ഇനി വ്യക്തിപരമായ ഒരു അനുഭവംകൂടി ഇവിടെ കുറിക്കട്ടെ. 2010 -12 കാലയളവില്‍ ഞാന്‍ അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. 2011-ല്‍ സംഘടന സംഘടിപ്പിച്ച പ്രൊഫഷണല്‍ സമ്മിറ്റിന്റെ മുഖ്യാതിഥി അന്നത്തെ കെ.പി.സി.സി പ്രസിഡന്റും, ഇന്നത്തെ പ്രതിപക്ഷ നേതാവുമായ ശ്രീ രമേശ് ചെന്നിത്തലയായിരുന്നു. പ്രശസ്ത നടന് പൃഥ്വിരാജിന്റെ അമ്മാവനായ ഡോ. എം.വി പിള്ള ഗ്ലോബല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തില്‍ സ്ഥാപിക്കാനുള്ള ആലോചനാപദ്ധതി അന്നാണ് മുന്നോട്ടുവെച്ചത്. കേരളത്തിന്റെ ആരോഗ്യരംഗത്തും, തൊഴില്‍ രംഗത്തും വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാമായിരുന്ന പദ്ധതി. പക്ഷെ താങ്കളുടെ പാര്‍ട്ടി ഭരിച്ച അന്നത്തെ ആരോഗ്യവകുപ്പ് അന്ന് ആ പദ്ധതി ഗൗനിച്ചില്ല. ആ പദ്ധതിയാണ് ഡോ. എം.വി. പിള്ളയുടെ നിരന്തര ശ്രമം മൂലം കഴിഞ്ഞവര്‍ഷം പിണറായി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ഗ്ലോബല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലോക ആസ്ഥാനത്തുവന്നു പദ്ധതി തുടങ്ങാനുള്ള കരാര്‍ ഒപ്പുവയ്ക്കുകയായിരുന്നു. ജനങ്ങള്‍ ഏല്പിച്ച ഉത്തരവാദിത്വം നിറഞ്ഞ ആത്മാര്‍ത്ഥതയോടെ ചെയ്തുകൊണ്ടാണ് കെ.കെ. ശൈലജ ഇന്ന് ലോകമാകെ ചര്‍ച്ചയാകുന്നതും ശ്രദ്ധനേടുന്നതും. അതില്‍ നമ്മള് അസൂയപ്പെടുകയല്ല, മറിച്ച് അഭിമാനിക്കുകയാണ് വേണ്ടത്. മെയ് 12-നു സി.എന്‍.എന്നില്‍ ജൂലി ഹോളിഗ്സ് വര്‍ത്തും, മന്‍വീണ സൂരിയും ചേര്‍ന്നെഴുതിയ ലേഖനത്തില്‍ അവര്‍ കെ.കെ. ശൈലജയെ വിളിച്ചത് നിപ റാണിയെന്നോ, കോവിഡ് ക്യനെന്നോ അല്ല മറിച്ച്, ‘കോവിഡ് സംഹാരിക’ എന്നാണ്. ഒരുപക്ഷെ ഈ തലമുറയും, വരും തലമുറകളും അവരെ ഓര്‍ക്കുന്നതും ഈ പേരിലായിരിക്കും.
മുല്ലപ്പള്ളിക്ക് ബഹുമാനത്തോടെ അമേരിക്കയില്‍ നിന്നൊരു വിയോജനക്കുറിപ്പ്
(ബിനോയ് തോമസ്)
അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണില്‍ ജീവിക്കുന്ന ഒരു മലയാളിയാണ് ഞാന്‍. എന്റെ കോളജ് പഠനകാലത്ത് താങ്കള്‍ നേതൃത്വം നല്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്റെ പിതാവ് താങ്കളുടെ പാര്‍ട്ടിയുടെ ജില്ലാതല നേതാവുമായിരുന്നു. താങ്കളുടെ പാര്‍ട്ടിയുടെ ഒട്ടനവധി നേതാക്കള്‍ എന്റെ സുഹൃത്തുക്കളുമാണ്. നമ്മള് ബന്ധുക്കളല്ലെങ്കിലും എന്റെ വീട്ടുപേരും മുല്ലപ്പള്ളി എന്നുതന്നെ. ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട്, താങ്കളോട് ബഹുമാനപൂര്‍വ്വം പറയട്ടെ: താങ്കള്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെക്കുറിച്ച് പറഞ്ഞ പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നു. പലവട്ടം എംപിയും, കേന്ദ്രമന്ത്രിയും, രാഷ്ട്രീയക്കാര്‍ക്കിടയിലെ മാന്യനുമായ താങ്കള്‍ക്ക് പറയാന്‍ യോജിച്ച വിശേഷണങ്ങള്‍ അല്ലായിരുന്നു ആ വാക്കുകള്‍.
ഒരുപക്ഷെ താങ്കള്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിനു പിന്നില്‍ രാഷ്ട്രീയവശങ്ങള്‍ ഉണ്ടാകാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പും മനസിലുണ്ടാകാം. പക്ഷെ, ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയെ ആണ് ലോകം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇവിടെ ഭരണപക്ഷമോ, പ്രതിപക്ഷമോ ഇല്ല, മറിച്ച് ലോകം ഒന്നിച്ചുനിന്നു പോരാടിയാല്‍ മാത്രമേ നമുക്ക് ഈ മഹാമാരിയെ അതിജീവിക്കാന്‍ പറ്റുകയുള്ളു എന്ന സത്യം മറക്കരുത്. കേരളത്തിന്റെ കോവിഡ് പ്രതിരോധം ലോകം മുഴുവന്‍ ശ്രദ്ധിക്കുന്നതും, ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതുമാണ്. ബ്രിട്ടീഷ് മാധ്യമങ്ങള്‍ മാത്രമല്ല, അമേരിക്ക അടക്കമുള്ള വിവിധ രാജ്യങ്ങളിലെ പത്ര-ദൃശ്യമാധ്യമങ്ങള്‍ നിരവധി തവണ ഈ വിഷയത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നതുമാണ്. വാഷിംഗ്ടണ്‍ പോസ്റ്റിലും, സി.എന്‍.എന്നിലും (CNN) പ്രസിദ്ധീകരിച്ചുവന്ന റിപ്പോര്‍ട്ടുകള്‍ വായിച്ച്, കേരളം കോവിഡിനെതിരേ ഉയര്‍ത്തിയ പ്രതിരോധത്തെക്കുറിച്ച് അഭിമാനിച്ച പ്രവാസി മലയാളിയാണ് ഞാന്‍. നിപ പ്രതിരോധത്തില്‍ നിന്നും നേടിയ അനുഭവസമ്പത്ത് കോവിഡ് പ്രതിരോധത്തിനു വിഴികാട്ടിയായിരുന്നുവെന്നായിരുന്നു സി.എന്‍.എന്നിന്റെ വിലയിരുത്തല്‍. നിപ പ്രതിരോധത്തിനും കോവിഡ് പ്രതിരോധത്തിനും നേതൃത്വം നല്കി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച വ്യക്തിയാണ് കെ.കെ. ശൈലജ. കേരളത്തിന്റെ മുന്‍ രണ്ട് ആരോഗ്യമന്ത്രിമാര്‍ താങ്കളുടെ പാര്‍ട്ടിക്കാരായിരുന്നു. അവരുടെ പ്രവര്‍ത്തനവുമായി ജനം താരതമ്യപ്പെടുത്തുമ്പോള്‍, അവരിലും എത്രയോ മുകളിലാണ് കെ.കെ. ശൈലജയുടെ സ്ഥാനം എന്നു നാം ആലോചിക്കണം. ഞാന്‍ അടക്കമുള്ള പ്രവാസികള്‍ക്ക്, കേരളത്തിലുള്ള ഞങ്ങളുടെ മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും കാര്യമോര്‍ക്കുമ്പോള്‍ ശൈലജയെപ്പോലുള്ള ഒരു ആരോഗ്യമന്ത്രിയുള്ളത് ഞങ്ങള്‍ക്ക് ആശ്വാസമാണ്. ഒരു വിശ്വാസമാണ്.