കിളിമഞ്ചാരോയിലെ പ്രണയനിലാവ്

 

” ഹലോ രവി ”
” ഹലോ മനു , ഗുഡ് മോർണിംഗ് ”
” പാർവ്വതിയെ വിളിച്ചിട്ട് കിട്ടുന്നില്ല , ശ്വേത അവിടെ ഇല്ലേ ?
ശ്വേതയോട് എന്തെങ്കിലും പറഞ്ഞിരുന്നോ ”

മനു ചോദിച്ചു

” ഡാ അവള് എന്തെങ്കിലും തിരക്കായത് കൊണ്ട് ഫോൺ എടുക്കാത്തതായിരിക്കും ” രവി പറഞ്ഞു
” പാർവ്വതിയെ വിളിച്ചിട്ടു കിട്ടാത്തത് കൊണ്ട് ഞാൻ അവളുടെ അപ്പാർട്മെന്റിൽ പോയി, അവിടെ ഇല്ല,
ഞാൻ ഇവിടെ ദിവാകരേട്ടന്റെ കടയിൽ ആണ് ഉള്ളത് ,”

മനു ഇടറുന്ന ശബ്ദത്തിലാണ് പറഞ്ഞത്

” ഓ .. ഒരു മിനുട്ട് ശ്വേതയോട് ചോദിക്കട്ടെ ..
ശ്വേതാ …. മനുവാണ് ഫോണിൽ , പാർവ്വതിയെ വിളിച്ചിട്ട് കിട്ടിയില്ല , അപ്പാർട്മെന്റിലും ഇല്ല
നിന്നോടെന്തെങ്കിലും പറഞ്ഞിരുന്നോ ? ”

ഫോൺ കട്ട് ചെയ്യാതെ തന്നെ രവി ശ്വേതയോട് ചോദിച്ചു.
ശ്വേത കിച്ചണിൽ നിന്ന് ഹാളിലേക്ക് വന്നു

” ഇന്നലെ രാത്രി പാർവ്വതി വിളിച്ചിരുന്നു , പ്രത്യേകിച്ചൊന്നും പറഞ്ഞിരുന്നില്ല …
ഫ്ലാറ്റിൽ ഇല്ലെങ്കിൽ അവൾ മരിയ ആന്റിയുടെ അടുത്തുണ്ടാകും , മനുവിനോട് ഒന്നവിടെ അന്വേഷിക്കാൻ പറ രവിയേട്ടാ ”

” മനു , നീ മരിയ ആന്റിയോട് ചോദിച്ചിരുന്നോ ? ” രവി മനുവിനോട് ചോദിച്ചു.

” ഇല്ല , ശ്വേതയോട് ചോദിച്ചിട്ടാകാമെന്നു കരുതി വേറെയാരോടും അന്വേഷിച്ചിട്ടില്ല …
എന്തയാലും മരിയ ആന്റിയെ വിളിക്കട്ടെ ..

അപ്പൊ ശരി … ” മനു പറഞ്ഞു
” ഡാ .. നീ തിരിച്ചു വിളിക്കണം ,…. ഞാനും ശ്വേതയും ഇവിടെ തന്നെ ഉണ്ടാകും ..

പാർവ്വതി അവിടെ ഉണ്ടെങ്കിൽ ഒന്നും പറയാതെ രണ്ടും കൂടി കിളിമഞ്ചാരോയിലേക്ക് മുങ്ങിയേക്കരുത് …
അതാണല്ലോ പതിവ് ” ചിരിച്ചു കൊണ്ട് രവി പറഞ്ഞു.

” ഞാൻ വിളിക്കാം, ഒക്കെ , ബൈ ”
ഫോൺ കട്ടുചെയ്ത ഉടൻ തന്നെ മനു മരിയാന്റിയെ വിളിച്ചു.

” ഹലോ ഗുഡ്മോർണിംഗ് , മരിയാന്റി , ഞാൻ മനുവാണ്, പാർവ്വതി അവിടെ ഉണ്ടോ ? ”

” ഹലോ
മനു ഞാൻ നിന്നെ വിളിക്കാനിരിക്കുകയായിരുന്നു … നീ എവിടെയാ ഉള്ളത് ?
ഇവിടം വരെ ഒന്ന് വാ .. ”
” ഞാൻ ഇവിടെ ദിവാകരേട്ടന്റെ കടയിൽ ആണ് ഉള്ളത് , അങ്ങോട്ട് വരാം ..”
മനു ഫോൺ കട്ട് ചെയ്തു.
” ദിവാകരേട്ടാ , ഞാൻ ഇറങ്ങുന്നു ..”

മനു കാറുമായി നേരെ മരിയാന്റിയുടെ വീട്ടിലേക്ക് തിരിച്ചു.

മനു ജോസ്
കണ്ണൂർ ഇരിട്ടി സ്വദേശിയാണ് , എം കോം കഴിഞ്ഞു ഇരിട്ടിയിലെ ഒരു സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുമ്പോഴാണ് അപ്പൻ ജോസിന്റെ പരിചയക്കാരൻ വഴി വിദേശത്തേക്ക് വിസ ലഭിക്കുന്നത്.

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ കിഴക്കൻ തീരത്തുള്ള ടാൻസാനിയയിലെ ഏറ്റവും വലിയ നഗരമായ ദാർ എസ് സലാമിൽ ജോലി തുടങ്ങിയിട്ട് ഏഴ് വർഷം ആകാറായി. എസ്‌.കെ. പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങളിലൂടെ മലയാളികൾ കണ്ട ആഫ്രിക്കയെ മനു നേരിൽ കാണുമ്പോൾ അവിടത്തെ മലയാളി സാന്നിധ്യം എത്രയോമടങ്ങു വർദ്ധിച്ചിരുന്നു.

പൊതുവെ അന്തർമുഖനായ മനുവിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. താമസ സ്ഥലമായ ഡെലിന അപ്പാർട്മെന്റിലെ 146- ആം ഫ്ലാറ്റിലും ഓഫീസിലും ആയി ഒതുങ്ങിയിരുന്ന മനുവിനെ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മയായ കലാമണ്ഡലത്തിലേക്ക് എത്തിച്ചത് കണ്ണൂർ കാരൻ ആയ സുഹൃത്ത് പവിത്രൻ ആണ്.

പതിയെ പതിയെ കലാമണ്ഡലത്തിലെ പലരുമായി നല്ല സൗഹൃദത്തിൽ ആയി. രവിയും ഭാര്യ ശ്വേതയും ദിവാകരേട്ടനും രാധാകൃഷ്‌ണേട്ടനും മരിയ ആന്റിയുമൊക്കെ കലാമണ്ഡലത്തിൽ നിന്ന് മനുവിന് കിട്ടിയ സ്നേഹ സൗഹൃദങ്ങൾ ആണ്.

മോറി സ്ട്രീറ്റിലെ ഡെലീന അപ്പാർട്മെന്റിൽനിന്ന് സെൻഗ റോഡിൽ ഉള്ള മനുവിന്റെ ഓഫീസ് ആയ ഒപ്റ്റിമ കോർപറേറ്റ് ഫിനാൻസിലേക്ക് ഏതാണ്ട് ഏഴു കിലോമീറ്റർ ദൂരമേ ഉള്ളൂ, അതുകൊണ്ട് തന്നെ ഓഫീസ് സമയം കഴിഞ്ഞാൽ മനു പതിവായി ദിവാകരേട്ടന്റെ കടയിൽ എത്തും. കണ്ണൂർ ജില്ലയിലെ പാനൂർ സ്വദേശിയായ ദിവാകരേട്ടന്റെ കട അവിടത്തെ മലയാളികൾ ഒത്തുചേരുന്ന ഒരിടം കൂടിയാണ്.

ആഫ്രിക്കൻ വംശജരാണ് ടാൻസാനിയയിൽ ഭൂരിഭാഗവും. അറബി, ഏഷ്യൻ , യൂറോപ്യൻ വംശജരും ധാരാളം ഉണ്ട്, ആഫിക്കയിൽ പൊതുവെ പറഞ്ഞു കേൾക്കുന്ന പിടിച്ചുപറിയും കൊള്ളയുമൊക്കെ അൽപം സ്വൽപം ടാൻസാനിയയിലും ഉണ്ട്. ഒരു വീക്കെൻഡിൽ മനു കോകോ ബീച്ചിൽ പോയിവരുമ്പോൾ ഇത്തരക്കാരുടെ ഇടയിൽ പെട്ടുപോയിരുന്നു. പവിത്രനും സുഹൃത്തുക്കളും ആ സമയത്ത് എത്തിയത് കൊണ്ട് മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. അന്ന് തുടങ്ങിയ സൗഹൃദമാണ് പവിത്രനുമായി…
കാപ്പിരികളുടെ നാട്ടിലെ ജീവിതം അങ്ങിനെ പോകുമ്പോഴാണ് ആ വർഷത്തെ കലാമണ്ഡലം വാർഷികാഘോഷം നടന്നത്.

വലിയ കലാകാരന്മാരുടെ സംഘം തന്നെ കേരളത്തിൽ നിന്ന് എത്തിയിരുന്നു. സംഘടകരിൽ ഒരാളായി മനുവും ഉണ്ടായിരുന്നു. അന്നാണ് മനു പാർവ്വതിയെ ആദ്യമായി കാണുന്നത്. രവിയുടെ ഭാര്യ ശ്വേത ആണ് പരിചയപ്പെടുത്തിയത്.

” മനു , ഇത് പാർവ്വതി , രാധാകൃഷ്‌ണേട്ടന്റെ മകൾ ആണ് ”
” ഹലോ ” മനു ഹസ്തദാനത്തിനായി കൈകൾ നീട്ടി
” ഹലോ ” പാർവ്വതി കൈകൾ നീട്ടി
ആ ഹസ്തദാനം ഒരു വലിയ സൗഹൃദത്തിന്റെ തുടക്കമായിരുന്നു.

പിന്നീട് പലവട്ടം മനുവും പാർവ്വതിയും കണ്ടുമുട്ടി , സംസാരിച്ചു , സൊറ പറഞ്ഞു
എല്ലാ ദിവസവും ഫോണിലൂടെ സംസാരിക്കാൻ തുടങ്ങി, ചില ദിവസങ്ങളിൽ മരിയാന്റിയുടെ വീട്ടിൽ ഒത്തിരി നേരം കഥ പറഞ്ഞിരിക്കും. കാഞ്ഞിരപ്പള്ളിക്കാരി മരിയയും ഭർത്താവ് സാമുവേലും വർഷങ്ങൾക്ക് മുൻപേ താൻസാനിയയിൽ എത്തിയവരാണ്. അവരെ അറിയാത്ത മലയാളികൾ ആ പരിസരത്ത് കുറവായിരിക്കും
രാധാകൃഷ്ണൻ ആണ് മകൾ പാർവ്വതിയെ മരിയക്ക് പരിചയപ്പെടുത്തിയത്, രാധാകൃഷ്ണനും സാമുവേലുമൊക്കെ വർഷളായി ഒരു കുടുംബം പോലെ കഴിയുന്നവർ ആണ്.
ഒരമ്മയുടെ സ്നേഹവായ്‌പ്പാണ് ആണ് മരിയക്ക് പാർവ്വതിയോട്. പാർവ്വതിക്ക് തിരിച്ചും അങ്ങിനെ തന്നെ, പാർവ്വതി പ്ലസ് ടു വിനു പഠിക്കുന്ന സമയത്താണ് അമ്മ സൗദാമിനി മരിച്ചുപോയത്. അമ്മയുടെ സാമീപ്യം പലപ്പോഴും മരിയയിൽ നിന്ന് പാർവ്വതിക്ക് അനുഭവപ്പെട്ടു.

മാസങ്ങൾ … വർഷങ്ങൾ .. എത്ര വേഗമാണ് കടന്നുപോയത്.
പാർവ്വതിയും മനുവും അടുത്ത കൂട്ടുകാരായി, അവരുടെ സൗഹൃദ വലയത്തിലെ എല്ലാവരും കരുതിയിരിക്കുന്നത് അവർ തമ്മിൽ പ്രണയത്തിലെന്നാണ്. പക്ഷെ അവർ ഇതുവരെ അതെ പറ്റി തമ്മിൽ സംസാരിച്ചിട്ടില്ല. രാധാകൃഷ്ണനും മരിയയും ഒക്കെ പലവട്ടം ചോദിച്ചെങ്കിലും പാർവ്വതി ഒഴിഞ്ഞുമാറി.
പാർവ്വതിയുടെ വലിയൊരാഗ്രഹമായിരുന്നു കിളിമഞ്ചാരോയിൽ പോകണം എന്നത്, താൻസാനിയയിൽ എത്തിയത് മുതൽ അച്ഛനോട് പറയാറുണ്ടെങ്കിലും പലകാരണങ്ങൾ കൊണ്ടും നടന്നില്ല.

മനു സുഹൃത്തുക്കളുടെ ഒപ്പം പോയിട്ടുണ്ട്, മുകളിൽ കയറിയിട്ടില്ല.
രാധാകൃഷ്ണന്റെ സമ്മതത്തോടെ പാർവ്വതിയും മനുവും യാത്ര പ്ലാൻ ചെയ്തു.

ലോകപൈതൃക പട്ടികയിൽ ഇടം നേടിയതാണ് ടാൻസാനിയയിലെ കിളിമഞ്ചാരോ, 5,895 മീറ്റർ ഉയരമുള്ള ഉഹ്റു ആണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയർന്ന കൊടുമുടി. കിഴക്കുള്ള മാവെൻസി കൊടുമുടി 5149 മീറ്ററും പടിഞ്ഞാറുള്ള ഷിറ 3962 മീറ്ററുമാണ് ഉയരം. പ്രകൃതിയിലെ ഒരു വിസ്മയമെന്നോ അത്ഭുതമെന്നു പറയാവുന്ന സ്ഥലം തന്നെയാണ് കിളിമഞ്ചാരോ എന്ന നിഷ്ക്രിയ അഗ്നിപർവ്വതവും പരിസരവും.

ദാർ എസ് സലാമിൽ നിന്ന് കിളിമഞ്ചാരോയിലേക്ക് 470 കിലോമീറ്റർ ദൂരം ഉണ്ട്, ട്രെയിൻ മാർഗ്ഗം പോകുമ്പോൾ 17 മണിക്കൂർ യാത്ര ചെയ്യണം , വിമാന മാർഗ്ഗമാണെങ്കിൽ രണ്ടു മണിക്കൂർ കൊണ്ടെത്താം .
മനുവും പാർവ്വതിയും ഒരു വ്യാഴാഴ്‌ച ആണ് ദാർ എസ് സലാമിൽ നിന്ന് വിമാന മാർഗ്ഗം യാത്ര തിരിച്ചത്.
പാർക്ക് വ്യൂ ഇന്നിൽ ആണ് റൂമെടുത്തത്. പർവ്വതാരോഹണത്തിനു പോകാതെ തിളങ്ങുന്ന മലനിരയുടെ അടിവാരത്തിൽ അവർ കറങ്ങി , പ്രകൃതി ദത്തമായ പാരിസ്ഥിതിക വൈവിദ്യം ആസ്വദിച്ചു.
അവിടെയെത്തി മൂന്നാമത്തെ ദിവസം നിലാവുള്ള രാത്രിയിൽ ഹോട്ടലിലെ ബാൽക്കണിയിൽ ഇരുന്നാണ് മനു തന്റെ ഇഷ്ടം പാർവ്വതിയോട് പറഞ്ഞത്. കവിളിലൊരുമ്മ നൽകി പാർവ്വതി തന്റെ നഷ്ടപ്രണയത്തെ കുറിച്ച് മനുവിനോട് പറഞ്ഞു.

ഡിഗ്രിക്ക് പഠിക്കുമ്പോൾ സഹപാഠിയായ മുജീബുമായി ഉണ്ടായ പ്രണയവുമെല്ലാം ആ രാത്രി പാർവ്വതി അയവിറക്കി.
കണ്ണൂർ ജില്ലയിലെ തന്നെ ചെമ്പിലോട് ഗ്രാമത്തിലാണ് പാർവ്വതിയുടെ അച്ഛന്റെ വീട്, അച്ഛമ്മയും അച്ഛന്റെ സഹോദരിയും ഭർത്താവും മക്കളുമാണ് അവിടെ താമസം. അമ്മയുടെ അസുഖവും മരണവും പാർവ്വതിയെ വല്ലാതെ ബാധിച്ചിരുന്നു, ജോലി അവസാനിപ്പിച്ച് നാട്ടിൽ വന്ന് സെറ്റിൽ ആകാമെന്ന് ഓരോ വരവിലും അച്ഛൻ പാർവ്വതിയോട് പറയും. പക്ഷെ പിന്നീട് പാർവ്വതിയേയും കൂടെ കൊണ്ടുപോവുകയാണ് രാധാകൃഷ്ണൻ ചെയ്തത്.

അച്ഛനോട് പാർവ്വതി മുജീബുമായുള്ള ഇഷ്ടം പറഞ്ഞിരുന്നു, മകളുടെ ഇഷ്ടത്തിനൊപ്പമായിരുന്നു ആ അച്ഛൻ.
എന്നിട്ടും ….

നിറഞ്ഞ കണ്ണുകളോടെ പാർവ്വതി ഓർക്കാൻ ആഗ്രഹിക്കാത്ത ആ ദിവസത്തെ കുറിച്ച് മനുവിനോട് പറഞ്ഞു.

ഡിഗ്രി ഫൈനൽ ഇയർ ആയപ്പോഴാണ് മുജീബുമായി അടുപ്പത്തിലായത്, മൂന്ന് വർഷം …

പി.ജി.യുടെ അവസാന സെമസ്റ്റർ പരീക്ഷ കഴിഞ്ഞ ദിവസം, ക്യാമ്പസ്സിലെ അവസാന ദിവസം എല്ലാവരും കൂടി ആഘോഷമാക്കി. കുറച്ചു വൈകിയത് കൊണ്ട് താൻ കൊണ്ടുവിടാമെന്ന് മുജീബ് പറഞ്ഞു, അങ്ങിനെ വരുമ്പോൾ ആണ് ചാലയിൽ വെച്ച് മുജീബിന്റെ ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയടിച്ചു അപകടമുണ്ടായത്. നാലു ദിവസം ചാല മിംസ് ഹോസ്പിറ്റൽ ഐ സി യു വിൽ കിടന്നാണ് മുജീബ് പോയത്, ഒരു മാസത്തിനടുത്ത് ഞാൻ ആശുപത്രിയിൽ തന്നെ ആയിരുന്നു.
പാർവ്വതിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല, എങ്ങിനെ എന്ത് പറഞ്ഞു സ്വാന്തനിപ്പിക്കണം എന്നറിയാതെ മനു നിസ്സഹായനായി.

ആ ഷോക്കിൽ നിന്നൊരു മാറ്റത്തിനു വേണ്ടിയാണ് രാധാകൃഷ്ണൻ മകളെ തന്നോടൊപ്പം ടാൻസാനിയയിലേക്ക് കൊണ്ടുവന്നത്.

ആ രാത്രി രണ്ടുപേർക്കും ഉറങ്ങാൻ പറ്റിയിരുന്നില്ല. പുലർച്ചെ എപ്പോഴോ ആണ് മനു ഒന്ന് മയങ്ങിയത്.
ഡോറിൽ തട്ടുന്നത് കേട്ടാണ് മനു ഉണർന്നത്, വാതിൽ തുറന്നപ്പോൾ പാർവ്വതി.

” നീ ഇത്ര വേഗം റെഡി ആയോ ? ഞാൻ എഴുന്നേറ്റതെ ഉള്ളൂ ..” മനു പറഞ്ഞു
” സാരമില്ല , മനു പെട്ടെന്ന് റെഡി ആകൂ … ഇന്ന് രാത്രിയാണ് റിട്ടേൺ അത് മറക്കണ്ട , ഈ പകൽ മുഴുവൻ നമുക്ക് കറങ്ങാം ”

അങ്ങിനെ ഇവരുമൊന്നിച്ചുള്ള ആദ്യ കിളമഞ്ചാരോ യാത്ര അവസാനിച്ചു.
പിന്നീട് പലവട്ടം അവർ കിളിമഞ്ചാരോയിൽ എത്തി
ഒന്ന് രണ്ട് തവണ പർവ്വതാരോഹണത്തിനു മുതിർന്നു
പക്ഷെ പർവ്വതാരോഹകർ താൽകാലികമായി ക്യാമ്പ് ചെയ്യുന്ന ടെന്റായ “കിബോ ഹട്ടിൽ ” വിശ്രമിച്ചു തിരിച്ചിറങ്ങലാണ് പതിവ്.
പർവ്വതാരോഹണം എന്ന ലക്‌ഷ്യം പാർവ്വതി ഉപേക്ഷിച്ചു,
ഒരു തവണ കിളിമഞ്ചാരോയിൽ എത്തിയപ്പോൾ ആണ് മരിയ യുടെ ഫോൺ പാർവ്വതിക്ക് വന്നത്,
രവിയും പവിത്രനും മനുവിനെയും വിളിക്കുന്നുണ്ടായിരുന്നു.

പാർവ്വതിയുടെ അച്ഛൻ രാധാകൃഷ്ണന് ഒരു നെഞ്ചു വേദന , ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്നാണ് അറിയിച്ചത്. അടുത്ത ഫ്ലൈറ്റിന് രണ്ടുപേരും തിരിച്ചു ദാർ എസ് സലാമിലെത്തി, അപ്പോഴേക്കും രാധാകൃഷ്ണൻ വിടപറഞ്ഞിരുന്നു.

മനുവും പവിത്രനും പാർവ്വതിയോടൊപ്പം ഭൗതിക ശരീരവുമായി നാട്ടിലേക്ക് വന്നു. അച്ഛമ്മയുടെ നിർബന്ധം കൊണ്ട് മാത്രമല്ല നാട്ടിൽ അന്തിയുറങ്ങണമെന്നത് അച്ഛന്റെ ആഗ്രമാണ് എന്ന് പാർവ്വതിക്ക് അറിയാമായിരുന്നു.

അച്ഛന്റെ ആഗ്രഹപ്രകാരം കണ്ണൂർ പയ്യാമ്പലം ശ്‌മശാനത്തിൽ ആണ് ഭൗതികദേഹം സംസ്കരിച്ചത്.
മരണാനന്തര ചടങ്ങുകൾ കഴിഞ്ഞതോടെ മനു ഇരിട്ടിയിലേക്കും പവിത്രൻ പയ്യന്നൂരിലേക്കും പോയി.
പ്രായമേറെ ആയ അച്ഛമ്മയുടെ ആ ചെറിയ ശരീരം കെട്ടിപിടിച്ചു പാർവ്വതി ആ ദിവസം മുഴുവൻ കിടന്നു.

ഒരാഴ്ച കഴിഞ്ഞപ്പോൾ മനുവും പവിത്രനും ടാൻസാനിയയിലേക്ക് മടങ്ങി, തിരിച്ചു പോകുന്നിതിന് മുൻപ് അവർ ചെമ്പിലോട് പാർവ്വതിയുടെ വീട്ടിൽ എത്തിയിരുന്നു.
ഓഫീസിൽ രണ്ടാഴ്ച കൂടി അവധി പറഞ്ഞിട്ടുണ്ടെന്ന് പാർവ്വതി പറഞ്ഞു.
ഒരുമാസം പാർവ്വതി നാട്ടിൽ തന്നെ ആയിരുന്നു, വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു തുടങ്ങിയപ്പോൾ അച്ഛമ്മയോടും കുടുംബക്കാരോടും യാത്ര പറഞ്ഞു ടാൻസാനിയയിലേക്ക് തിരിച്ചു.

ഓഫീസിൽ പോകാൻ തുടങ്ങിയതോടെ മനസ്സിന് ചെറിയ ആശ്വാസം ലഭിച്ചത് പോലെ തോന്നി
ജീവിതത്തിൽ ഉണ്ടായ ദുരന്തങ്ങളെ മറക്കാൻ അവൾ പഠിച്ചു തുടങ്ങി.

ദിവസങ്ങൾ … മാസങ്ങൾ കടന്നുപോയി
വീണ്ടും കലാമണ്ഡലത്തിന്റെ വാർഷികം , ദാർ എസ് സലാമിലെ മലയാളികൾ പരിപാടി ഗംഭീരമാക്കാൻ ഒരുക്കങ്ങൾ തുടങ്ങി
പവിത്രനും രവിയും ശ്വേതയും മരിയാന്റിയും സാമുവലച്ചായനും മനുവും പാർവ്വതിയും ഒക്കെ കമ്മിറ്റിയുടെ ഭാഗമായി സജീവമായി പ്രവർത്തിച്ചു.

സിനിമാ താരങ്ങളും ഗായകരും മിമിക്രിക്കാരുമൊക്കെ കേരളത്തിൽ നിന്നെത്തി.
ഗാനമേള നടന്നു കൊണ്ടിരിക്കുമ്പോൾ ആണ് പാർവ്വതി മനുവിനോട് അടുത്ത കിളിമഞ്ചാരോ യാത്ര എപ്പോഴാണ് എന്ന് ചോദിച്ചത് …

പാർവ്വതി പറഞ്ഞോളൂ … താൻ റെഡി ആണെന്ന് മനുവും
കലാമണ്ഡലം വാർഷികാഘോഷവും കഴിഞ്ഞു അടുത്ത വീക്കെൻഡിൽ രണ്ടുപേരും കിളിമഞ്ചാരോയിലേക്ക് വീണ്ടും യാത്രതിരിച്ചു.

” തിളങ്ങുന്ന മലനിര “എന്നാണ് സ്വാഹിളി ഭാഷയിൽ കിളിമഞ്ചാരോ എന്ന വാക്കിന്റെ അർത്ഥം.
കിളിമഞ്ചാരോ മനുവിന്റെയും പാർവ്വതിയുടെയും ഇഷ്ടപ്പെട്ട സ്ഥലം.
” പാർവ്വതി, മുജീബിന്റെ ഓർമ്മകളെ മറക്കണം എന്ന് ഞാൻ പറയുന്നില്ല …
പക്ഷെ തനിക്കൊരു കൂട്ട് വേണം, അത് ഇനിയും വൈകിപ്പിക്കരുത് ”
ഒരു പുഞ്ചിരി മാത്രമായിരുന്നു പാർവ്വതിയുടെ മറുപടി
” പലരും കരുതുന്നത് നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്നാണ് ” മനു പറഞ്ഞു
” അതെ , ഇഷ്ടത്തിലാണ് … അത് കൊണ്ടല്ലേ ഞാൻ മനുവിന്റെയൊപ്പം വരുന്നത് ….

എന്ന് വെച്ച് നാളെ പോയി കല്യാണം കഴിക്കണം എന്ന് പറഞ്ഞാൽ , അതെനിക്കാലോചിച്ചേ തീരുമാനമെടുക്കാൻ പറ്റൂ ..”
മനുവിന്റെ കൈ പിടിച്ചു കൊണ്ടാണ് പാർവ്വതി ഇത്രയും പറഞ്ഞത്
” കളിയാക്കിയതാണോ ? ” മനു ചോദിച്ചു
” അല്ലെടോ , തന്നെയെനിക്ക് ഇഷ്ടാ .. ”
പാർക്ക് വ്യൂ ഹോട്ടലിലെ ബാൽക്കണിയിലേക്ക് ഊർന്നിറങ്ങുന്ന നിലാവിന് പ്രണയത്തിന്റെ ഭാവമാണെന്നു മനുവിന് തോന്നി.
എത്രയോ നാളായി കേൾക്കാൻ കൊതിച്ച കാര്യമാണ് ….
അതവണത്തെ കിളിമഞ്ചാരോ യാത്ര മനുവിന് അത്രയേറെ പ്രിയപ്പെട്ടതായിരുന്നു.

യാത്ര കഴിഞ്ഞു വന്നു രണ്ടു ദിവസം ആയതേ ഉള്ളൂ , മൊബൈലും സ്വിച്ച് ഓഫ് ചെയ്തു ഫ്ലാറ്റും പൂട്ടി പാർവ്വതി എങ്ങോട്ടാണ് പോയത് ? മരിയാന്റിയോട് കാര്യങ്ങൾ അവതരിപ്പിക്കാൻ പോയതായിരിക്കും , തനിക്കൊരു സർപ്രൈസ്സ് ആകട്ടെ എന്ന് കരുതി ഫോൺ ഓഫ് ചെയ്തു വെച്ചതാകും
അങ്ങിനെ ഓരോന്ന് മനസ്സിൽ സങ്കൽപ്പിച്ചു മനു മരിയാന്റിയുടെ വീട്ടിൽ എത്തി, മരിയയും സാമുവേലും മനുവിനെ അകത്തേക്ക് ക്ഷണിച്ചു
” എവിടെ ആളെവിടെ ” മനു ചോദിച്ചു
” മനു കാര്യങ്ങൾ സമാധാനപരമായി എടുക്കണം ” സാമുവേൽ പറഞ്ഞു
അപ്പോഴേക്കും മരിയ ഒരു പേപ്പർ കൊണ്ട് വന്നു , ” നിനക്ക് തരാൻ പാർവ്വതി ഏൽപ്പിച്ചതാണ്, അവൾ പുലർച്ചെയുള്ള ഫ്ലൈറ്റിന് നാട്ടിലേക്ക് പോയി ”

നിന്ന നിൽപ്പിൽ താഴേക്ക് പതിക്കുന്നത് പോലെ തോന്നി , എന്ത് പറയണം , കരയണോ…

ഒന്നും മനുവിന് മനസ്സിലാകുന്നില്ല
വിറയാർന്ന കൈകളോടെ ആ പേപ്പർ തുറന്നു , നല്ല വടിവൊത്ത അക്ഷരത്തിൽ ഉള്ള പാർവ്വതിയുടെ എഴുത്ത് …

” മനു നിന്നെയെനിക്ക് ഒത്തിരി ഇഷ്ടമാണ് , പക്ഷെ കല്യാണം കഴിക്കാൻ കഴിയില്ല …” ഈ വാചകം വായിച്ചു തീർന്നത് ഓർമ്മയുണ്ട് , ബാക്കി അക്ഷരങ്ങളൊന്നും മനുവിന് വ്യക്തമാകുന്നില്ല ,കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ …..
അവൻ ആ സോഫയിലേക്ക് ചാരി കിടന്നു ”
മരിയയും സാമുവലും അവന്റെ അടുക്കലെത്തി തങ്ങളാൽ കഴിയുന്ന രീതിയിൽ സമാധാനിപ്പിക്കാൻ ശ്രമം നടത്തി.

സമയമെടുത്താണ് മരിയ മനുവിനെ കാര്യങ്ങൾ ധരിപ്പിച്ചത്.
മുജീബിനൊപ്പം യാത്ര ചെയ്യുമ്പോൾ ബൈക്ക് അപകടത്തിൽ പാർവ്വതിക്ക് നഷ്ടപ്പെട്ടത് മുജീബിനെ മാത്രമല്ല ,
ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയില്ലെന്നാണ് ഡോക്ടർ അവളോട് പറഞ്ഞത്,

അതുകൊണ്ടാണ് അവൾ കല്യാണത്തിന് തയ്യാറാകാതെ നാട്ടിലേക്ക് പോയത്.
ഒക്കെ പറഞ്ഞു തീരുമ്പോൾ മരിയയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഒരു കുഞ്ഞെന്ന സ്വപ്നത്തിന് പിറകെ പോയി വിജയിച്ചവരുടെയും സ്വപ്നമായി ഇപ്പോഴും ബാക്കി നിൽക്കുന്നവരുടെയും ഒട്ടനവധി അനുഭവങ്ങൾ മനുവിന്റെ മുന്നിലുണ്ട്.

” അതിന് കുഞ്ഞു വേണമെന്നാര് പറഞ്ഞു , അതൊക്ക പിന്നെയുള്ള കാര്യമല്ലേ ?
ഇനി വേണമെങ്കിൽ തന്നെ എന്തൊക്കെ സംവിധാനങ്ങൾ ഇന്നുണ്ട് ”
മനു മരിയയോട് പറഞ്ഞു.

” ഒളിച്ചോട്ടമാണോ പോംവഴി …. ? ”
മരിയയും സാമുവേലും ഒന്നും പറഞ്ഞില്ല
” ജന്മനാ ഉള്ള വൈകല്യങ്ങൾ കാരണവും അപകടങ്ങളുടെ ഭാഗമായും മറ്റു പല പല കാരണങ്ങളാലും ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്ത ഒരുപാട് സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്
അവരെയൊക്കെ ചേർത്ത് പിടിച്ചു സ്നേഹിക്കുകയാണ് മരിയാന്റി ,
അവരൊക്കെ ജീവിതത്തിൽ നിന്ന് ഒളിച്ചോടുകയാണോ വേണ്ടത് ?
എന്തായാലും ഞാൻ പിന്മാറാൻ ഒരുക്കമല്ല ”

മനു ഇതും പറഞ്ഞു അവിടെ നിന്ന് തന്നെ ട്രാവൽ ഏജൻസിയിലേക്ക് വിളിച്ചു നാട്ടിലേക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു.

മരിയയോടും സാമുവലിനോടും യാത്ര പറഞ്ഞിറങ്ങി…

രവിയെ വിളിച്ചു കാര്യം പറഞ്ഞു
പാർവ്വതിയെ കാണാൻ മനു അന്ന് തന്നെ നാട്ടിലേക്ക് വിമാനം കയറി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here