ഈ കാലയളവിലാണ്
അയർലണ്ടിലെ ഒബ്ലേറ്റ്സ് ഒരു കാര്യം ആവശ്യപ്പെട്ടത്. ല്സോത്തോയിലെ പള്ളിവക സ്കൂളുകളുടെ വിദ്യാഭ്യാസനിലവാരത്തെക്കുറിച്ച് ഒരു പഠനം നടത്തണം.
അപ്പോഴേക്കും വർഷങ്ങൾ പോയതറിയാതെ ഞാൻ ഒഴുകുകയായിരുന്നു. 2016 ഏപ്രിലിലാണ് ഞാൻ PhD എടുത്തത്. അതേ കാലത്ത് തന്നെ ഒബ്ലേറ്റ്സ് ഈ നിർദ്ദേശം വച്ചു. ല്സോത്തോയിലെ കത്തോലിക്കാപള്ളി വക സ്‌കൂളുകളെക്കുറിച്ച് ഒരു പഠനം വേണം. അതിനു പ്രധാന കാരണം, പള്ളി സ്‌കൂളുകളിൽ നിന്നും സഹായം ആവശ്യപ്പെട്ടുകൊണ്ട് കുറെയേറെ അപേക്ഷകൾ വരുന്നുണ്ടായിരുന്നു. പള്ളി വക സ്‌കൂളുകളുടെ വിദ്യാഭ്യാസനിലവാരം അക്കാദമികമായി ഗവേഷണം ചെയ്‌താൽ അയർലണ്ടിലെ ഒബ്ലേറ്റ്സ് ഇവർക്കനുകൂലമായി തീരുമാനങ്ങൾ എടുക്കുവാൻ സഹായകമാകും.
ഞാൻ കളത്തിൽ ഇറങ്ങി. വെറുതേയങ്ങു സമ്മതിച്ചാൽ പോരാ. വെല്ലുവിളി ഏറ്റെടുക്കാൻ തീരുമാനിച്ചു. എളുപ്പമായിരുന്നില്ല ഈ ഗവേഷണം.
ആദ്യം ഒരു ടീം ഉണ്ടാക്കണം. ടോണിയോടും മാഥോട്ടിനോടും ചോദിച്ചു, കൂടെ നിൽക്കുമോന്ന്. പിന്നല്ലാതെ. എന്റെ പ്രിൻസിപ്പലിനോടും വിവരം പറഞ്ഞപ്പോൾ, മുണ്ടും മടക്കി അദ്ദേഹം ഇറങ്ങി. പള്ളിയുടെ സമ്മതം കിട്ടും, അവർക്കു വേണ്ടിയാണല്ലോ ഈ ഗവേഷണം. പക്ഷേ, സ്കൂൾ സെക്രട്ടറിയേറ്റിന്റെ ഓഫീസ് ആണ് അനുവദിക്കേണ്ടതും. അതൊരു കടമ്പയാണ്. അതിനു പ്രധാനകാരണം കാത്തോലിക്കാ വിദ്യാഭ്യാസവകുപ്പിന്റെ സെക്രട്ടറിയേറ്റിലെ മൈക്രോപൊളിറ്റിക്സ് തന്നെയാണുതാനും. ഏതായാലും ബിഷപ്പുമാർ നല്ല പ്രോത്സാഹനം തന്നു. ഒപ്പം ഫാദർ ചാർളിയും. സർക്കാർ വിദ്യാഭ്യാസവകുപ്പും കൂടെയുണ്ട്.
അങ്ങനെയാണ് മിസ്യൻകാര (Misean Cara) എന്ന വലിയൊരു സ്ഥാപനവുമായി ബന്ധപ്പെട്ടത്. ഇത്തരുണത്തിൽ പ്രത്യേകം ഓർമ്മിക്കേണ്ട ഒരു വ്യക്തിത്വമാണ് ആൻഡ്രിയ (Andrea Cortemiglia). ഇറ്റലിയാണ് അദ്ദേഹത്തിന്റെ മാതൃദേശം. മിസ്യൻകാരയുടെ നിർദ്ദേശപ്രകാരം ആൻഡ്രിയ എന്നെ സന്ദർശിച്ചു. ഞാൻ മസേറുവിലെ ഒബ്ളേറ്റ്സുമായി ഒരു കൂടിക്കാഴ്ച ഏർപ്പാട് ചെയ്തു. കൂടെ ന്റാറ്റെ മൊയ്‌ല്വയും ഫാദർ ചാർളിയും ഉണ്ട്.
വിശദമായി എന്റെ പ്ലാൻ ഞാൻ അവതരിപ്പിച്ചു. ല്സോത്തോ ഒബ്ലേറ്റ്സ് എന്റെകൂടെ കട്ടക്ക് നിന്നു. ആൻഡ്രിയക്കും എന്നെ ‘ക്ഷ’ പിടിച്ചു. ഇന്ന് എന്റെ നല്ലൊരു സുഹൃത്താണ് ആൻഡ്രിയ.
ഈ പ്രൊജക്റ്റ് ഭംഗിയായി നീങ്ങി.
ഹൈസ്കൂൾ, പ്രൈമറി സ്കൂൾ തലത്തിലെ നാല്പതോളം സ്‌കൂളുകളെ പഠിക്കുവാൻ തീരുമാനമായി. ആ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അധ്യാപകർ, അവരുടെ തലവന്മാർ, പ്രിൻസിപ്പൽമാർ എന്നിങ്ങനെ പല വിഭാഗത്തിലുള്ളവർക്കായി ചോദ്യാവലികൾ തയ്യാറാക്കി.
എന്നെ സഹായിക്കുവാൻ ഒരു ടീം ഉണ്ടാക്കിയെടുത്തു. അവരുടെ കീഴിൽ ഡാറ്റ സ്വീകരിക്കുവാൻ തൊഴിൽ ഇല്ലാതെ നിൽക്കുന്ന പത്തോളം യുവ അധ്യാപകരെ തിരഞ്ഞെടുത്തു. അവർക്ക് പ്രത്യേകം ട്രെയിനിങ്, വർക്ഷോപ് എല്ലാം കൊടുത്ത് പല ഘട്ടങ്ങളിലായി പല സ്കൂളുകളിലേക്ക് പറഞ്ഞുവിട്ടു. ഏറെ ദൂരം സഞ്ചരിച്ചു ഡാറ്റ ശേഖരിക്കണം, അതിന്റെ തെളിവടക്കം സെൽഫോണിൽ ശേഖരിക്കണം. റിപ്പോർട്ട് ഡോക്യുമെന്റ് ആക്കി എഴുതിത്തരണം, അങ്ങനെ ഒരുപാട് കാര്യങ്ങൾ വിവരശേഖരണത്തിന്റെ ഭാഗമായി ഈ ഗവേഷണത്തിൽ അടങ്ങിയിട്ടുണ്ട്.
ഏതായാലും ഗവേഷണത്തിന്റെ ground work ഭംഗിയായി കഴിഞ്ഞു. ഇനി വിവരങ്ങൾ ക്രോഡീകരിച്ചു വ്യാഖ്യാനം ചെയ്യണം. എന്നിട്ട് അത് പലർക്കും വിശദീകരിക്കണം.
എല്ലാം ഭംഗിയായി നടന്നു. ആർച്ച്ബിഷപ്പ് സന്തുഷ്ടനായി. ഈ വിവരങ്ങൾ സ്‌കൂളുകളുടെ നല്ല നടത്തിപ്പിനായി പല സ്കൂൾ മാനേജ്മെന്റുകളുമായും പങ്കുവച്ചു. പ്രിൻസിപ്പൽമാരുമായി പ്രത്യേകം വർക്ഷോപ്പുകൾ ഏർപ്പാട് ചെയ്തു. മിസ്യൻകാരയുമായി നല്ല ഒരു ബന്ധം രൂപീകരിച്ചു.
ഈ ഒരു ഗവേഷണംകൊണ്ട് മറ്റൊരു പ്രയോജനം എനിക്കുണ്ടായി. ടോണി മുഖേന, ഇവിടെക്ക് മറ്റൊരു ഗവേഷണം കൂടി എത്തി.
Super