ഔത, നാരായണപിള്ള, കുഞ്ഞഹമ്മദൂട്ടി…

 

 

ചിറകൊടിഞ്ഞുപോയ
നീലക്കുരുവിയുടെ
കൂട് തകർന്നത്
ഒരു വെളുപ്പാൻ കാലത്താണ്

മരണഗീതത്തിൻ്റെ
ഒച്ചയിൽ,
തണുപ്പു പിടിച്ച
പള്ളി മണികൾ
വെപ്രാളത്തോടെ കിലുങ്ങുന്ന
ഒടിഞ്ഞ രാവിലെ,

പള്ളിയുടെ
മച്ചിലിരുന്ന്,

മലമുകളിലെ
ഈറ്റ പുല്ലിൻ്റെ
കുടില് സ്വപ്നം
കാണുന്നു.

കത്തിയെരിഞ്ഞ
ഈറ്റ പുല്ലിൻ്റെ ചൂര്
ഔതയെ ഉറക്കത്തി-
ലെരിക്കുന്നു

പൂരകൊടികൾ
നാട്ടിയ അമ്പല-
മുറ്റത്ത് ഭണ്ഡാരപ്പെട്ടികൾ
കക്കാൻ കാത്തിരിക്കുന്നു.

പതിനായിരം കടം കേറി
മുടിഞ്ഞ

നാരായണപ്പിള്ള.
വെയിലു വേവുന്ന
പാറക്കുന്നിൽ
വേനൽ കാലത്ത്
തൂവൽ പൊഴിക്കാനെത്തുന്ന
വയസ്സൻ
പരുന്തിനെപോലെ

കണ്ണിൽ മരണത്തിൻ്റെ തിളക്കമൊളിപ്പിച്ച
അയാളെ
പൂരകൊടികൾ തൻ്റെ
കുഞ്ഞു കൊടിയെ പോലെ
ഒളിപ്പിച്ചുവെക്കുന്നു

ദറസ്സു വരാന്തയിലിരുന്ന്
കെട്ടിയവളുടെ
തല്ലും തെറിയും കിട്ടിയ
മുഹമ്മദൂട്ടി
സൂഫികളെഴുതിയ
വിലാപകാവ്യങ്ങൾ ഉറക്കെ
ചൊല്ലുന്നു.

സങ്കടപ്പെട്ടിരിക്കുന്ന
ആമ്പൽ കുളത്തിൽ
കാറ്റിൻ്റെശംഖൂതുന്ന
പച്ചിലകളെപോലെ
മുഹമ്മദൂട്ടിയുടെ
ഒടിഞ്ഞ ഇരുപ്പുകണ്ട്
എഴുത്തു മേശകൾക്ക്
ചിരി വരുന്നു.

ഔതയുടെ
വിശപ്പും ദാഹവുമറിയാം,

പള്ളിയിലെ
ഓട് മേഞ്ഞ
കുശിനിക്ക്,

ഉറക്കത്തിൻ്റെ
ആഴമറിയാം
ക്ലാവ് പിടിച്ച
കപ്യാർ മണികൾക്ക്

ഔത ചത്തുപോകുന്ന ദിവസം
പള്ളിമണികൾ നിറുത്താതെ
ശബ്ദിച്ചുകൊണ്ടേയിരിക്കും.

നാട്ടിലെ മരണങ്ങൾ
അറിയിപ്പില്ലാതെ
ദഹിക്കും.

മച്ചിൻ്റെ മേൽകൂര
തണൽ വിരിച്ചു കൊടുക്കും

അത് കായാനായി
കൂടില്ലാത്ത കിളികുഞ്ഞുങ്ങളോടൊപ്പം
കൂടില്ലാത്ത ഔതയും
കർത്താവിൻ്റെ പള്ളി
ഔതയുടെ മാത്രമാകും
കുശിനിയിലെ പലഹാരങ്ങൾ
രഹസ്യമായി
ഔതയും കിളികളും ഒരുമിച്ച്
കൊത്തി തിന്നും.

നാരായണപ്പിള്ളയ്ക്കു വേണ്ടി
ദൈവങ്ങൾ അമ്പലങ്ങളിൽ
നിന്ന് പടിയിറങ്ങും.

അവർ മരക്കൊമ്പു –
കളിലും മൊട്ടക്കുന്നിലെ
ഗുഹകളിലും പോയി
പാർക്കും

കുഞ്ഞഹമ്മദൂട്ടിക്ക്
പ്രേമകഥകൾ
രഹസ്യമായി ചൊല്ലി
കൊടുക്കും

ഹറാമുകൾ മാത്രമുള്ള
ദുനിയാവിനെ പറ്റി
അന്ന് പഠിക്കേണ്ടിവന്ന
കുട്ടികൾ,

അവരുടെ
ഉസ്താദ്
ചെകുത്താനുമായി
പ്രണയത്തിലാണെന്ന്

അതുകൊണ്ടാണ്
ചെകുത്താൻ കഥകൾ
മാത്രം ഉസ്താദ് പാടുന്നത്

രാത്രിയിൽ ,
മതിൽ ചാടുമ്പോൾ
ഔതച്ചായൻ്റെ കാലിൽ
പള്ളി വളപ്പിലെ
ഒരു വള്ളിയും കുടുങ്ങാറില്ല.

വാതിലുകൾ
കിരുകിരാ ഒച്ച എടുക്കാറില്ല

പള്ളി കാക്കുന്ന
കാവൽകാരെ ഉണർത്താറില്ല

അമ്പലത്തിൽ
നാരായണപ്പിള്ളയ്ക്കായി
ദീപങ്ങൾ തെളിയും
ഭണ്ഡാരപ്പെട്ടികൾ
പിള്ളയുടെ ഒഴിഞ്ഞ
വയർ നോക്കി കരയും

ദറസ്സിൻ്റെ മുമ്പിലിരുന്ന്
പടച്ചവളെ പറ്റി കവിതകൾ,

കുഞ്ഞഹമ്മദൂട്ടി എഴുതും

അത് രാത്രിയിൽ
കുട്ടി നക്ഷത്രങ്ങളെ തേടും.

നീലക്കുരുവികൾക്ക് വീണ്ടും
ചിറകു മുളയ്ക്കും

അവ തകർന്ന കൂടുകളെ
മരത്തിലിരുന്ന് പുതുക്കും

ഔതയുടെ പള്ളി
കൂടില്ലാത്ത കുഞ്ഞുങ്ങൾക്ക്
തണൽ വിരിക്കും

അവർക്കു വേണ്ടി
പൂന്തോട്ടങ്ങൾ
തേനുമ്മകൾ സമ്മാനിക്കും.

നാരായണപ്പിള്ളയുടെ
അമ്പലം വിശക്കുന്ന
തെരുവുകള്ളന്മാർക്ക്
വിരുന്ന് ഒരുക്കും.

അമ്പല ദീപങ്ങൾ
സ്വർണ്ണ പതക്കങ്ങളാകും.

അകലെ നിന്ന് പള്ളി
മണിയടിക്കുന്ന സമയത്ത്
അമ്പലങ്ങളിലെ പൂര –
കൊടികളിൽ നനഞ്ഞ കാറ്റ്
വീശുന്ന സമയത്ത്,

കുഞ്ഞഹമ്മദൂട്ടിയുടെ
കവിതകളിൽ
പടച്ചവളുടെ
കണ്ണ് മിഴിയും

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English