വൈകിവന്ന പ്രണയം

 

അറുപതുകളിലേക്ക് കാലൂന്നിയിരിക്കവെ ഒട്ടും പ്രതീക്ഷിച്ചതല്ല, വൈകിയവേളയിലെ ഇത്തരമൊരു ചങ്ങാത്തം. ആരോടും അനുവാദം ചോദിക്കാതെ, ഒരു മുന്നറിയിപ്പുമില്ലാതെ ഒരു ദിവസം ഞാൻ ഉണർന്നെഴുന്നേറ്റപ്പോൾ അതാ മുന്നിലവൾ!

ആരാണെന്നോ, എന്തിനു വന്നുവെന്നോ ഒരു വാക്ക് ചോദിക്കാൻ മുതിരും മുൻപ് ഇരു ചുണ്ടുകളിലും അവൾ അമർന്നു. ശ്വാസം പോലും ഒരു നിമിഷത്തേക്ക് നിലച്ചുവോ എന്നു തോന്നി.

ചുണ്ടടക്കിയുള്ള ചുംബനത്തിനു ശേഷം ചെവികൾക്കു ചുറ്റും അവളുടെ കേശങ്ങൾ ചുറ്റി എന്റെ കാതുകൾ അടുപ്പിച്ചവൾ പറഞ്ഞു.

“ ഇഷ്ടായി… ഒരുപാടിഷ്ടായി…. പോവില്ല, ഞാൻ അടുത്തെങ്ങും വിടുപോവില്ല…”

കണ്ണുകൾ തിരുമ്മി സ്വപ്നം കാണുകയായിരുന്നില്ല എന്നുറപ്പ് വരുത്തി എണീറ്റു. കാതുകളിൽ ചുറ്റിപിണഞ്ഞിരുന്ന അവളുടെ പാർശ്വകേശങ്ങൾ വിടർത്തി അധരങ്ങളിൽ നിന്നവളെ മോചിപ്പിച്ചു കൊണ്ട് എണീറ്റു.

പ്രഭാതകർമ്മങ്ങൾക്ക് ശേഷം ആവി പറക്കുന്ന ഒരു കാപ്പികുടി പതിവാണ്. കോലായിലുള്ള ചാരുകസേരയിൽ പത്രവുമായിരുന്നുള്ള ചായ കുടി അത് വാരാന്ത്യവേളായിലെ തുടക്കമായി മാറിയിരിക്കുന്നു. അന്നും പതിവു മുറക്കായി പോകുമ്പോൾ ദേ പിന്നിൽ നിന്നു ആ പൈങ്കിളി നാദം.

“കാപ്പി കുടിക്കാനാ പോണെ? പോയിട്ട് വരൂ…എനിക്കിഷ്ടല്ല കാപ്പി. അതിന്റെ കറ. എത്ര കഴുകിയാലും എന്റെ ദേഹത്തീന്നു മാറില്ല്യ.. അതോണ്ട് കാപ്പി കുടിക്കാൻ ഞാനില്ല്യ. കാപ്പി കുടി കഴിഞ്ഞാൽ എന്നെ മറക്കല്ലേ…ട്ടോ..

കേട്ടില്ലെന്ന ഭാവത്തിൽ ഞാൻ നടന്നു. ആവി പറക്കുന്ന കാപ്പിയുമായി, അന്നത്തെ പത്രവും തോളത്ത് വെച്ചു കോലായിലെ ചാരുകശസേരയിൽ ചെന്നിരുന്നു. ഒരുവട്ടം കാപ്പി ഊതി കുടിച്ചിട്ട് കോപ്പ താഴെ വെച്ച് പത്രം നിവർത്തിയെങ്കിലും വായനക്ക് ശ്രദ്ധ കിട്ടിയില്ല. കാരണം

“അവൾ തന്നെ”.

മനസ്സിൽ അവളുടെ രൂപം വീണ്ടും തെളിഞ്ഞു. എന്തൊരു മൃദുലത അവളുടെ മേനിക്ക്?

പനിനീർ പുഷ്പം പോലെ സുഗന്ധമണിഞ്ഞ അവളുടെ കേശം എന്റെ ഇരു കാതുകളിലും തൊട്ട് തലോടിയപ്പോൾ ഉണ്ടായ ഒരു തരിപ്പ്.  അതോർക്കുമ്പോൾ തന്നെ മേനി വിറക്കുന്നു. അവളുടെ ചുണ്ടുകൾ എന്നിലേക്കടുപ്പിച്ചപ്പോൾ, അവളുടെ നാസിക മൂക്കിൽ പതിഞ്ഞിരുന്നപ്പോൾ എൻറെ ശ്വാസത്തിനു തന്നെ ചൂടേറിയ പോലെ തോന്നിച്ചു. ഒരു കുളുർമ മുഖമാസകലം.

കണ്ണടയിൽ കോടമഞ്ഞ് പുതപ്പണിഞ്ഞ പോലെ. ആരാണിവൾ? എന്റെ ജീവിതത്തിൽ എന്നെ ഇത്രമാത്രം സ്വാധീനിക്കാൻ അതും ആദ്യ നോട്ടത്തിൽ തന്നെ, ആദ്യസ്പർശനത്തിൽ തന്നെ.

എന്റെ ജീവൻ കാക്കാൻ ഭൂമിയിലേക്കിറങ്ങി വന്ന മാലാഖയോ അതോ ദേവകന്യകയോ? അറിയാതെ പ്രണയം മനസ്സിലൂടെ നുര പതച്ചുയരും പോലെ. പ്രണയിനിയുമായ് താഴ്വാരങ്ങളിലേക്ക് എന്റെ മനസ്സിറങ്ങി.

പ്രണയം തോന്നിയിട്ടുണ്ട് ഈ ജീവനു പലരോടും. പ്രണയിച്ചിട്ടുണ്ട് ഞാൻ എൻറെ ജീവിതത്തിൽ പലപ്പോഴും. കാറ്റിനേയും മഴയേയും മഞ്ഞിനേയും കാടിനേയും മേടിനേയും അരുവിയേയും മണ്ണിനേയും മലരിനേയും പുലരിയേയും പറവയേയും എന്തിനു പുൽനാമ്പിനെപ്പോലും പ്രണയിച്ചിട്ടുണ്ട്.

എന്നാൽ, അന്നൊന്നും തോന്നാത്ത ഒരനുഭൂതി ഇന്ന് ഇവളോട്. ഇവളിൽ കൂടി ഒപ്പിയെടുത്ത ശ്വാസശുദ്ധി ഏറിയത് കൊണ്ടാണോ എന്നറിയില്ല ഹൃദയത്തിൽ രക്തവർണ്ണങ്ങളാണ് നിമിഷം കൊണ്ട് വരച്ചത്.

ആദ്യനാളുകളിൽ ഒരാലസ്യമോ അല്ലെങ്കിൽ ഒരകൽച്ചയൊ ആയിരുന്നു അവളോട്. കാരണം മറ്റൊന്നുമല്ല. സ്വന്തം ജീവിതത്തിലെ സ്വസ്ഥതക്ക് വരുന്ന മാറ്റം. മാറ്റം അതാരുരടേയും ശ്രദ്ധയിൽ പെടും. കാരണം, സ്വപഥത്തിൽ വരുന്ന ഒരപ്രതീക്ഷിത മാറ്റം ആരും പെട്ടെന്ന് ഇഷ്ടപ്പെടില്ല. അത് ഏവരേയും ഒന്നു പരിഭ്രമിപ്പിക്കും. ഗതിയിൽ ഒരു അമാന്തം അനുഭവപ്പെടും. മാറ്റത്തിന്റെ ഗുണദോഷങ്ങൾ മനസ്സിലാവുന്തോറും മാറ്റത്തോടുള്ള അടുപ്പമോ അകൽച്ചയോ നമ്മുടെ ഗതി തീരുമാനിക്കുന്നു. ഇതല്ലേ നമ്മൾ നമ്മുടെ ജീവിതത്തിൽ അനുഭവിക്കുന്നത്. അതു തന്നെയാണെനിക്കും സംഭവിച്ചത്.

ഞാൻ കണ്ടു ലോകത്തിന്റെ മാറ്റങ്ങൾ, ചുറ്റുപാടുകളുടെ മാറ്റങ്ങൾ, സുഹൃദ് വലയത്തിന്റെ മാറ്റങ്ങൾ. എന്തോ ഞാൻ ഒറ്റപ്പെടും പോലെ. ഗൃഹം കാരാഗ്രഹമാവും പോലെ. എനിക്കൊപ്പം അവൾ മാത്രമായ പോലെ. ആ മാറ്റം എന്നെ തളർത്തി. അവളുടെ സാമീപ്യം എന്നിൽ പ്രതീക്ഷകൾ ഉണർത്തി. ഒരു നിലനിൽപ്പിൻറെ വാഗ്ദാനം ഞാനവളിൽ കണ്ടു തുടങ്ങി. അവൾ എന്നിൽ മാറ്റങ്ങൾ ശൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.

ഞാൻ സ്വയം ഞാനല്ലാതായിരിക്കുന്നു. ഞാൻ അവളിൽ മറ്റൊരു ലോകം കണ്ടെത്തിയിരിക്കുന്നു. അവളില്ലാതെ രാവും പകലും എനിക്കില്ലാതായിരിക്കുന്നു. അവളുടെ സാമീപ്യം ഞാൻ ചോദിച്ചു മേടിക്കുവാൻ തുടങ്ങിയിരിക്കുന്നു. പുറം ലോകം ഞാൻ കണ്ടില്ലെന്നു നടിച്ചു. ഇങ്ങിനെ ആയിരുന്നില്ലല്ലോ ഞാൻ? എനിക്കെല്ലാം പുറം ലോകമായിരുന്നു. ആ മാടിവിളികളെയാണോ ഞാനിന്നു തട്ടി അകറ്റുന്നത്? ഞാൻ കണ്ണടച്ചെങ്കിലും പുറം ലോകം ഏറെ മാറിയിരിക്കുന്നു. വാർത്തകളിൽ പ്രളയം, സമൂഹത്തിൽ കണ്ണീർ ധാര, മനുഷ്യരുടെ സ്വപ്നങ്ങൾ ആ കണ്ണീർ ധാരയിൽ ഒഴുകി മറയുന്നു. ലോകം മുഴുവൻ രോഗബാധിതർ. കോവിഡിൻറെ പടക്കയറ്റം. അണികൾ വെട്ടേറ്റു വീഴുന്നു. ആരേയും പുറമെ കാണാതായിരിക്കുന്നു. മനുഷ്യന്റെ വില ആദ്യമായ് മനുഷ്യർ മനസ്സിലാക്കുന്നു. ബന്ധങ്ങളുടെ വില അവനാദ്യമായി അറിയുന്നു. എന്നാൽ , ഞാൻ ആ സമയമൊക്കെയും ആകെ അറിഞ്ഞത് അവളെ മാത്രം.

അങ്ങിനെ അവളും ഞാനും ഒന്നായലിഞ്ഞു രാവും പകലും പങ്കിട്ടു. എന്റെ സ്വപ്നങ്ങൾ എനിക്കൊപ്പം അവളും പങ്കിട്ടു.

സ്വപ്നങ്ങൾക്കപ്പുറത്തേക്കുള്ള ലോകത്തിൽ ഞങ്ങൾ ആറാടി. ഏറെ കാതങ്ങൾ ഒന്നിച്ചു ആലിംഗബദ്ധരായ് നീങ്ങി. പല രാഗങ്ങൾ ഒന്നിച്ചു പാടി, ഏറെ ചിത്രങ്ങൾ ഒന്നിച്ചു വരച്ചു , ഏറെ നേരം മൗനമായി, പറഞ്ഞതിലേറെ പറയാൻ, വാക്കുകൾ ഏറെയെന്നറിഞ്ഞു , പ്രേമിച്ചു ഞങ്ങൾ ജീവിതം നോക്കി പറഞ്ഞു… ജീവിക്കാനിനിയും ബാക്കിയെത്ര ജീവിതം.

ഞാൻ ജീവിതത്തിലാദ്യമായ് ഒന്നറിഞ്ഞു. സത്യത്തിൽ പ്രണയിച്ചിട്ടില്ല  ഇന്നോളം. കരുതിയത് വേറെയായിരുന്നെങ്കിലും. പ്രണയിച്ചു ഞാനവളെ, പ്രണയമെന്തെന്നവൾ കാട്ടിത്തന്നപ്പോൾ.

കാലം മാറിമറഞ്ഞു. വന്നണയേന്ന ആ ദിവസം അവസാനം വന്നണഞ്ഞു. ഞാൻ ഉരുകി ഇല്ലാതായ ദിവസം. ക്ഷീണം കൊണ്ടു അന്നു അല്പം താമസിച്ചാണ് എണീറ്റത്. കണ്ണു തുറന്ന് അല്പനേരം കിടക്കയിൽ തന്നെ കിടന്നു. ആരുടേയോ സാമീപ്യം നഷ്ടപ്പെട്ട പോലെ ഒരു തോന്നൽ. അതേ അവളെവിടെ? എന്തെ അവൾ ഇന്നു വന്നില്ല? എന്നെ തൊട്ട് വിളിച്ചു എന്നും എണീപ്പിച്ചിരുന്നത് അവളായിരുന്നല്ലോ? ഇന്നെന്തു പറ്റി അവൾക്ക്?

ഞാൻ എണീറ്റ് ഉമ്മറത്തേക്ക് ചെന്നു. ഇല്ലല്ലൊ അവൾ അവിടെ ഒന്നും ഇല്ലായിരുന്നു. അവൾ ഒളിച്ചിരുന്നു കണ്ടിട്ടുള്ള എല്ലാ മുറിയിലും ഞാൻ തിരഞ്ഞു. കണ്ടില്ല. പരിഭ്രമത്തോടെ ഫോണിന്റെ അരികിലേക്ക് ഞാൻ നടന്നു. അപ്പോഴാണ് ടീപ്പോയിൽ പത്രമിരിക്കുന്നത് കണ്ടത്. പത്രം ശ്രദ്ധിക്കാൻ കാര്യമുണ്ട്. എന്തോ വലിയ അക്ഷരത്തിൽ  തലക്കെട്ടായി എഴുതിയിരിക്കുന്നു..

പത്രം കൈയ്യിലെടുത്തു വായിച്ചു. നിശ്ചലനായി നിൽക്കാനെ കഴിഞ്ഞുള്ളു. ശ്വാസം നിലക്കും പോലെ. നിൽപ്പുറക്കാത്ത പോലെ. വീഴാതിരിക്കാൻ അടുത്തുള്ള സോഫയിൽ പിടിച്ചു. അപ്പോൾ കാണാനിടയായി. ടീപ്പോയിൽ ടി.വി. റിമോട്ട്. അതെടുത്ത് ടിവി ഓൺ ചെയ്തു. വാർത്ത നോക്കി. എല്ലാ ചാനലിലും തന്നെ അമ്പരിപ്പിച്ച അതേ വാർത്ത. ലോകത്തിൽ അവശേഷിച്ചവർക്കായുള്ള അറിയിപ്പ്.

പ്രധാന വാർത്ത! രാജ്യത്തെ കോവിഡ് നില ഏറെ കുറഞ്ഞിരിക്കുന്നു. ഇനി ആറടി അകൽച്ച നിയമം വേണ്ട. അത് റദ്ദാക്കി. അതു പോലെ ഇനി “മാസ്ക്” ധരിക്കണ്ട. കൈയ്യിൽ നിന്നും അറിയാതെ റിമോട്ട് താഴെ വീണു പോയി. മസ്തിഷ്കത്തിൽ ഇടിവെട്ടേറ്റത് പോലെ! സത്യാവസ്ഥയും, കാര്യഗൗരവവും ഞാൻ മനസ്സിലാക്കാൻ തുടങ്ങുകയായിരുന്നു. “വൈകി വന്ന എൻറെ പ്രണയിനി, എന്റെ മാസ്ക് എന്നെ വിട്ട് പോയിരിക്കുന്നു”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleബുക്കർ പുരസ്കാരം ഷെഹാൻ കരുണതിലകെയ്ക്ക്
Next articleഡോ. സ്‌കറിയ സക്കറിയ അന്തരിച്ചു
ജന്മനാല്‍ കപിലനൊരു ബ്രാഹ്മണന്‍. എന്നാല്‍ ഇന്നോ? ജീവിതത്തിന്‍റെ വഴിത്തിരുവുകളില്‍ അണിയിക്കപ്പെട്ട വിഭിന്ന മതാനുഷ്ഠാനങ്ങള്ക്ക് പാത്രീഭൂതനായി ജനിച്ച മണ്ണിന്റെ ഗന്ധം വെടിഞ്ഞു ഒരു പ്രവാസിയായി മാറിയ വെറുമൊരു മനുഷ്യജന്മം! ഈ ഇതളുകളിലെ സ്പന്ദനങ്ങള്‍ മാത്രം നികുഞ്ചത്തില്‍ ബാക്കി! ഒന്നുമാത്രം തോൾസഞ്ചിയിൽ നഷ്ടപ്പെടാതെ ഇത്രയും നാൾ കൊണ്ടു നടന്നു. എന്റെതെന്നു പറയാൻ എനിക്കിന്നും അവകാശപ്പെടുന്ന മഴിതീരാത്ത എന്റെ മഷിക്കുപ്പിയും, മഴിത്തണ്ടും പിന്നെ കുറേ എഴുത്തോലകളും. അക്ഷരാഭ്യാസം ശുദ്ധമായി തന്നെ അഭ്യസിപ്പിച്ച ആചാര്യന്മാരെ മനസ്സിൽ ധ്യാനിച്ച് വരദാനമായി കിട്ടിയ മഷിത്തണ്ടിൽ ബാക്കിയുള്ള മഷിത്തുള്ളികൾ ചാലിക്കുമ്പോൾ ഉതിരുന്ന അക്ഷരചിന്തകൾ ഇതാ എന്റെ എഴുത്തോലകളുടെ ഇതളുകളായി ഇവിടെ, മനസ്സിൽ കണ്ടത് മറക്കാതിരിക്കുവാൻ വേണ്ടി മാത്രം......

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English