അതിശൈത്യകാലത്ത്
ചിതൽ തിന്ന പുസ്തകത്തിൽനിന്നും
രാജിവച്ചിറങ്ങിയ അപ്രകാശിതവും
അപൂർണ്ണവുമായൊരു
വിമത കവിത നിശബ്ദവും യുദ്ധസമാനവുമായ
പ്രണയസ്ഥലികളിൽ വെച്ച്
മഷിവാർന്നു മരിച്ചിരിക്കുന്നു .
പ്രണയത്തിന്റെ ഏതോ
അതിശൈത്യകാലം തൊട്ടു
വിമത കവിതയൊരു ചെമ്മരിയാടായിരുന്നു.
മുറിച്ചു മാറ്റാത്ത രോമവുമായത്
വ്യസനസീമയുടെ ഒടുക്കം
കളഞ്ഞു പോയ മുറിയുടെ
താക്കോൽ കണ്ടെടുക്കുന്നു.
പൊളിഞ്ഞു വീഴാറായ
പഴയ ലോഡ്ജിന്റെ
വാടക തീർപ്പ് കൽപ്പിച്ചാണ്
ഇറങ്ങിപ്പോകുന്നതെന്ന്
വിമത കവിത ഭൂമിയിൽ
അവസാനത്തെ വാക്കിന്റെ
വിത്ത് വിതറി.
പാവങ്ങളുടെ കുടിലുകളിൽ
അപ്രകാശിതമായ വിമത കവിത
കുറച്ചു കാലം താമസിക്കുകയും
ഒടുവിലവിടെ കത്തിക്കാളുമൊരു അഗ്നിയായിത്തീർന്നുവത്രെ.
അന്നപാത്രങ്ങളിലെ തുളകളിലൂടെ
വെയിലിറങ്ങി മഴയിറങ്ങി- നിലാവിറങ്ങിയൊരു
പന്തയം വയ്ക്കുന്നതും
വയറൊരു മൈതാനവും
വിശപ്പൊരു
പന്തയക്കോഴിയാകുന്നതും
കണ്ട് വിമത കവിത സ്വയം ദഹിച്ചു.
പിന്നൊരുനാൾ
പുഴക്കരയിലെ
പാറയിടുക്കുകളിൽ താമസിച്ചു.
വെയിൽ ചുട്ടെടുത്ത
പുഴയുടെ പഴുത്ത നാവിൽ
അവസാനത്തെ വെള്ളമിറ്റുമ്പോൾ
ശബ്ദം വറ്റിയൊരു കിളി,
നാക്ക് വരണ്ടൊരു വരാൽ,
ഉറയഴിച്ചൊരു സർപ്പം,
ദാഹിച്ചുണങ്ങിയൊരു വേര്,
മണ്ണിനെ സ്നേഹിച്ച വിത്ത്,
പുഴയുടെ അവസാന ശ്വാസത്തെ ബലാൽസംഗം ചെയ്തപ്പോൾ അവരെല്ലാം വിമത കവിതയിൽ
മുങ്ങി മരിച്ചു.
വിമത കവിത പുരാണത്തിൽ
ദ്വാരകയിലും മധുരയിലും അയോദ്ധ്യയിലുമായിരുന്നത്രെ.
അയോദ്ധ്യയിൽ ക്രൗഞ്ചമിഥുനമായും
വേടനായും സീതയായും
കാട്ടിൽ പാർത്തു.
മഹാമൗസലങ്ങൾ മുറ്റിവളർന്നപ്പോൾ ദ്വാരകയിൽ വേടന്റെ അമ്പേറ്റ് കൃഷ്ണനെന്ന് പേരുള്ള ഒറ്റയായ
രാജാവ് കൊല്ലപ്പെട്ടിരുന്നു.
പെരുവിരലറ്റ വിമത കവിതയുടെ
മറ്റൊരു പേര് ഏകലവ്യനെന്നും മറ്റൊരിടത്ത് കർണ്ണനെന്നും ഭീമനെന്നും.
ക്രിസ്തു വർഷത്തിൽ ജനിച്ചപ്പോൾ
അവസാനത്തെ അത്താഴത്തിൽ
യൂദാസിനാൽ ഒറ്റു കൊടുക്കപ്പെട്ട
കവിത ഒടുക്കം വിമതനായി കുരിശിലേറ്റപ്പെട്ടു.
പാപം ചെയ്തവരെല്ലാം കല്ലെറിഞ്ഞിട്ടും
മൂന്നാം നാൾ കവിതയുടെ ഉയിർത്തെഴുന്നേൽപ്പിൽ
ലോകം വാഴ്ത്തിപ്പാടി.
വിമത കവിതകൾ
സംഘടിത ശക്തിയായി.