നോവലിസ്റ്റും കഥാകൃത്തുമായ ശ്രീകണ്ഠൻ കരിക്കകം പങ്കുവെച്ച ഓർമകുറിപ്പ് വായിക്കാം :
മഴക്കാലത്തിനു മുന്നെയാണ് ആ രണ്ട് മനുഷ്യക്കോലങ്ങളും വീട്ടിൽ വരുന്നത്. ചില അവസരങ്ങളിൽ അച്ഛൻ പറയും:
” നിറഞ്ഞില്ല. രണ്ട് ആഴ്ച കൂടി കഴിഞ്ഞ് വാ ….” അവർ അതു കേട്ട് കൈകൾ കൂപ്പി തൊഴും. ഒരു ചായക്കാശിനായി അങ്ങനെ മൺവെട്ടിയും തൊട്ടിയുമായി നിൽക്കും. അവരുടെ കണ്ണുകൾ എന്നും ഉപ്പൻ്റെ (ചകോരം) കണ്ണുകൾ പോലെ ചുവന്നിരുന്നു. അവരുടെ ആടി ആടിയുള്ള നടത്തത്തിന് ആ ജന്മത്തിൻ്റെ മുഴുവൻ ശാപവും ഉണ്ടായിരുന്നു. തോട്ടിപ്പണി ചെയ്തിരുന്ന മനുഷ്യരായിരുന്നു, അവർ.
🌿 അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛൻ അവരെ കക്കൂസ് കോരാൻ സമ്മതിക്കും. അന്നേരം കുട്ടികളായ ഞങ്ങൾക്ക് അങ്ങോട്ടു പോകുവാനോ, അത് കാണുവാനോ ഉള്ള അനുവാദമില്ല!
എന്നാലും അടക്കാനാകാത്ത ആകാംഷയോടെ അമ്മയുടെ കണ്ണുവെട്ടിച്ച് അവിടെ ചെല്ലും.
അന്നേരമാണ് ആ കാഴ്ചകൾ. എന്തൊരു മനുഷ്യരാണിവർ! ഇവർ എങ്ങനെയാണ് ഈ പണിയിലേക്ക് എത്തിച്ചേർന്നത്? ഇത് ചെയ്ത കൈകൾ കൊണ്ട് ഇവർ എങ്ങനെയാണ് ചോറ് വാരി കഴിക്കുന്നത്?ഇങ്ങനെ കുറേ ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലേക്ക് സങ്കടത്തോടെ, ജുഗുപ്സയോടെ വീഴുമായിരുന്നു, ഞാൻ!
🌿 സത്യത്തിൽ വൈകാരികമായ ആ സങ്കടം എൻ്റെ സ്വകാര്യത മാത്രമായിരുന്നു.അവർക്കതൊന്നും ഇല്ലായിരുന്നു.
കക്കൂസിൻ്റെ പിൻവശത്തെ വേലി പൊളിച്ച് അവർ ആദ്യം ഒരു കുഴി എടുക്കും. നല്ല നനവുള്ള വെളുത്ത മണൽ ഒരാൾ താഴ്ചയിൽ വെട്ടി കയറ്റും. അതിനു ശേഷമാണ് ആ അത്ഭുത കാഴ്ച!
അത്രയും ദിവസം ഞങ്ങൾ ശ്രദ്ധിക്കാതെ ഇരുന്ന,മണ്ണ് മൂടി കിടക്കുന്ന ഒരു സ്ലാബിനെ അവർ തൂത്ത് വൃത്തിയാക്കും.അതിൻ്റെ വൃത്താകൃതിയിലുള്ള വശങ്ങളിൽ കമ്പിപ്പാര കൊണ്ട് പതിയെ തട്ടും. അന്നേരം ആ സ്ലാബ് ഇളകും.കുട്ടികളായ ഞങ്ങളുടെ ആകാംഷ അതിൻ്റെ പരകോടിയിലേക്ക് ഉയരുന്ന നിമിഷം! അവർ അത് ശ്രദ്ധിക്കുകയാണെങ്കിൽ, നീങ്ങി നിൽക്കെന്ന് പറയും. അന്നേരമാണ് അതിനുള്ളിൽ നിന്നും ഒരു ഗ്യാസ് പൊന്തുന്നത്!
എന്നാലും അതൊരു കാഴ്ചയാണ്! കുറേ വെളുത്തതും കറുത്തതുമായ പാറ്റകൾ, പഴുതാര, പല്ലി, ഉറുമ്പ്, ഒച്ച് അങ്ങനെ കുറേ ജീവികൾ അവരുടെ സ്വസ്ഥജീവിതം അലങ്കോലപെട്ടതിൽ അസ്വസ്ഥരായി ചുറ്റിലും പായും. അവർ രണ്ടു പേരും അതിനുള്ളിൽ നുരയക്കുന്ന ഒരായിരം വെളുത്തതും കറുത്തതുമായ പുഴുക്കളിൽ ഒന്നായി മാറുന്ന ദയനീയത !!
📌സ്ലാബ് നീക്കിയാൽ ഉടൻ അവരിലൊരാൾ അതിനുള്ളിലേക്ക് കുറേ മണ്ണെണ്ണ ഒഴിക്കും. അന്നേരം അവർ ഞങ്ങളെ വീണ്ടും മാറി നിൽക്കാൻ പറയും. ശാസിക്കും.അന്നേരം മറ്റൊരു ഗന്ധമാണ് ചുറ്റിലും പരക്കുക!
ഇന്നും വല്ലാതെ വേദനിപ്പിക്കുകയും വിടാതെ പിൻതുടരുകയും ചെയ്യുന്ന ആ കാഴ്ച അന്നേരമാണ്! അവർ രണ്ടു പേരും ആ തുറന്ന കക്കൂസ് ഉറകളുടെ മേൽ തൊട്ട് കണ്ണിൽ വച്ച് ഒരു നിമിഷം തൊഴുകൈകളോടെ പ്രാർത്ഥിച്ച് നിൽക്കും! ആ നിമിഷം അച്ഛൻ അലക്ഷ്യമായി ഒരു ദിനേശ് ബീഡിക്ക് തീകൊളുത്തും. രണ്ട് പുക ആഞ്ഞ് വലിക്കും. ഞാനോർക്കും: ഇവർ ഇതേത് ദൈവത്തെയാണ് വിളിക്കുന്നത്?
ഈ ഭൂമിയിലെ ഏത് ദൈവത്തോടാണ് ഇത്രയും വെറുപ്പും അറപ്പും ഉണ്ടാക്കുന്ന ഒരു തൊഴിൽ ചെയ്യുവാനുള്ള അവസരം നൽകിയതിൽ നന്ദി പറഞ്ഞ് പ്രാർത്ഥിക്കുന്നത്? ആ ദൈവത്തിൻ്റെ രൂപം എന്തായിരിക്കും? ആ ദൈവത്തിനെയാണോ ഞാനും വിളിക്കുന്നത്?
🌿 അവർ അന്നേരം ഇറക്കം കുറഞ്ഞ, കറുത്തിരുണ്ട തോർത്തു മാത്രം ധരിച്ചു കൊണ്ട് തൊട്ടികളിൽ മലം കോരി ആദ്യം വെട്ടിയ കുഴികളിൽ നിറയ്ക്കും. ഏകദേശം രണ്ട് മണിക്കൂർ കൊണ്ട് ആ പണി അവർ തീർക്കും. അതിനുള്ളിൽ അവർ ആ ഉറകൾക്കുള്ളിൽ ഇറങ്ങുകയും അടിത്തട്ടോളം ചെന്ന് കൈകൾ കൊണ്ട് കറുത്ത മണ്ണും മലവും ചെളിയുമൊക്കെ കോരി മാറ്റുകയും ചെയ്യും. പിന്നീട് പച്ച തൊണ്ടു കൊണ്ട് വശങ്ങൾ നന്നായി തേച്ചുകഴുകും. ഒരു നിമിഷം നിന്ന് കിതയ്ക്കും. ചുമയ്ക്കും. അച്ഛൻ അവർക്ക് ദിനേശ് ബീഡി കൊടുക്കും. തീപ്പെട്ടിയും. അമ്മ ആ കാഴ്ച കാണുകയാണെങ്കിൽ വഴക്കുറപ്പ്.തീപ്പെട്ടി അവർ പോയ ശേഷം ഒരു കമ്പു കൊണ്ട് തട്ടി അമ്മ ദൂരെ കളയും!
അവർക്ക് ദേഹശുദ്ധി വരുത്തുവാൻ കിണറ്റിൽ നിന്നും വെള്ളം കോരിക്കൊടുക്കുന്നതും അമ്മയുടെ വലിയ ജാഗ്രതയാണ്! കിണർ അവർ തൊട്ട് അശുദ്ധമാക്കാതിരിക്കാൻ!!
കൂലിക്ക് ഒരിക്കലും തർക്കം പറയാതെ അവരെ അച്ഛൻ പറഞ്ഞയക്കും.
അവർ അച്ഛനെ വീണ്ടും തൊഴുത് നിൽക്കും.(എന്തിന്?😡) അടുത്ത തവണ കാണാം, എന്നു പറഞ്ഞ് അവർ മടങ്ങും. ആ കാശിൽ പകുതിലേറെ കള്ള് ഷാപ്പിലേക്കും ചാരായക്കടയിലേക്കും മറിയും. എന്തോ, ആ മനുഷ്യർ ഇതോടെ രക്ഷപ്പെടണേ…. എന്ന് പ്രാർത്ഥിക്കുവാൻ ഒരിക്കലും എനിക്കും തോന്നിയിട്ടില്ല. എനിക്കറിയാം, അടുത്ത മഴക്കാലത്തിനു മുൻപ് വീണ്ടും കക്കൂസ് നിറയും. അത് കോരണം.
” അ” എന്ന നോവലെഴുതുമ്പോൾ ഈ മനുഷ്യരായിരുന്നു, മുന്നിൽ.ഇവരിൽ നിന്നും ഒരു സമൂഹത്തിലേക്ക്……നൂറോളം പേജുകളിലേക്ക്….
എല്ലാം മറന്നാലും, എന്തൊക്കെ മറന്നാലും ആ പ്രാർത്ഥനയുടെ നിമിഷം എന്നും ഒപ്പമുണ്ടാകും! അവർ ഏതു ദൈവത്തെയാണ് വിളിച്ചത്?
“തെറ്റിയും തിരുത്തിയും ഒരു ജീവിതമെഴുത്ത് ” : അനുഭവക്കുറിപ്പുകൾ.
പുസ്തകം ലഭിക്കുവാൻ 160/- രൂപ GPay ചെയ്ത് 094463 93101 എന്ന വാട്സാപ്പ് നമ്പറിൽ വിലാസം അയയ്ക്കുക