1
നിവൃത്തികേട് കൊണ്ട്
നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും
പ്രകൃതിദേവി മൂകമായി ഗ്രഹിക്കും
നിവൃത്തിയാണ്
നിർവൃതിയെന്ന
പരമസത്യം
2
പ്രവൃത്തിയിൽ
സമഗ്രമായി ലീനയാകും പ്രകൃതിദേവി
നിവൃത്തിയിൽ
കുലീനയാകുന്നതെന്തൊരതിശയം
3
പ്രകൃതിയ്ക്കായി ഒരു പ്രണയലേഖനമെഴുതി അയക്കുമ്പോൾ
മേൽവിലാസം കുറിക്കരുത്. ഒരേ ഭോഗവിലാസത്തിന്റെ ഇരുധ്രുവങ്ങളാണല്ലോ അയക്കുന്നയാളും കൈപ്പറ്റുന്നയാളും.
4
വേദനയും നിർവൃതിയും
ആഴമുള്ളതാണെങ്കിൽ
ഞാനിപ്പോഴൊരു ആഴക്കടലിനുള്ളിലാണ്.
പായലിനും പവിഴപ്പുറ്റുകൾക്കുമിടയിൽ
നീന്തിത്തുടിക്കുന്നു …,
സ്വർണ്ണമീനുകൾക്കൊപ്പം!
Click this button or press Ctrl+G to toggle between Malayalam and English