ഒരു ദേശം കഥ പറയുന്നു – 41

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

 

അധ്യായം നാൽപ്പത്തി ഒന്ന്:

 

 

 

 

 

 

 

 

മേശപ്പുറത്തു കുടിക്കാനായി വച്ചിരുന്ന വെള്ളമെടുത്ത് മുഖം കഴുകി കര്‍ചീഫുകൊണ്ടു തുടച്ചപ്പോഴേ എനിക്കാശ്വാസം വന്നുള്ളു.

” സാറേ പേടിക്കേണ്ട ഒന്നും പറ്റിയിട്ടില്ല”

അഞ്ചു മിനിറ്റു മേശപ്പുറത്തു കിടന്ന പേപ്പെറെടുത്ത് വീശി ഒട്ടൊരൊശ്വാസം കിട്ടിയതോടെ അവര്‍ക്ക് സംസാരിക്കാമെന്നായി.

ഇവിടെ വേറാരും ഇല്ലാത്ത സ്ഥിതിക്ക് ഇവരെ ഇങ്ങനെ തനിച്ചാക്കി പോകുന്നത് ശരിയോ എന്നായി അടുത്ത സംശയം. മാത്രമല്ല എങ്ങനെ പോകും? ഇവിടെ നിന്ന് ഇന്‍സ്പക്ഷന്‍ ബംഗ്ലാവിലേക്ക് പത്തു പന്ത്രണ്ടു കിലോ മീറ്റര്‍ ദൂരമെങ്കിലും ഉണ്ട്. ബസില്ലാത്ത അവസ്ഥയില്‍ നടന്നു വേണം പോകാന്‍ അതും മങ്ങിയ വെളിച്ചത്തില്‍ ചില ഭാഗത്ത് പോസ്റ്റില്‍ ലൈറ്റില്ലാത്തതുകൊണ്ട് കുറ്റാക്കൂട്ടിരുട്ടത്തു വേണം നടക്കാന്‍. റോഡിന്റെ രണ്ടു സൈഡിലും നോക്കെത്താ ദൂരത്തെന്ന പോലെ തലപൊക്കി നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ രാത്രി സമയം തരുന്നത് ഭീകരാവസ്ഥയായിരിക്കും.

അല്പ്പം സംസാരിക്കാമെന്നായപ്പോള്‍ ടീച്ചര്‍ തന്നെ വിഷയമെടുത്തിട്ടു.

‘സാറിനെ ബുദ്ധിമുട്ടിച്ചതില്‍ വിഷമമുണ്ട് അങ്ങേര് അച്ഛനേയും അമ്മയേയും കൊണ്ടു പോയത് സാറു വരുന്നതിനു തൊട്ടു മുന്നേയാണ്. അമ്മക്കു സുഖമില്ല. നാട്ടിലേതെങ്കിലും ആശുപത്രിയില്‍‍ പോണം. നല്ല ഡോക്ടറെ കാണണം. അപ്പോള്‍ തിങ്കളാഴ്ചയും വരില്ല. സാറിനെ ക്ഷണിച്ച കാര്യം ഞാന്‍‍ പറഞ്ഞില്ല. വല്ല ഉടക്കും പറയുമോ എന്നോര്‍ത്തിട്ടാ പറയാത്തെ. ഇവിടെ വരുമ്പോള്‍ നേരിട്ടു കാണൂമ്പോള്‍ പറയാമല്ലോ എന്നു കരുതി. എല്ലാം എന്റെ തെറ്റ്. മനപൂര്‍വമല്ല അങ്ങനെ വന്നു പോയി പൊറുക്കണം’

ഒന്നും മിണ്ടാതെ കുറെ നേരം ഇരുന്നു. എന്തു വേണം? എങ്ങോട്ടു പോകണം? ഇവിടെ കുറച്ചു ദൂരെ മാറിയുള്ളത് കുറെ ലേബര്‍ ലൈനുകളാണ്. അവരോടു പറഞ്ഞിട്ടു കാര്യമില്ല. സ്റ്റാഫ് ക്വേര്‍ട്ടേഴ്സ് ഒരു കിലോമീറ്റര്‍ ദൂരെ ഓഫീസിനടുത്തും. വിശ്വസിച്ച് പറയാനും പെരുമാറാനും പറ്റിയ ആരുമില്ല.

]’ സാറെതായാലും ഭക്ഷണം കഴിക്കു. ഒന്നും മനപൂര്‍വമല്ലന്നു കരുതു ഈ കൂരിരുട്ടത്ത് എങ്ങും പോവണ്ട’

ടീച്ചര്‍ അടുക്കളയില്‍ പോയി ഭക്ഷണം മേശപ്പുറത്തു വച്ചതോടെ ഇനി കഴിച്ചേ ഒക്കൂ എന്നായി. സുകുവിനോട് ഇനി ഇന്നു വരില്ല എന്ന് അറിയിക്കാന്‍ പറ്റില്ലല്ലോ എന്ന വിഷമം ഇല്ലാതില്ല.
എങ്കിലും രാത്രി വരെ കാത്തിരുന്നിട്ടു കണ്ടില്ലെങ്കില്‍ സുകു ഭക്ഷണം ഡൈനിംഗ് ടേബിളില്‍ വച്ചിട്ട് ക്വേര്‍ട്ടേഴ്സിലേക്കു പോകും. ഇപ്പോള്‍ രാത്രി ഒമ്പതു മണിയോടടുക്കുന്നു. ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ടീച്ചറേയും കുറെ നിര്‍ബന്ധിക്കേണ്ടി വന്നു ഒപ്പമിരിക്കാന്‍.

ഡൈനിംഗ് ടേബിളിലിരുന്നപ്പോള്‍ തന്നെ അവരുടെ മുഖത്തെ വിഷം മാറി കുറച്ചു മുമ്പ് തറയില്‍ വീണു ബോധം കെട്ട അവസ്ഥയൊക്കെ മാറിക്കഴിഞ്ഞു. പ്രസന്നഭാവമാണെന്നു പറയാം.

ഭക്ഷണം കഴിഞ്ഞതോടെ അവര്‍ തന്റെ പ്രാരാബ്ധങ്ങളെ പറ്റി പറഞ്ഞു തുടങ്ങി.

” ജഗന്നാഥന്‍ സാറിന്റെ കാര്യം പറയണ്ട, ആ മനുഷ്യനു എങ്ങനെ പെരുമാറണമെന്നറിയില്ല. ഇപ്പോഴും കൂടെയുള്ള സില്‍ബന്ധികളെ കൂട്ടീയുള്ള പോക്കുണ്ട്. പണ്ടത്തെ അത്ര ഇല്ല എന്നു മാത്രം ”

”ഇതിനൊക്കെയുള്ള പൈസ എവിടെ നിന്നു കിട്ടുന്നു” ?

”പഴയ പോലെ ഓഫീസില്‍ നിന്നും കാശെടുത്ത് മറിക്കാന്‍ പറ്റില്ല. എങ്കിലും എവിടെയോ ചില വെട്ടിപ്പുകള്‍ നടത്തുന്നുണ്ട്. അല്ലാതെ എവിടെ നിന്നും കിട്ടും? സ്റ്റോര്‍ പര്‍ച്ചേസിംഗ് ബില്ലുകള്‍ വെരിഫിക്കേഷന്‍ നടത്തേണ്ട സമയം കഴിഞ്ഞു. അതിലൊക്കെ വേദനപ്പെടുത്തുന്നതു നിര്‍ണ്ണായ ഘട്ടത്തില്‍ സഹായിച്ച ഈ മനുഷ്യനെ തിരിഞ്ഞു നോക്കുന്നില്ല എന്നതിലാണ്’

” കുട്ടികളെയും കൊണ്ടാണു നാട്ടില്‍ പോയിരിക്കുന്നത് അവര്‍ക്ക് നല്ല ഡ്രസില്ല എന്നവര്‍ പറഞ്ഞ് തുടങ്ങിയിട്ട് മാസങ്ങളെറെയായി അവിടെയാരോടെങ്കിലും കുറെ പൈസ മറിച്ച് റെഡിമെയിഡ് എന്തെങ്കിലും മേടിച്ചു കൊടുക്കാനാണ് മനസിലിരുപ്പ് എന്ന് തോന്നുന്നത്. വീട്ടിലും സ്കൂളീലും യൂണിഫോം ഡ്രസ് എത്ര നാളത്തേക്കിടാന്‍ പറ്റും?’

ഇത്രയുമായതോടെ അവര്‍ കരയാന്‍ തുടങ്ങി. അവരുടെ ഈ കരച്ചില്‍ കണ്ടതോടെ ഇവിടെ നിന്നും രക്ഷപ്പെടാന്‍ എനിയെന്തു വഴി എന്നാണാലോചിച്ചത്. പക്ഷെ ഈ ഇരുട്ടത്ത് എങ്ങോട്ടു പോകാന്‍?
രാവേറെ ചെല്ലുന്നു. എസ്റ്റേറ്റിലെ നൈറ്റ് വാച്ചേഴ്‍സ് ബൗണ്ടറിയിലൂടെ കാട്ടുമൃഗങ്ങളെ ഓടിക്കാന്‍ വേണ്ടിയുള്ള പാട്ട കൊട്ടലും ഒച്ച വയ്പ്പും മാത്രമേ കേള്‍ക്കാനുള്ളു. ഭീകരത നിറഞ്ഞ ഒരിരുട്ട് എല്ലായിടത്തും. രാത്രി ഈ ക്വേര്‍ട്ടേഴ്സില്‍ കഴിച്ചു കൂട്ടണമല്ലോ എന്ന അവസ്ഥയിലാണു ഞാന്‍.

എന്തെല്ലാം മനക്കോട്ടകളായിരുന്നു. ഒരു റേഡിയോ, ക്വേര്‍ട്ടേഴ്സിലും വീട്ടിലും കുറെ പുതിയ ഫര്‍ണിച്ചറുകള്‍, പിന്നെ ബാങ്കിലൊരു ചെറിയ തോതിലാണെങ്കിലും ഒരു ഫിക്സഡ് ഡെപ്പോസിറ്റ് എല്ലാം തകിടം മറിഞ്ഞു.

ഒരു കൂപ്പു ലോറിയുടെ ശബ്ദം ദൂരെ നിന്നു കേള്‍ക്കാം നാളെ രാവിലെ അതിര്‍ത്തിയിലെ മരം വെട്ടിയത് കൊണ്ടു പോകാന്‍ ഇപ്പോഴേ വരുന്ന വണ്ടിയാണ് പുറത്തേക്കുള്ള വാഹനമായിരുന്നെങ്കില്‍ അതില്‍ കയറി പോകാമായിരുന്നു.

ദൂരെ എവിടെ നിന്നോ കാട്ടു കോഴിയുടെ ചിലക്കല്‍. ഏതോ പട്ടിയുടെ ഓളിയിടല്‍. ഐബിയില്‍ ഇരിക്കുമ്പോഴും ഇതൊക്കെ ധാരാളം അനുഭവിച്ചിട്ടുള്ളതാണ്. പക്ഷെ അന്നവയൊന്നും ഭീതിദായകമായിരുന്നില്ല.

‘ സാറിനു അങ്ങേരുടെ മുറിയില്‍ ഇന്നു കൂടാം ‘ മേശപ്പുറത്തിരുന്ന റാന്തലിന്റെ വെളിച്ചം മങ്ങിയതോടെ ഇനിയവിടെ ഇരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു തോന്നി. ടീച്ചര്‍ റാന്തെലെടുത്ത് മുറിയിലേക്കു കടന്നതോടെ പിന്നാലെ പോകുകയേ നിവര്‍ത്തിയുള്ളു.

കട്ടില്‍ ചൂണ്ടി കാണിച്ചതോടെ വിളക്കണഞ്ഞു.

‘ മണ്ണെണ്ണ തീര്‍ന്നു ഇനിയിപ്പോള്‍ ഈ പാതിരാക്കു എവിടെയാണു വച്ചിരിക്കുന്നത് എന്നു നോക്കി തിരിയാന്‍ പറ്റില്ല. സാറേതായും ഇവിടെ കൂടിക്കോ ‘

‘അപ്പോള്‍ ടീച്ചറൊ ?’

‘അവിടെയെങ്കിലും കൂടും അതോര്‍ത്ത് വിഷമിക്കേണ്ട ഇങ്ങനെയൊക്കെ ബുദ്ധി മുട്ടിച്ചതില്‍ വിഷമമുണ്ട് എല്ലാം പൊറുക്കണം’

ടീച്ചര്‍ മുറിയില്‍ നിന്നും പോയെന്നു ബോദ്ധ്യമായപ്പോള്‍‍ കിടക്കയില്‍ കയറി കിടന്നു കണ്ണുകളടച്ചു വല്ലവന്റെയും കട്ടിലും കിടക്കയും. നല്ല ക്ഷീണം ഇതൊക്കെ ആലോചിച്ച് ഈ തണുപ്പത്ത് അവിടെ വരാന്തയിലിരിക്കുന്നതിലും ഭേദമാണ് ഇവിടെ.

പയ്യെ പയ്യെ കണ്ണുകളടഞ്ഞു ഇപ്പോഴും നൈറ്റ് വാച്ചേഴ്സ് പാട്ട കൊട്ടുന്ന ശബ്ദം ചെവിയിലേക്ക് അരിച്ചെത്തുന്നു. അതിനൊരു താളം വന്നതു പോലെ ആ താളത്തിലേക്ക് മനസ് ഊളിയിട്ടു.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English