എല്ലാ യാത്രയും പോലെ ഒരു ഓട്ടപ്രദക്ഷിണം തന്നെയായിരുന്നു മംഗലാപുരം യാത്രയും. ദിവസവും നാഗർകോവിൽ മഗലാപുരം ഏറനാട് എക്സ്പ്രസ് കാണുമ്പോൾ ഓർക്കും,ഒരിക്കൽ മംഗലാപുരത്ത് ഒന്ന് പോകണം.അങ്ങനെ രണ്ട് ദിവസം അവധി ഒത്തു വന്നപ്പോൾ പിന്നെ മാംഗ്ളൂർ എന്ന മംഗലാപുരത്ത് തന്നെ പോകാൻ തീരുമാനിച്ചു.അതിനടുത്തുള്ള ഉള്ളാൾ എന്ന തീർത്ഥാടന കേന്ദ്രം സന്ദർശിക്കണമെന്നതും മനസ്സിലെ വലിയൊരു ആഗ്രഹമായിരുന്നു.
ഏറനാട് എക്സ്പ്രസ്സ് ഡേ ട്രെയിനായതിനാൽ സ്ലീപ്പർ കോച്ചുകളില്ല,അതു കൊണ്ട് സെക്കൻറ് ക്ളാസ്സ് ബുക്ക് ചെയ്തു.
രാവിലെ 8.30ന് എറണാകുളത്തു നിന്ന് കയറി വൈകുന്നേരം 5 മണിയായപ്പോൾ മംഗലാപുരത്തെത്തി. എപ്പോഴും ചെയ്യുന്നതു പോലെ ആദ്യം താമസിക്കാൻ നല്ലൊരു ലോഡ്ജ് കണ്ടു പിടിക്കുകയായിരുന്നു ലക്ഷ്യം..അധികം അലയാതെ തന്നെ നല്ലൊരു ലോഡ്ജ് കിട്ടി.
വൈകുന്നേരം പോകാൻ ഉള്ളത് മംഗലാപുരം കടപ്പുറമാണ്.ചായയും കുടിച്ച് നേരെ അങ്ങോട്ട് വിട്ടു,.ഭക്ഷണത്തിന്റെ കാര്യത്തിൽ തമിഴ് നാട്ടിലെ പോലെ അത്ര പ്രശ്നങ്ങളൊന്നുമില്ല എന്നത് എടുത്തു പറയണം.നല്ല കേരള ഭക്ഷണവും ബിരിയാണിയുമൊക്കെ കിട്ടുന്ന ഹോട്ടലുകൾ ഉണ്ടെന്നറിഞ്ഞപ്പോൾ തന്നെ ആശ്വാസമായി.മംഗലാപുരത്ത് കുറെ നാൾ താമസിച്ചിരുന്ന അനുജന്റെ നിർദ്ദേശങ്ങൾ പല കാര്യങ്ങൾക്കും ഉപകാരപ്രദമായി.
വർണ്ണ മനോഹരം തന്നെയാണ് മംഗലാപുരം പനമ്പൂർ ബീച്ച്. ഇന്ത്യയിലെ ഏറ്റവും വൃത്തിയും സുരക്ഷയും ഉള്ള ബീച്ചുകളിൽ ഒന്നാണ് പനമ്പൂർ ബീച്ച്.അറബിക്കടലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ബീച്ചിൽ ജെറ്റ് സ്കൈ റൈഡ്,ബോട്ടിംഗ്,വാട്ടർ സ്കൂട്ടർ,കുതിര സവാരി തുടങ്ങി സന്ദർശകരെ ആകർഷിക്കുന്ന നിരവധി വിനോദങ്ങളുണ്ട്.വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ജനസഞ്ചയത്തിന്റെ ആഹ്ളാദഭരമായ കൂടിച്ചേരലിൽ ഞങ്ങളും കണ്ണികളായി. കുതിര സവാരിയും സ്പീഡ് ബോട്ട് സർവീസും. പോലെയുള്ള റൈഡുകൾ കണ്ടിടുള്ളത് നേരത്തെ നമ്മൾ കണ്ടത് കണ്ണൂരിലെ പയ്യാമ്പുറം കടപ്പുറത്താണ്,അവിടെ പാരച്യൂട്ട് റൈഡിംഗും കണ്ടു.അങ്ങനെ വിവിധ വിനോദങ്ങളിൽ ആഹ്ളാദപൂർവ്വം പങ്കെടുക്കുന്ന ആളുകളെ കൗതുക പൂർവ്വം നോക്കി നിന്നു..
പനമ്പൂർ ബീച്ചിൽ നടത്തറുള്ള ബീച്ച് ഫെസ്റ്റിവലും കൈറ്റ്സ് ഫെസ്റ്റിവലും പ്രശസ്തമാണ്.എങ്കിലും ഈ ബീച്ചിന്റെ സൗന്ദര്യവും വൃത്തിയും കണ്ടപ്പോൾ ആലപ്പുഴ കടപ്പുറം ഓർമ്മയിൽ വരാതിരുന്നില്ല..സ്വന്തം നാടായതു കൊണ്ടു മാത്രമല്ല ഇത്ര നീളത്തിൽ വൃത്തിയോടെയും സൗന്ദര്യത്തോടെയും നീണ്ടു കിടക്കുന്ന കടപ്പുറമാണ് ആലപ്പുഴ.കൊച്ചി വികാസം പ്രാപിക്കുന്നതിന് മുമ്പ് വാണിജ്യ കേന്ദ്രം കൂടിയായിരുന്നു ആലപ്പുഴ.
പഴമയുടെ പ്രൗഡിയും പേറി നിൽക്കുന്ന ആ കടൽപ്പാലവും തീരവും .എത്രയോ കപ്പലുകൾ അടുത്തിരുന്ന കടൽത്തീരമാണ്..50 വയസ്സിനപ്പുറമുള്ള ഇന്നും പ്രൗഡിയോടെ ആലപ്പുഴയുടെ വെളിച്ചമായി നിൽക്കുന്ന കപ്പലുകൾക്ക് രാത്രിയിൽ ദിശ കാണിച്ചിരുന്ന ലൈറ്റ് ഹൗസിൽ ഒരിക്കൽ കേറിയത് ഓർക്കുന്നു.കറങ്ങി കറങ്ങി തല കറങ്ങുന്നതു പോലെ തോന്നിയിട്ടും കാലുകൾ വേദന എടുത്തിട്ടും എത്ര ശ്രമകരമായിട്ടാണ് മുകളിൽ വരെ ചെന്നതും അവിടെ നിന്ന് കടപ്പുറവും നഗരവും നോക്കി കണ്ടതും.. എങ്ങനെ മറക്കാനാണ്.
അടുത്തു തന്നെയുള്ള മംഗലാപുരം പോർട്ടിലേക്ക് കപ്പലുകൾ വരുന്നതും പോകുന്നതും ഇവിടെ നിന്നാൽ കാണാം.മനോഹരമായ അസ്തമയമാണ് മംഗലാപുരം കടപ്പുറത്തെത്..സൂര്യന്റെ വർണ്ണിമയാർന്ന ദൃശ്യം മൽസരിച്ച് മൊബൈലിൽ പകർത്തിയത് ഇപ്പോഴും ഓർക്കുന്നു.
മംഗലാപുരത്തെ പ്രശസ്തമായ സിറ്റി സെൻട്രൽ മാളിലേക്കായിരുന്നു പിന്നത്തെ യാത്ര.നന്നേ തിരക്കുള്ള മാളിൽ വിവിധ നിലകളിൽ വിവിധ സഥാപനങ്ങൾ കൗതുകത്തോടെ നോക്കി കണ്ടു. പോയ സമയത്ത് നമ്മുടെ നാട്ടിലെ ലുലു മാളൊന്നും തുടങ്ങാത്തതു കൊണ്ട് അന്ന് ആ മാൾ സന്ദർശനം പുതുമയുള്ള കാഴ്ച്ച തന്നെയായിരുന്നു.അതു പോലെ നമ്മളുടെ ആദ്യ മൈസൂർ സന്ദർശനത്തിന്റെ സമയത്തായിരുന്നു, ലോ ഫ്ളോർ ബസ്സുകളിൽ ആദ്യമായി കയറുന്നത്.പിന്നീട് അത് നമ്മുടെ നാട്ടിൽ സാധാരണമായി.
രാത്രി മാളിൽ നിന്നു തിരിച്ചു വരുന്ന വഴി അനിയൻ പറഞ്ഞു തന്ന പ്രശസ്തമായ ഒരു ദർഗ്ഗയും സന്ദർശിച്ചു,പ്രാർത്ഥിച്ചു.എപ്പോഴും പ്രാർത്ഥനകൾ മത്രമാണ് ചില സമയത്ത് നമ്മുടെ ഏക ആശ്രയം എന്നത് അനുഭവമാണല്ലോ?അവിടെ 101 രൂപ നേർച്ചയിട്ട് പ്രാർത്ഥിച്ചാൽ ആഗ്രഹ സഫലീകരണമുണ്ടാകുമെന്നാണ് വിശ്വാസം.
അതിനു ശേഷം ഒരു ഓട്ടോയിൽ താമസസ്ഥലത്തേയ്ക്ക്.മര്യാദക്കാരനായ ഓട്ടോ ഡ്രൈവർ.എവിടെ ചെന്നാലും ഓട്ടോ ഡ്രൈവർമാരുടെ സ്വഭാവം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.നമ്മുടെ നാട്ടിലായാലും പലരും മനുഷ്യപ്പറ്റുള്ളവരാണെങ്കിൽ ചിലർ മനുഷ്യരെ കണ്ടില്ലാത്തതു പോലെ പെരുമാറുകയും ചെയ്യും.
കുറച്ചു നാൾ മുമ്പ് നാട്ടിൽ വെച്ച് ബസ്റ്റാന്റിൽ വന്ന് അടുത്തുള്ള സ്ഥലത്തേയ്ക്ക് ഓട്ടം വിളിച്ചപ്പോൾ ഡ്രൈവർക്ക് അത്ര രസിച്ചില്ല.’’ചില്ലറയുണ്ടല്ലോ അല്ലേ’’
‘’ഉണ്ട്..’’ ഉണ്ടാകുമെന്ന വിശ്വാസത്തിൽ പറഞ്ഞു.അവിടെ ചെന്ന് നോക്കുമ്പോൾ കൃത്യം ചില്ലറയില്ല, 30 രൂപ ഓട്ടത്തിന് 50 രൂപ കൊടുത്തപ്പോൾ ഡ്രൈവറുടെ ഭാവം മാറി.അദ്ദേഹം എന്നെപ്പറയാത്ത ചീത്തയില്ല.
സർക്കാർ ജീവനക്കാരനാണെന്നും തൊഴിൽ വകുപ്പിലാണ് ജോലിയെന്നൊന്നും ഞാൻ പറയാൻ പോയില്ല ’’ഇനി മേലാൽ എന്റെ വണ്ടിയിൽ കയറിപ്പോകരു’’തെന്ന സ്നേഹമസൃണമായ ഉപദേശം തന്നു വിടുമ്പോൾ പഴയ നമ്പൂതിരിക്കഥയാണ് ഓർമ്മ വന്നത്.
ഒരാൾ നമ്പൂതിരിയെ പട്ടി,പന്നി എന്നൊക്കെ വിളിച്ചപ്പോൾ തിരിച്ച് നമ്പൂതിരി ‘’കുമ്പളങ്ങ,വഴുതനങ്ങ എന്നൊക്കെ വിളിച്ചു.ഇതു കേട്ടയാൾ ചോദിച്ചു,അതെന്താ നമ്പൂതിരീ, ചീത്ത വിളിച്ചതിന് പകരം ഇങ്ങനെയൊക്കെ
പറഞ്ഞത്.നമ്പൂതിരി ചിരിച്ചു കൊണ്ട് പറഞ്ഞു,’’അവൻ തിന്നുന്നത് അവൻ പറഞ്ഞു. നോം തിന്നുന്നത് നോമും പറഞ്ഞു.’’ എനിക്കു തോന്നുന്നു ,ഈ നമ്പൂതിരിയുടെ സമീപനം നമ്മൾ സ്വീകരിച്ചാൽ അടിപിടി മുതൽ കൊല പാതകം വരെ എത്ര പ്രശ്നങ്ങൾ ജീവിതത്തിൽ ഒഴിവാക്കാൻ കഴിയുമെന്ന്?
വാർത്തകൾ വായിക്കുമ്പോൾ തോന്നാറുണ്ട്,എത്ര നിസാര തർക്കങ്ങളുടെ പേരിലാണ് മനുഷ്യർ തമ്മിലടിക്കുകയും ജീവൻ വരെ കളയുകയും ചെയ്യുന്നതെന്ന്.എല്ലാവർക്കും ക്ഷമിക്കാനുള്ള കഴിവ് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കാനല്ലെ നമുക്ക് കഴിയൂ.എങ്കിലും എത്ര നല്ല ഡ്രൈവർമാരെ യാത്രകളിൽ പരിചയപ്പെട്ടിരിക്കുന്നു എന്നതാണ് സമാധാനം,നല്ലവരും ചീത്തയും എല്ലാത്തിലും ഉണ്ടല്ലോ എന്നോർത്ത് സമാധാനിക്കാം. പലതും ഓർത്ത് ലോഡ്ജിൽ എത്തിയതറിഞ്ഞില്ല,അടുത്തു തന്നെയുള്ള ഹോട്ടലിൽ കയറി ബിരിയാണി കഴിച്ചു,നാടിന്റെ ഓർമ്മകളുണർത്തുന്ന സ്വാദിഷ്ടമായ ബിരിയാണി.
പിറ്റേന്ന് രാവിലെ ബസ്സിൽ ഉള്ളാളിലേയ്ക്ക്.അവിടെ പ്രശസ്തമായ ദർഗ്ഗ സന്ദർശിച്ചു,ആത്മീയ ലോകത്ത് കുറച്ചു നേരം. വർഷം തോറും നടതി വരുന്ന ഉള്ളാൾ ഉറൂസ് മതസൗഹാർദ്ദത്തിന്റെ സന്ദേശം കൂടിയാണ്. ഹൈന്ദവ സഹോദരങ്ങൾ മുൻ കയ്യെടുത്ത്ാരി,പച്ചക്കറി,ആട്,നാളികേരം തുടങ്ങിയ ഉൾപ്പെട്ട കലവറ നിറയ്ക്കൽ ഘോഷയാത്രയായി ഉറൂസിന് വേണ്ട ഭക്ഷ്യ ധാന്യങ്ങൾ സയ്യിദ് മദനി അന്ത്യ വിശ്രമം കൊളുന്ന ഉള്ളാൾ ദർഗ്ഗയിലേക്ക് എത്തിക്കാറുണ്ട്.പ്രാർത്ഥനകൾക്കു ശേഷം തിരിച്ച് മംഗലാപുരത്തേയ്ക്ക്.ഇനി കറങ്ങാനൊന്നും സമയമില്ല ട്രെയിൻ കയറാനായി നേരെ മംഗലാപുരം റെയിൽവേസ്റ്റേഷനിലേക്ക്..ഏറനാട് പോകും മുമ്പ് സ്റ്റേഷനിലെത്താനുള്ള തിടുക്കത്തിൽ പോകുമ്പോൾ ഹൃസ്വമെങ്കിലും അവിസ്മരണയീമായ മംഗലാപുരം യാത്രയുടെ അനുഭൂതി മനസ്സിൽ നിറഞ്ഞു നിന്നു.
Click this button or press Ctrl+G to toggle between Malayalam and English