ള ജോലികളായിരുന്നു.അന്നെനിക്കു അതും അറിയില്ല.

പിന്നെ എനിക്കു പറ്റിയ ജോലി ഏതാണ്?
ഒരുപാട് ചിന്തിച്ചു, ഒരുപാട് പേരോട് ചോദിച്ചു.എല്ലാവരും പറഞ്ഞത് ഒരുത്തരം.

‘ വർക്ക്‌ എക്സ്പീരിയൻസ് ആൻഡ് ബേസിക് കമ്പ്യൂട്ടർ നോളേജ് വേണം ‘

അതാണെങ്കിലോ,
എന്റെ പക്കലന്നു ഇല്ലാത്തതും.

‘ എന്തു ജോലിയാണ് ഞാൻ ചെയ്യുക’

ദിവസങ്ങളോളമിരുന്നു ആലോചിച്ചു. അങ്ങനെയിരിക്കെയാണ് ഒരുദിവസം എനിക്കൊരു ഫോൺ കോൾ വരുന്നത്.
അതെന്റെയൊരു സുഹൃത്തിന്റെതായിരുന്നു.
ഹോം നേഴ്സ് ആണ്..

‘ പാത്തൂ, എനിക്കു അത്യാവശ്യമായി എന്റെ വീട്ടിലൊന്നു പോകണം.ഞാനിപ്പോൾ പാലക്കാടാണുള്ളത്.ഇവിടെ ഒരമ്മയെ നോക്കാൻ വേണ്ടി വന്നതാണ്.പക്ഷെ എനിക്കിപ്പോൾ ഈ ജോലിയിൽ നിൽക്കാൻ പറ്റാത്തൊരു അവസ്ഥയാണ്. നിന്റെ പരിചയത്തിൽ ആരെങ്കിലും ഹോം നേഴ്സ് ആയുണ്ടെങ്കിൽ ഒന്ന് വേഗം അറിയിക്കണം, എനിക്കു പകരം ഒരു ഇരുപതു ദിവസം ഇവിടെ നിറുത്താൻ ആണ് ‘

അതു കേട്ടതും എനിക്കു കിട്ടിയ ഒരു വലിയ അവസരമായി ഞാനതിനെ കണ്ടു,
അവർക്കു പകരം ഞാൻ പോയി നിന്നു.
അങ്ങനെ പാലക്കാട്‌ എത്തി, ഒരു ബ്രാഹ്മണ കുടുംബമായിരുന്നു അത്.അവിടുത്തെ മുത്തശ്ശിയെ നോക്കുക എന്നതായിരുന്നു ജോലി.
രാവിലെ ആറു മണിക്കെല്ലാം മുത്തശ്ശി എഴുന്നേൽക്കും, ബാത്‌റൂമിൽ പോകാനുള്ള പാത്രം ഘടിപ്പിച്ച കസേര അടുത്തു തന്നെയുണ്ടാകും, അതിൽ കയറിയിരിക്കും.
ആദ്യത്തെ ദിവസം മുത്തശ്ശിക്കതിൽ തനിയെ കയറിയിരിക്കാനാകില്ലെന്നു കരുതി പിടിക്കാൻ പോയപ്പോൾ എന്നോട് പറഞ്ഞിരുന്നു,

‘ പിടിക്കേണ്ട, എന്നെക്കൊണ്ട് ആവാതെ വരുമ്പോൾ ഞാൻ പറയാം.ഇപ്പോഴെനിക്കൊരു കുഴപ്പവുമില്ല ‘

അതു കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നിയിരുന്നു.ആ പ്രായത്തിലും (81) മുത്തശ്ശിക്കുള്ള ആത്മവിശ്വാസം ഒട്ടും ചെറുതല്ലായിരുന്നു.പിന്നീട് മുത്തശ്ശിയുടെ ബാത്രൂംപോക്ക് കഴിഞ്ഞാൽ അതു കൊണ്ടുപോയി ക്ലോസെറ്റിലിട്ടു വെള്ളമൊഴിച്ചു, പാത്രം കഴുകി ഒരു സൈഡിൽ വെക്കും.ശേഷം കസേരയോടുകൂടി വലിച്ചു മുത്തശ്ശിയെ കുളിമുറിയിലേക്കു കൊണ്ടുപോകും.

ഇതിനിടയിൽ കരന്റടുപ്പിൽ മുത്തശ്ശിക്കു കുളിക്കാനുള്ള വെള്ളം തിളയ്ക്കുന്നുണ്ടാകും.അതു ബക്കറ്റിലൊഴിച്ചു, കുറച്ചു പച്ചവെള്ളം കലർത്തും.
എന്നിട്ടു മുത്തശ്ശിയുടെ കയ്യിൽ ശരീരത്തിൽ തേച്ചു പിടിപ്പിക്കാനുള്ള ആയുർവേദ എണ്ണയൊഴിച്ചു കൊടുക്കും, പുറത്തു മാത്രമേ ഞാൻ തേച്ചു കൊടുക്കേണ്ടതുള്ളൂ, ബാക്കി ആവുന്നതെല്ലാം മുത്തശ്ശി തന്നെ ചെയ്യും.
കുളി കഴിഞ്ഞാൽ തലയും പുറവും ഞാൻ തുടച്ചു കൊടുക്കും, എന്നിട്ട് മുത്തശ്ശിയെ അതേ കസേരയിൽത്തന്നെ ഇരുത്തി റൂമിലേക്കു വലിച്ചുകൊണ്ട് വരും, അതിനുമുന്നേ തന്നെ പൌഡർ, ചീർപ്പ്, കുപ്പായം, തുണി എല്ലാം ഞാൻ കട്ടിലിൽ എടുത്തു വെച്ചിട്ടുണ്ടാകും.
എല്ലാം കഴിഞാൽ ആ തലയിലിത്തിരി രാസ്‌നാദിപ്പൊടിയും തിരുമ്മി കൊടുക്കും.
ശേഷം മുത്തശ്ശിയുടെയും, എന്റെയും ബെഡ് കവറും, തലയിണക്കവറും, വസ്ത്രങ്ങളുമെല്ലാം സോപ്പു പൊടിയിലിട്ടു വെക്കും, അതിലെ അഴുക്കെല്ലാം ഇളകുമ്പോഴേക്കും ആ റൂം അടിച്ചു, തുടച്ചു വൃത്തിയാക്കി എന്റെ കുളിയും കഴിഞ്ഞു കാണും.പിന്നീടു തുണികളെല്ലാം അലക്കി ടറസിനു മുകളിൽ കൊണ്ടിടും.അലക്കു കഴിഞ്ഞു വരുമ്പോൾ മുത്തശ്ശി രാമായണവും, ഭഗവത് ഗീതയുമെല്ലാം വായിക്കുകയാവും.

അതിനിടയിലേക്കാണ് ഞാൻ മുത്തശ്ശിക്കു കഴിക്കേണ്ട പ്രഭാതഭക്ഷണവുമായി ചെല്ലുക.കൂടുതലും, ദോശയും ചെറുപയർ കറിയും തന്നെയായിരുന്നു അവിടെ.
എനിക്കും, മുത്തശ്ശിക്കും കഴിക്കാനുള്ള പ്രഭാതഭക്ഷണവും, ഉച്ച ഭക്ഷണവും മുത്തശ്ശിയുടെ മരുമകൾ രാവിലെയുണ്ടാക്കി വെച്ച ശേഷമായിരിക്കും ജോലിക്ക് പോകുന്നത്.ഉച്ചഭക്ഷണം കഴിഞ്ഞാൽ ഞങ്ങളൊന്നു കിടന്നുറങ്ങും.വൈകുന്നേരം ഞാൻ മുത്തശ്ശിക്ക് കാപ്പിയുണ്ടാക്കാൻ അടുക്കളയിലേക്ക് കയറുമ്പോഴായിരിക്കും ജോലിക്കാരി ചേച്ചിയുടെ വരവ്.അങ്ങനെ കുറച്ചുനേരം ഞങ്ങളോരോ വർത്തമാനങ്ങളുമായി നിൽക്കും.

മുത്തശ്ശിയുടെ കാപ്പികുടി കഴിഞ്ഞാൽ മനോരമ പത്രമെടുത്തു കയ്യിൽ കൊടുക്കും.അതു മുഴുവനും ഒരക്ഷരം വിടാതെ ഇരുന്നു വായിക്കും, ഞാനും അപ്പുറത്തിരുന്നു വായിക്കുന്നുണ്ടാകും.
ഓരോന്നും വായിച്ചു തീരുമ്പോൾ അതുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊക്കെ മുത്തശ്ശിക്കു പറയാനുണ്ടാകും, കൂടെയൊരു ചിരിയും..
അപ്പോഴൊക്കെയും എനിക്കും പറയാനുണ്ടാകും എന്റെ ഓരോ കഥകൾ, പക്ഷെ ഞാനൊന്നും പറയാറില്ല.കാരണം മുത്തശ്ശിക്കതു കേൾക്കണേൽ ഇത്തിരി ബുദ്ധിമുട്ടാണ്, വലതുചെവിക്കു കേൾവി ശക്തിയില്ല, കേൾക്കണേൽ ഇടതുചെവിയിൽ ഉച്ചത്തിൽ പറയണം.ഞാനതിനു പരമാവധി മെനക്കെടാറുമില്ല.

വൈകുന്നേരം ആറര മണിയായാൽ സ്റ്റിക്ക് വെച്ചു മുത്തശ്ശി ആ മുറിയിൽ തന്നെ അങ്ങോട്ടുമിങ്ങോട്ടും ഒരു അഞ്ചാറു തവണ നടക്കും, ഞാനും പുറകെ നടക്കും.
ക്ഷീണിക്കുമ്പോൾ ‘ ഇന്നിത്ര മതീലെ ‘ എന്നെന്നോട് ചോദിക്കും.’ പോരാ ‘ എന്നു പറഞ്ഞാൽ പിന്നെയും നടക്കും, മതിയെന്ന് പറഞ്ഞാൽ കട്ടിലിൽ ഇരിക്കും. എഴുന്നേൽക്കുമ്പോൾ മാത്രം എന്നോടു കൈതരാൻ പറയും.
എണീറ്റു കഴിഞ്ഞാൽ’ കൈ വേദനിച്ചോ ‘ എന്നൊരു ചോദ്യവും..

മുത്തശ്ശിയുടെ പഴയ ഒരുപാട് ചിത്രങ്ങളുണ്ടായിരുന്നു ആ വീട്ടുഹാളിലെ ചുമരു നിറയെ.അതിലെ പഴയ മുത്തശ്ശിയെ ഞാൻ എത്രയോ നേരം ആസ്വദിച്ചു നിന്നിരിക്കുന്നു.

അങ്ങനെ ഇരുപതു ദിവസങ്ങൾക്കു ശേഷം ഞാൻ അവിടെ നിന്നും ഇറങ്ങുമ്പോൾ മുത്തശ്ശി നിശ്ശബ്ദയായിരുന്നു,
ആരോടും ഒന്നും മിണ്ടുന്നില്ല.
എന്റെ സുഹൃത്തിനു തിരിച്ചു വരാൻ കഴിയാഞ്ഞതിനാൽ തമിഴ്നാട്ടിലെ ഒരു ചേച്ചിയാണ് പകരമവിടെ മുത്തശ്ശിയെ നോക്കാനായി വന്നത്.

അവർക്ക് ഞാൻ മുത്തശ്ശിയുടെ മരുന്നും, വസ്ത്രങ്ങളുമെല്ലാം ഉള്ളയിടവും, മറ്റു കാര്യങ്ങളുമെല്ലാം പറഞ്ഞു കൊടുത്ത ശേഷം ഇറങ്ങാൻ നിൽക്കുമ്പോഴാണ് തമിഴ്നാട്ടിലെ ആ ചേച്ചിയോട് മുത്തശ്ശി ദേഷ്യത്തിൽ സംസാരിക്കുന്നത് കേട്ടത്.മരുന്നു കഴിക്കാൻ തണുത്ത വെള്ളത്തിനു പകരം ചൂടുവെള്ളം കൊടുത്തതായിരുന്നു കാരണം.

‘ നിനക്ക് അറിയില്ലെങ്കിൽ ആ കുട്ടിയോട് ചോദിക്ക്, എന്നിട്ടൊക്കെ നീ എന്നെ നോക്കാൻ നിന്നാൽ മതി ഇവിടെ ‘

അതുകേട്ടു വിഷമത്തോടെ മാറി നിൽക്കുന്ന ചേച്ചിയോട് ഞാൻ പറഞ്ഞു.

‘ സാരല്ല്യ, മുത്തശ്ശി മനസ്സിലൊന്നും വെക്കില്ല.ഞാനും ആദ്യത്തെ രണ്ടുദിവസം ഇതുപോലെ വഴക്കൊക്കെ കേട്ടിട്ടുണ്ട് ‘

സത്യത്തിൽ മുത്തശ്ശിക്കാ ചേച്ചിയെ ഇഷ്ടപ്പെടാത്തതിലുള്ള ദേഷ്യമായിരുന്നില്ല ആ വഴക്കു, ഞാൻ പോകുന്നതിന്റെ സങ്കടമായിരുന്നു.ഇറങ്ങാൻ നേരം അവസാനമായി ഒരുതവണ കൂടി ഞാൻ മുത്തശ്ശിയെ കാണാൻ മുറിയിലേക്കു ചെന്നു.

‘ നിന്നെപ്പോലെ ഇവളെന്നെ നോക്കില്ല ‘

അതു കേട്ടപ്പോൾ എനിക്കു കരച്ചിൽ വന്നിരുന്നു.ഫീസ് കൊടുക്കാനുള്ള പൈസയ്ക്ക് വേണ്ടിയാണു ഞാനവിടെ ചെന്നത്, പക്ഷെ ഇറങ്ങുമ്പോൾ എന്റെ സ്വന്തം മുത്തശ്ശിയെ ഉപേക്ഷിച്ചു വരുന്നതുപോലെ തോന്നി.

പോകാനൊട്ടും മനസ്സുണ്ടായിരുന്നില്ല, എന്നാൽ പോകാതിരിക്കാനും എനിക്കാവുമായിരുന്നില്ല.കാരണം, പരീക്ഷ അടുത്തിരുന്നു അപ്പോഴേക്കും.
ഇറങ്ങാൻ നേരം ഒന്നും പറയാനുണ്ടായിരുന്നില്ല എനിക്കു മുത്തശ്ശിയോട്, കെട്ടിപ്പിടിച്ചൊരു ഉമ്മയല്ലാതെ..

തിരിച്ചെന്റെ കവിളത്തും ഒരുമ്മ തന്നുകൊണ്ടു പറഞ്ഞു,

‘ കല്യാണം കഴിഞ്ഞു ഭർത്താവിനേം കൂട്ടി വരണോട്ടോ എന്നെ കാണാൻ ‘

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English