മഴുവെറിഞ്ഞുണ്ടായ നാട്ടിൽ
ഇന്ന് മേലേക്ക് ഒരു കല്ല് വിട്ടാൽ
ഗ്രാവിറ്റി കണക്കുപ്രകാരം വസ്തു വീഴുക ഏതു ഹെഡിലാകും?
നിങ്ങൾ പറയും ഏതെങ്കിലും ഒരു ബംഗാളിയുടെ തലേലെന്ന്
ഞാൻ പറയും ഏതെങ്കിലും ഒരു കവിയുടെ ശിരസ്സേലെന്ന്
ബൈ ദി ബൈ, കവിത ഐ സി യു വിലാ
കൂട്ടിരിപ്പുകാരൻ കവി എവിടെ
അവൻ എ അയ്യപ്പനായോ?
വിത്ത് വിതയുണ്ട് കവിതയിൽ
മഴവില്ലുണ്ടു കവിതയിൽ
കണ്ണീരും കിനാവുമുണ്ട് കവിതയിൽ.
പകൽ മഴവില്ല് കണ്ടാൽ
രാത്രി സ്വപ്നം കാണാം ഏഴു നിറങ്ങളെ!
സ്വയം വിതയ്ക്കുന്നവൻ മുഴുക്കവി
കൊയ്യുന്നോൻ അരക്കവി
ഏറിവന്നാൽ മുക്കാൽ……
വിതയ്ക്കും കാലം പഠിക്കാം
കൊയ്യും കാലം പഠിപ്പിക്കാം
തണുപ്പ് കാലം പ്രണയിനിയോട് ഈരടികൾ ചൊല്ലി
സിരകളെ ചൂടാക്കാം!
കവിതയുണ്ടാകട്ടെ എന്ന് നേർന്നില്ല
ഓർക്കാപ്പുറത്തു ഒന്ന്ണ്ടായതാ
തത്സമയംതന്നെ ഭൂജാതനായി, ഒരു മൈക്രോക്കവിയും!
ഔചിത്യം കെട്ട ഒരാവേശത്തിൽ
മഴക്കാലത്തെ മാക്രിയെപ്പോലെ ആ മൈക്രോ നിരന്തരം ഒച്ചയിട്ടപ്പഴാ കൂമ്പടഞ്ഞതായ വിളംബരം വന്നത്!!
തർജ്ജമയ്ക്കിടയിൽ നഷ്ടപ്പെടുന്ന കവിത
വരികൾക്കിടയിൽ വീണ്ടെടുക്കാം
കേട്ടത് പാതി കേൾക്കാത്തത് പാതി
രണ്ടു പാതികൾക്കപ്പുറമാകാം കവിതയുടെ കൂട്
സത്യം കൊണ്ട് മേഞ്ഞിരിക്കും
സൗന്ദര്യം കൊണ്ട് മെഴുകിയിരിക്കും.
കവികൾ ചങ്ങമ്പുഴയെപ്പോലെ കള്ളുദാസന്മാരാകുന്നതെന്തിന് ?
പ്രചോദനത്തിനു ഊർജം പകരാനാണോ
കവിതയെ ചൂടൻ തലയിൽനിന്നു തണുത്ത കരളിലേക്കു
ഒന്ന് ഇറക്കി വെക്കാനാണോ
അതോ പത്തു മാസത്തിനു ശേഷം പ്രസിദ്ധീകരിച്ച കവിതയ്ക്ക് പത്രാധിപർ
മണിഓർഡർ അയക്കാത്തത്തിലുള്ള നൈരാശ്യം കൊണ്ടാണോ?
കവിതയ്ക്കു കാശില്ല
ബോറിസ് പാസ്റ്റർനാക്കിന് പോലും
ഒരു വരിക്കു കിട്ടിയത് മൂന്ന് ഉറുപ്യ
വേണ്ട; കാശിൽ കവിതയുണ്ടോ?
ഇല്ല!
ചിങ്ങവെയിലിൽ
മുറ്റത്തെ കാശിത്തുമ്പയിലതാ
വിരിഞ്ഞു നിൽക്കുന്നു
കാശിനു കിട്ടാത്ത
ഒരു കുടന്നക്കവിത!