നേരം തെറ്റി വന്ന അതിഥി

കോടതിമുറിയും വരാന്തയും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു . കറുത്തകുപ്പായക്കാർ തങ്ങളുടെ കക്ഷികളോട് എന്തൊക്കെയോ അടക്കം പറയുകയാണ് . ചേമ്പറിൽ ഇരുന്നുകൊണ്ട് കോടതി നീതിന്യായങ്ങൾ കേൾക്കുന്നു . നീളത്തിലുള്ള കൂട്ടിൽ നിരയായി നിൽക്കുന്ന ചെറുപ്പക്കാർ .മറ്റൊരു ചതുരക്കൂട്ടിൽ നിന്നുകൊണ്ട് തന്റെ ഭാഗം വിശദീകരിക്കാൻ ശ്രമിക്കുന്ന മധ്യവയസ്കനായ ഒരു മനുഷ്യനും അയാളെ ചോദ്യശരങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുന്ന മെലിഞ്ഞുണങ്ങിയ കറുത്തകോട്ടുകാരനും .

ഇങ്ങനെ സമയം കടന്നുപോകവേ , ആ അതിഥി കോടതിമുറിയിലേക്കു കയറിവരികയായിരുന്നു . മനുഷ്യരുടെ പ്രശ്നങ്ങൾക്ക് മാത്രം തീർപ്പുകൽപ്പിക്കുന്ന കോടതിമുറിയിലേക്ക് കടന്നുവന്ന അതിഥിയുടെ കൊമ്പുകൾ നീണ്ടുവളഞ്ഞതും ഭംഗിയുള്ളതുമാണ് . സാധാരണ ആടുകളേക്കാൾ വലിപ്പം കൂടുതൽ തോന്നിച്ചിരുന്ന ഇവൾ വന്നപ്പോൾ വരാന്തയിൽ കൂട്ടം കൂടി നിന്നിരുന്ന ആളുകളിൽ അമ്പരപ്പുണ്ടായെങ്കിലും പിന്നീടത് ചിരിക്കു വഴിയൊരുക്കി .
എങ്കിലും കോടതിയുടെ പിഴയെക്കുറിച്ചുള്ള ബോധ്യം ആ ചിരികളെ അവരുടെ മനസ്സിൽ കെട്ടിയിടാൻ നിർബന്ധിതരാക്കി.

തന്നെ സാകൂതം വീക്ഷിച്ചുകൊണ്ടു പ്രതിക്കൂടിനരികിൽ നിൽക്കുന്ന അതിഥിയെ കണ്ട കോടതി ആദ്യമൊന്നമ്പരന്നെങ്കിലും ഒരു ചെറുപുഞ്ചിരിയോടെ ആ സാഹചര്യത്തെ നേരിട്ടു. പതിവില്ലാത്തവിധം കോടതിയിൽ നിന്നും വന്ന ആ ചിരിയാകട്ടെ ,മുന്നിൽ ഇരുന്ന കറുത്തകോട്ടുകാരെ പിന്നിലേക്ക് നോക്കാൻ പ്രേരിപ്പിക്കുകയും കോടതിക്ക് സമാനമായ ചിരി മുഖങ്ങളിൽ വരുത്താൻ ഇടയാക്കുകയും ചെയ്തു .
അങ്ങനെ കോടതിമുറിയാകെ തെല്ലു നേരം ചിരിയിൽ മുഴുകി .അതിഥിയാകട്ടെ ചിരിയുടെ അർഥം മനസ്സിലായില്ലെങ്കിലും തന്നെപ്രതി ഉളവായ പരിണാമത്തിൽ സന്തോഷവാനായി മുമ്പെപ്പോഴോ കഴിച്ചതിന്റെ അവശിഷ്ടങ്ങളെ വീണ്ടും വീണ്ടും ചവച്ചു രസിച്ചു .

പിഴയടക്കാൻ വിധിക്കപ്പെട്ടവനും അതിരിൽ മണ്ണ് മാറ്റിയിട്ടവനും ഗാര്ഹികപീഡനത്തിനിരയായ ഭാര്യയും തിരിച്ചടവ് മുടങ്ങിയവനുമെല്ലാം അതിഥിയുടെ വരവ് ചിരിക്കു വക നൽകി .
പീഡനത്തിനിരയാ ഭാര്യയാകട്ടെ അപ്പുറത്തെ വരാന്തയിൽ നിൽക്കുന്ന ഭർത്താവിനെയും ആടിനെയും മാറിമാറി നോക്കി എന്തിനോ ചിരി കടിച്ചമർത്തുന്നുണ്ടായിരുന്നു.
ശിപായിമാരും ക്ലർക്കുമാരും അര മണിക്കൂർ മെനക്കെട്ടാണ് അതിഥിയെ കോടതിക്ക് വെളിയിലേക്കു പറഞ്ഞയച്ചത് . തന്റെ സഞ്ചാര സ്വാന്ത്ര്യത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ച കോടതിയോടുള്ള പ്രതിഷേധമായിട്ടാകണം കോടതിമുറിയിൽ വിസർജിക്കാനും അതിഥി മറന്നില്ല . അതുകണ്ട കോടതി കോപാകുലനാവുകയും നിയമപുസ്തകമാകെ പരതുകയും ചെയ്തു .പക്ഷെ അതിഥിയെ ശിക്ഷിക്കാനുള്ള വകുപ്പുകൾ കാണാതെ നിരാശനായ കോടതി തന്റെ ദേഷ്യമത്രയും സ്റ്റാഫുകൾക്കുമേൽ വർഷിച്ചു . അതിന്റെ പരിണിതഫലം പ്രഹരങ്ങളായി ഏറ്റുവാങ്ങേണ്ടി വന്ന അതിഥി കോടതി വളപ്പിൽ നിന്നും ഓടിമറഞ്ഞു ..

ഈ നേരമത്രയും പ്രതിക്കൂട്ടിൽ നിന്നിരുന്ന ആ മനുഷ്യനാകട്ടെ നിർവികാരനായി നിലകൊണ്ടു .ഒരുപക്ഷെ അതിഥിയുടെ അരമണിക്കൂർ വിക്രിയകളിൽ ചിരിക്കാതെ നിന്നത് അയാൾ മാത്രമായിരിക്കാം . തന്റെ മുന്നിലുള്ള ആ വലിയ ക്ലോക്കിലെ നാഴികമണിയിൽ തുറിച്ചുനോക്കി അയാൾ നിന്നു. ഒരു കയ്യിൽ അയാളുടെ കേസിന്റെ കടലാസ്സുമായിട്ടാണ് ശിപായി ആടിനു പിന്നാലെ ഓടിയിരുന്നത് .അയാൾ തിരിച്ചു വരുമ്പോഴേക്കും ക്ളോക്ക് ശബ്ദിക്കുകയും മറ്റുള്ളവ ഉച്ചഭക്ഷണത്തിനു ശേഷം എന്ന പ്രസ്താവന കോടതി പുറപ്പെടുവിക്കുകയും ചെയ്തു . അയാൾ നിർവികാരനായി തെല്ലു നേരം നിന്നതിനു ശേഷം പുറത്തേക്കിറങ്ങി . കൂടെ രണ്ടു പോലീസുകാരും . നേരം തെറ്റി വന്ന അതിഥി തനിക്കു നീട്ടിത്തന്ന സമയമോർത്തുകൊണ്ടയാൾ അവരുടെ കൂടെ നടന്നു ..

—– —— ——- ——– ——- ——– —– —–

മലമുകളിലേക്കുള്ള പാത, ഇരവിഴുങ്ങി ആലസ്യത്തിലായ പെരുമ്പാമ്പിനെപ്പോലെ നീണ്ടുകിടക്കുന്നു .മലമുകളിലെ സുഖവാസകേന്ദ്രത്തിലേക്കുള്ള വഴിയാണിത് .രാജ്യത്തിലെ തന്നെ മികച്ച സുഖവാസകേന്ദ്രമായതിനാലാകണം വഴിയെല്ലാം മനോഹരമായി വെട്ടിയൊരുക്കിയിരിക്കുന്നു .ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു റോഡിൻറെ പ്രാരംഭജോലികൾ നടന്നിരുന്നത് .
അസംഖ്യം കാട്ടുമൃഗങ്ങൾ വസിച്ചിരുന്ന വനത്തിലൂടെയുള്ള പാതയുടെ നിർമ്മാണ വേളയിൽ മലമ്പനിയും മറ്റസുഖങ്ങളും ബാധിച്ചു മരിച്ചവരുടെ എണ്ണം വളരെയധികമായിരുന്നു . വേട്ടയാടപ്പെട്ട മൃഗങ്ങളുടെ എണ്ണം അതിലും എത്രയോ വലുതായിരിക്കണം .
പിന്നീടെത്രയോ പാത നവീകരങ്ങൾ നടന്നു .. മരിച്ചുവീഴുന്ന തൊഴിലാളികൾ കുറയുകയും മൃഗങ്ങൾ കൂടുകയും ചെയ്തു .
പലരും തങ്ങളുടെ സഞ്ചാര പാതയിൽ നിന്നും ഉള്ളിലേക്ക് വലിഞ്ഞു .
എങ്കിലും ഇടയ്ക്കിടെ അവർ തങ്ങളുടെ വഴിയിലൂടെ സഞ്ചരിക്കുമ്പോളാകട്ടെ വാഹനങ്ങൾ നിർത്താതെ ഹോൺ മുഴക്കിക്കൊണ്ടവരെ ഭീഷണിപ്പെടുത്തി .
റോഡ് നിർമാണത്തിന് വന്ന ദൂരദേശക്കാരിൽ ചിലർ മലയോരങ്ങളിൽ കുടിലുകൾ കെട്ടി മൃഗങ്ങളോടൊപ്പം ജീവിച്ചു .അവരെ ഇണക്കിയും കൃഷികൾ ചെയ്തും കൊടും തണുപ്പിനെ ചെറുത്തുകൊണ്ടവർ ജീവിതമാരംഭിച്ചു .പലരും പാതിവഴിയിൽ മരിച്ചുവീണു .അതിജീവിച്ചവർ പുതുതലമുറയെ സൃഷ്ടിച്ചു .

പിന്നീടെപ്പോഴോ അന്യരാജ്യത്തുനിന്നും പാലായനം ചെയ്തുവന്ന ആളുകൾക്ക് സർക്കാർ ഈയിടത്തിൽ കുടിപാർക്കാൻ അനുവാദം നൽകി .അങ്ങനെ മലമുകളിലെ സുഖവാസകേന്ദ്രത്തിനു കിലോമീറ്ററുകൾ താഴെ മലയുടെ മധ്യഭാഗത്തായി കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും കുടിലുകൾ ഉയരാൻ തുടങ്ങി . ഇടങ്ങൾ നഷ്‌ടമായ മൃഗങ്ങൾ വീണ്ടും ഉള്ളിലേക്ക് വലിഞ്ഞുകൊണ്ടിരുന്നു .നഷ്ടമായവയെ ഓർത്തിട്ടാകണം അവർ പലപ്പോഴും അലറിവിളിച്ചു .അവയുടെ പ്രതിധ്വനികളിൽ അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും തലമുറകൾ വിറകൊണ്ടു . അവരുടെ സാമീപ്യം ഉള്ള ഇടങ്ങളിൽ മനുഷ്യർ കൂട്ടം കൂടി അവരെ വിരട്ടിയോടിച്ചു .നാട്ടിൽ നിന്നും വിരുന്നുവരുന്ന ഇവരുടെ ബന്ധുക്കൾ മൃഗങ്ങളിൽ പലരുടെയും അന്തകന്മാരായി .അവരുടെ കയ്യിലെ നീളൻകുഴലും നെറ്റിയിലെ വെളിച്ചവും കണ്ട മൃഗങ്ങളിലെ ധൈര്യം ചോർന്നു . ഭീതിയോടെയവർ തങ്ങളുടെ ഇടങ്ങളിൽ കഴിഞ്ഞുകൂടി ..പാതകൾ വിജനമാകുന്ന സമയങ്ങളിൽ അവർ തങ്ങളുടെ ഓർമ്മയിടങ്ങളിലൂടെ സഞ്ചരിച്ചു . വേട്ടക്കാരായ ബന്ധുക്കളിൽ ചിലർ അവിടെത്തന്നെ താമസമാക്കി .രുചിയുള്ള ഭക്ഷണവും ഭീരുക്കളായ അഭയാര്ഥികളും അവർക്ക് അതിനുള്ള പ്രേരണ നൽകി .എല്ലാത്തരത്തിലും അവർ വേട്ട തുടർന്നുകൊണ്ടിരുന്നു .അപ്പോഴേക്കും പുതുതലമുറകൾ കുടിയേറ്റ – അഭയാർത്ഥി മിശ്രിതം ആയി മാറിക്കഴിഞ്ഞിരുന്നു .ഇനിയൊരു പാലായനം കൂടി താങ്ങാനുള്ള കെൽപ്പില്ലാത്ത അഭയാർത്ഥികൾ അവരുടെ ഇടയിൽ തന്നെ ജീവിക്കേണ്ടി വന്നു ,മൃഗങ്ങളെപ്പോലെ കാടിനുള്ളിലേക്ക് വലിയാൻ കഴിയാതെ .

— —— —– —— —– —— —

കോടപുതച്ചുറങ്ങുകയാണ് മലയോരം .
വഴികളെങ്ങും മഞ്ഞുപുകയിൽ കുളിച്ചുനിൽക്കുന്നു ..
റോഡിൽ നിന്നും നോക്കിയാൽ മഞ്ഞുപാളികൾ മാത്രം കാണാം ..
രാവിൻറെ യാമങ്ങളെത്രയോ പിന്നിട്ടുകാണണം ..
അകലെ ഏതോ വീട്ടിൽ നിന്നും വെളിച്ചത്തിന്റെ നേർത്ത കിരണങ്ങൾ കാണുന്നുണ്ട് .ഒരുപക്ഷെ ഈ സമയത്തും ഉറങ്ങാതിരിക്കുന്ന വീട്ടുകാരാവാം .. അല്ലെങ്കിൽ വെളിച്ചം ബാക്കി വച്ചതാകാം .. എന്തായാലും വെളിച്ചത്തെ ലക്ഷ്യമാക്കി നടന്നാൽ ഒരുപക്ഷെ ആയിടത്തിൽ എത്തിപ്പെട്ടേക്കാം .

ചുവരിലെ മൺകട്ടകൾ ഇളകി മാറാൻ തുടങ്ങിയിരിക്കുന്നു .അറുപതു വാൾട് ബൾബിന്റെ വെളിച്ചത്തിൽ ചെറുജീവികൾ കൂട്ടമായി ആ മൺഭിത്തിൽ വിഹരിക്കുന്നു . ചുമരിൽ തൂങ്ങിക്കിടക്കുന്ന ഒരു കല്യാണ ഫോട്ടോ .അതിനു താഴെയായി ചെറിയ കണ്ണാടി .ഏതോ സിനിമാനടിയുടെ ചിത്രമുള്ള കലണ്ടർ . ഇത്രയുമാണ് കോലായിലെ കാഴ്ച . അരതിണ്ണമേൽ ചതുരംഗപ്പട കറുപ്പും വെളുപ്പുമുള്ള കള്ളികളിൽ അണിനിരന്നിരിക്കുന്നു. ചാരുകസേരക്ക് പിന്നിലായി ചുമരിനോട് ചാരി നിർത്തിയിരിക്കുന്ന ഇരട്ടക്കുഴൽ തോക്കിലാകെ പൊടിപിടിച്ച നിലയിലാണ് .

“ഇനിയെങ്കിലും ഒന്നു കിടന്നൂടെ ..”

അകത്തു നിന്നും കേൾക്കുന്ന ഒരു സ്ത്രീ ശബ്ദം .ഉറക്കച്ചടവോ പരിഭ്രാന്തിയോ എന്ന് തിരിച്ചറിയാനാവാത്ത ആ ശബ്ദം അകത്തെ മുറിയിൽ നിന്നുമാണ് .

ചാരുകസേരയിൽ ഇരിക്കുന്ന ആൾ കണ്ണുകളെ ഭീതിയോടെ ആ ശബ്ദം കേട്ട സ്ഥാനത്തേക്ക് പായിച്ചു .
അയാൾ , ഒരു വേട്ടക്കാരന്റെ മുഖമുള്ള ,ചുവന്ന കണ്ണുകളും കൊമ്പൻമീശയുമുള്ള ദീര്ഘകായനായ ആ മനുഷ്യൻ .മറുപടിയൊന്നും പറയാതെ ചതുരംഗക്കളത്തിലേക്ക് നോക്കിയിരിപ്പായി .രണ്ടുപക്ഷവും കളിക്കുന്നത് അയാളാണെങ്കിലും ബോർഡിലെ കരുക്കളുടെ സ്ഥാനം വച്ചുനോക്കിയാൽ അയാളിരിക്കുന്ന ഭാഗത്തെ വെള്ളക്കരുവിന്റെ രാജാവിന്റെ ഗതി അൽപ്പം പരുങ്ങലിൽ ആണെന്ന് കാണാം .. ഈ കൊടും തണുപ്പിലും അയാളുടെ നെറ്റിയിൽ നിന്നും വിയർപ്പുതുള്ളികൾ ഒഴുകാൻ തുടങ്ങുന്നു .

“വരൂ ..കിടക്കാം
ഈ തണുപ്പിൽ പനി പിടിച്ചായിരിക്കും ഇനി ബുദ്ധിമുട്ടാവുന്നത് ”

ആ സ്ത്രീ ശബ്ദം വീണ്ടും .
അയാളുടെ ഇടതുകൈ പലപ്പോഴും തോക്കിൻപാത്തിയിൽ മുട്ടുന്നുണ്ടായിരുന്നു .ചാരുകസേരയുടെ തുണിയാകട്ടെ അയാളുടെ പരിഭ്രാന്തമായ ചലനങ്ങൾക്കൊപ്പം ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു .
ഇടയ്ക്കിടെ അയാളുടെരാജാവിനെ ഭീതിയോടെ നോക്കി .

പെട്ടെന്നൊരു ശബ്ദം കേട്ടതും വേട്ടക്കാരൻ തോക്കെടുത്തതും ഒരുമിച്ചായിരുന്നു .കാഞ്ചിവലിച്ചിരുന്നെങ്കിൽ ഒരു പാവം പൂച്ചകൂടി മൃതിയടഞ്ഞേനെ . പൂച്ചയെക്കണ്ടതും അയാളതിനെ ഒച്ചയെടുത്ത് ആട്ടിയോടിച്ചു . ചതുരംഗകളത്തിലേക്ക് അറിയാതെ കടന്നുവന്ന ഒരു പാറ്റയുടെ ഗതി അതിലും ഭീകരമായിരുന്നു .തിണ്ണയിൽ വച്ച മാസിക കൊണ്ടതിനെ തല്ലിക്കൊന്നശേഷം വീണ്ടും ചെരുപ്പുകൊണ്ട് അടിച്ചുകൊണ്ടേയിരുന്നു . വാച്ചിലേക്ക് അക്ഷമനായി ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു അയാൾ .അയാൾ പണ്ട് വേട്ടയാടി കൊന്നും തിന്നും ഉപേക്ഷിച്ചും കളഞ്ഞ മൃഗങ്ങളുടെ പിൻതലമുറക്കാരുടെ ശബ്ദങ്ങൾ ദൂരെ എവിടെ നിന്നോ കേൾക്കുന്നുണ്ട് ..അയാൾ വീണ്ടും ചതുരംഗക്കളത്തിലേക്ക് കണ്ണുകൾ പായിച്ചു .തന്റെ രാജാവിനെ എങ്ങനെ രക്ഷിക്കും എന്നതായിരുന്നു ചിന്ത .

“ഇന്നേക്ക് ഏഴുനാൾ പിന്നിടും മുമ്പ് നിങ്ങളുടെ മരണദൂതൻ വരും …
ഏഴുനാളുകൾ നിങ്ങള്ക്ക് നിർണായകമാണ് …”

ജ്യോത്സ്യന്റെ ശബ്ദം അയാളുടെ കാതുകളിൽ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു . ഏഴുദിവസങ്ങൾ തീരാൻ ഇനി മണിക്കൂറുകൾ മാത്രം .ഈ രാത്രി വെളുക്കണം ..കൊന്നുതള്ളിയ മൃഗങ്ങളിലാരുടെയോ ശാപമാണത്രേ.. മൃഗശാപം പോലും..
പക്ഷെ സ്വജീവനെക്കുറിച്ചാകുമ്പോൾ ഭയം എവിടൊക്കെയോ അരിച്ചുകയറുന്നു . വർഷങ്ങൾക്കു മുമ്പേ മോഴയാനയുടെ മുന്നിൽ അകപ്പെട്ടപ്പോൾ പോലും തോന്നാത്ത ഒരു തണുപ്പ് ശരീരത്തിലാകമാനം പടർന്നു പിടിക്കുന്നു .

വീണ്ടുമൊരു ശബ്ദം കേൾക്കുന്നുവോ ..?
ബ്രൂണോ ദയനീയമായി ഞരങ്ങുന്ന ശബ്ദം കേൾക്കുന്നുണ്ട് .ആരെയോ കണ്ടു പേടിച്ചതുപോലെ . വേട്ടക്കാരൻ ഭീതിയോടെ എഴുന്നേറ്റു. ഇലകൾ ഇളകുന്ന ശബ്ദം കേൾക്കുന്നുണ്ട് .ആരുടെയോ കാലടിശബ്ദമാവാം .
ഒരുപക്ഷെ ഏതെങ്കിലും മൃഗങ്ങളുമാവാം . ബൾബിന്റെ വെട്ടം മുറ്റത്തിനപ്പുറം പോവില്ല .ബ്രൂണോയുടെ കൂടിനടുത്തുപോലും വെളിച്ചം എത്തുന്നില്ല . അയാൾ ഇരുട്ടിലേക്ക് നോക്കിക്കൊണ്ട് തെല്ലുനേരം നിന്നു. തന്റെ ഇപ്പോഴത്തെ രൂപം കണ്ണാടിയിൽ കണ്ട അയാൾ പരവശനായി ,താടിരോമങ്ങൾ തഴുകി .
കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ ആണ് പിന്നിലാരോ നിൽക്കുന്നതായി തോന്നിയത് .കണ്ണാടിയിൽ തന്റെ മാത്രമല്ല വേറെ ആരുടെയോ മുഖം കൂടി കാണുന്നുണ്ട് . അയാൾ ഞെട്ടി വിറച്ചു ,പിന്നിലോട്ടു നോക്കി ..

ഇരുട്ടായിരിക്കുന്നു ..
ബൾബിന്റെ വെളിച്ചം കെട്ടിരിക്കുന്നു..
ബ്രൂണോയുടെ ശബ്ദം ഇപ്പോൾ കേൾക്കുന്നില്ല ..

മെഴുകുതിരി കത്തിച്ചപ്പോൾ മുന്നിൽ തീക്ഷ്ണമായ രണ്ടു കണ്ണുകളാണ് കണ്ടത് .അരമതിലിനപ്പുറത്ത് വേട്ടക്കാരന് തൊട്ടുമുന്നിലായി നിൽക്കുകയാണ് ആഗതൻ .അയാളുടെ കൈ തട്ടിയാകണം വേട്ടക്കാരന്റെ രാജാവ് മറിഞ്ഞു വീണു . അയാൾ തെല്ലൊരു ജാള്യതയോടെ അതിനെ എവിടെ വെക്കണം എന്നറിയാതെ പരുങ്ങലോടെ നിൽക്കുകയായിരുന്നു .
വേട്ടക്കാരൻ തന്റെ ഭയം പുറത്തുകാണിക്കാതെ സാവധാനം കസേരയിൽ ചാഞ്ഞിരുന്നു.ഈ അവസാന നാളിലെ അന്ത്യനിമിഷങ്ങളിൽ എത്തിച്ചേർന്ന അതിഥി അയാൾ തന്നെയാകണം .ജ്യോൽസ്യൻ പറഞ്ഞ വാക്കുകൾ അയാളുടെ കാതുകളെ പ്രകമ്പനം കൊള്ളിച്ചു . മെഴുകുതിരി വെട്ടത്തിൽ അതിഥിയെ അയാൾ സസൂക്ഷ്മം നിരീക്ഷിച്ചു . ഫുൾസ്ലീവ് ഷർട്ടും പാൻസുമാണ് വേഷം. വെള്ള ഷർട്ടിനോട് നീതിപുലർത്തുന്ന ചാര നിറത്തിലുള്ള ടൈ ആണ് കഴുത്തിൽ .പുറത്തു തൂങ്ങിക്കിടക്കുന്ന കറുത്ത ബാഗിന്റെ വള്ളിയാകട്ടെ ടൈ യുടെ മുകളിലൂടെ ഉടലിനെ ചുറ്റിപ്പടർന്നിരിക്കുന്നു. എന്തായാലും ദൈവം തനിക്കുവേണ്ടി തെരഞ്ഞെടുത്ത മരണദൂതൻ ചെറുപ്പക്കാരനും സുന്ദരനുമാണ് .
അയാളുടെ ചുണ്ടിന്റെ കോണിലെങ്ങോ ഒരു ചിരി വിടർന്നു .

“ചേട്ടാ ..എന്റെ വണ്ടി വഴിയിൽ കേടായി . കാട്ടുപാതയായതുകൊണ്ട് അവിടെ നില്ക്കാൻ പേടിയായി .ഇവിടെ വെളിച്ചം കണ്ടതുകൊണ്ടു വന്നതാണ് ..”

അവൻ മനോഹരമായി സംസാരിക്കുന്നു …

” വരുമെന്നെനിക്ക് അറിയാമായിരുന്നു ..” ആതിഥേയൻ മറുപടി പറഞ്ഞു .

ഇവിടം മുതൽ വേട്ടക്കാരൻ ആതിഥേയനും ആഗതൻ അതിഥിയും ആയി മാറുന്നു. കാരണം ,വിളിക്കാതെയാണെങ്കിലും നേരം തെറ്റിവന്ന സുന്ദരനായ ആ ചെറുപ്പക്കാരൻ അതിഥിയെന്ന വിളിപ്പേരിന് തികച്ചും അർഹനാണ് .

“എങ്ങനറിയാം ..ചേട്ടൻ വണ്ടിയുടെ ശബ്ദം കേട്ടിരുന്നോ..?”

ആതിഥേയൻ ഒന്നും മിണ്ടിയില്ല . അയാളുടെ കണ്ണുകൾ ബ്രൂണോയുടെ കൂട്ടിലേക്കായിരുന്നു .അവന്റെ ശബ്ദമെന്തേ കേൾക്കാത്തത് എന്ന ചിന്തയിൽ അയാളുടെ അസ്വസ്ഥത വർധിച്ചു .ഇറങ്ങി നോക്കാൻ എന്തുകൊണ്ടോ അയാൾ ധൈര്യപ്പെട്ടതുമില്ല .

ഇത്രയും നേരം അതിഥി പുറത്തുതന്നെ നിൽക്കുകയായിരുന്നു .ആതിഥ്യ മര്യാദ എന്നത് ആതിഥേയൻ പാലിക്കാത്തതുകൊണ്ടും മറ്റു വഴികൾ ഇല്ലാത്തതിനാലും തന്റെ ഷൂ ഊരിമാറ്റിക്കൊണ്ട് അതിഥി കോലായിലേക്കു കാലെടുത്തുവച്ചു . അതിനിടയിൽ എപ്പോഴോ ചുമരിലെ ബൾബ് പ്രകാശിക്കാൻ തുടങ്ങിയിരുന്നു .

അരതിണ്ണമേൽ ചെസ്സ്‌ബോഡിനിപ്പുറമായിട്ടാണ് അതിഥി ഇരുന്നത് .തന്റെ ബാഗെടുത്തു താഴെവെക്കുകയും കഴുത്തിലെ ബട്ടൺ അഴിച്ചുകൊണ്ടു ടൈ യെ സ്വന്ത്രനാക്കുകയും ചെയ്തുകൊണ്ടയാൾ തന്റെ കയ്യിലെ കറുത്ത രാജാവിനെ എവിടെ വെക്കണമെന്നറിയാതെ ബോഡിലേക്കു നോക്കി . സംസാരിക്കാത്ത ആതിഥേയനെ എങ്ങനെ മെരുക്കണമെന്നറിയാതെ അയാൾ ചുമരിലേക്കുനോക്കി തെല്ലു നേരം ഇരുന്നു . ഒടുവിൽ അതിഥി തന്നെ മൗനം ഭഞ്ജിച്ചു .

“ഞാനൊരു LIC ഏജന്റ് ആണ് ചേട്ടാ . വർഗീസ് എന്നൊരു പ്ലാന്ററുടെ വീട്ടിൽ പോയി വരികയാണ് . വണ്ടി പണിതരുമെന്നു അറിഞ്ഞിരുന്നെങ്കിൽ അവിടെ എവിടെങ്കിലും ഒരു മുറിയെടുക്കുമായിരുന്നു .ഇതിപ്പോൾ …”

“മരണദൂതൻ അല്ലെ ..?” ആതിഥേയൻ മുന്നോട്ടാഞ്ഞിരുന്നുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി

” ഞങ്ങളെ അങ്ങനെയും വിളിക്കാറുണ്ട് .ചേട്ടാ ..
ഈ രാജാവിനെ ഞാൻ …”

അവൻ അർധോക്തിയിൽ നിർത്തിക്കൊണ്ട് രാജാവിനെ ഒരു കളത്തിലേക്ക് വച്ചു. അതാകട്ടെ രണ്ടു നീക്കങ്ങൾക്കുള്ളിൽ രാജാവിന് കുറുക്കു വീഴുന്ന കളമായിരുന്നു. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു ..

“ചേട്ടന്റെ രാജാവ് പോകാറായല്ലോ ..”

ആ സംഭാഷണത്തിന്റെ ഒടുക്കം അതിഥിയുടെ ചിരി മായുകയും മുഖത്തെ പേശികൾ വലിഞ്ഞു മുറുകുകയും ചെയ്തു .

—- —- —– —- —- —- —- —-

കോടതി പ്രതിയുടെ മുഖത്തേക്ക് നോക്കി . ഉച്ചഭക്ഷണത്തിന്റെ ബാക്കിപത്രമായ ആട്ടിറച്ചിയുടെ ഒരു കഷ്ണം പല്ലിനിടയിൽ നിന്നും നാവുകൊണ്ട് പുറത്തേക്കെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല .തന്റെ അനുവാദമില്ലാതെ കോടതിമുറിയിൽ പ്രവേശിച്ച ആളെ കിട്ടിയില്ലെങ്കിലും അവന്റെ വർഗ്ഗത്തിലെ ഒരുവനെ ചവച്ചരക്കാൻ കഴിഞ്ഞതിലെ സംതൃപ്തി കോടതിയുടെ മുഖത്ത് പ്രകടമായിരുന്നു .പക്ഷെ അതിനിടയിൽ പല്ലിനിടയിൽ പോയ കഷ്ണം അദ്ദേഹത്തെ തെല്ലസ്വസ്ഥനാക്കാതിരുന്നില്ല .പിന്നീട് വിളിക്കാനിടയുള്ള പ്രതികളുടെ പിഴത്തുകയിൽ ഈ കഷ്ണം പ്രതിഫലിക്കപ്പെടും എന്നത് ഏതാണ്ടുറപ്പാണ് .

“സ്വയ രക്ഷയ്ക്ക് വേണ്ടിയാണു ഞാനതു ചെയ്തത് ബഹുമാനപ്പെട്ട കോടതീ .. ഇല്ലെങ്കിൽ ഞാൻ കൊല്ലപ്പെടുമായിരുന്നു ..”

പ്രതിയുടെ വാക്കുകളുടെ സാരം മനസ്സിലാകാത്തവിധം കോടതി നെറ്റിചുളിച്ചു .നാവാകട്ടെ അപ്പോഴും പല്ലിനിടയിൽക്കൂടി എന്തോ പരതുകയായിരുന്നു . ഇന്ദു വക്കീൽ കോടതിയെ വണങ്ങി വേഗം പുറത്തേക്കു നടന്നു .കോട്ടിന്റെ ഒരു ഭാഗം കൊണ്ടവരുടെ വായ പൊത്തിപ്പിടിച്ചിരുന്നു .

“വനത്തിന്റെ യഥാർത്ഥ അവകാശികൾ ആ മൃഗങ്ങളായിരുന്നു .
മലയോരത്തേക്കു കടന്നുവന്ന അഭയാര്ഥികളും കുടിയേറ്റക്കാരുമായിരുന്നു അതിഥികൾ .പിന്നീടവർ ആതിഥേയരുടെ മരണദൂതന്മാരായി മാറി ..” പ്രതി പറഞ്ഞുകൊണ്ടിരുന്നു ..

“കേസിനെക്കുറിച്ചു മാത്രം പറഞ്ഞാൽ മതി ”
പബ്ലിക് പ്രോസിക്യൂട്ടർ ഒച്ചയെടുത്തു ..

” ഇന്നിവിടെ കടന്നുവന്ന അതിഥിയെ ആതിഥേയൻ സ്വീകരിച്ച രീതി വ്യത്യസ്തമായിരുന്നു .അങ്ങനെ നേരം തെറ്റി വരുന്ന അതിഥികളും ആതിഥേയരും തമ്മിലുള്ള സ്പർദ്ധകളിൽ ജയം ആരുടെ പക്ഷത്താണ് ..?
അവരിൽ മരണദൂതന്മാർ ഉണ്ടാവാറുണ്ടോ..?”
പ്രതി പറഞ്ഞുകൊണ്ടിരുന്നു

“നിങ്ങളോടു ചോദിക്കുന്നതിനു മാത്രം മറുപടി പറഞ്ഞാൽ മതി ”
പ്രോസിക്യൂട്ടർ അരിശം കൊണ്ട് വിറച്ചു .

കോടതിയാകട്ടെ പല്ലിനിടയിൽ പോയ കഷ്ണം കണ്ടെത്തി വീണ്ടും ചവയ്ക്കാൻ തുടങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു . വിസ്താരം പൂർത്തിയായിക്കഴിഞ്ഞ ആ കേസിന്റെ അന്തിമ വിധിപ്പകർപ്പെടുത്തു കോടതി അതിലൂടെ കണ്ണോടിച്ചു . പ്രതി ഇനിയുമെന്തെങ്കിലും പറഞ്ഞാൽ മാനസികാരോഗ്യത്തിന്റെ ആനുകൂല്യം ലഭിച്ചേക്കുമോ എന്ന ഭയത്തിൽ പ്രോസിക്യൂട്ടർ അക്ഷമനായി കോടതിയെയും പ്രതിയെയും മാറി മാറി നോക്കി .

“അവസാനമായി എന്തെങ്കിലും പറയാനുണ്ടോ ..” കോടതി യുടെ ചോദ്യം .

” ബഹുമാനപ്പെട്ട കോടതിയുടെ അറിവിലേക്കായി പറയുന്നു.. കറുപ്പിന്റെ രാജാവ് അവിടെ വീണുകിടക്കുകയാണ് .രക്തത്തിൽ കുളിച്ചുകൊണ്ട് .അതിഥിയും ആതിഥേയനും അതിനുമുമ്പിൽ ഇരിപ്പുണ്ടാകണം .ഒരാൾ മാത്രമേ അവശേഷിക്കൂ ..”

പ്രതിയുടെ വാക്കുകൾ അർധോക്തിയിൽ നിൽക്കുമ്പോൾ കോടതി വിധിപുറപ്പെടുവിച്ചുകഴിഞ്ഞിരുന്നു . തുറന്നു കിടക്കുന്ന ഗെയ്റ്റിലൂടെ രാവിലത്തെ അതിഥി തന്റെ കൂട്ടാളികളെയും കൊണ്ടു വരുന്നത് കോടതിക്ക് കാണാൻ കഴിഞ്ഞില്ലെങ്കിലും പ്രതി കാണുന്നുണ്ടായിരുന്നു. അയാളുടെ മുഖം എന്തുകൊണ്ടോ വലിഞ്ഞുമുറുകി .ചുണ്ടിന്റെ ഒരുകോണിൽ ചിരി പ്രത്യക്ഷമായി …

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleതാറുടുത്ത ഭ്രാന്തൻ
Next articleലോക്ക് ഡൗൺ നമ്മളോട് പറഞ്ഞത്…
നിശാന്ത് .കെ മലപ്പുറം ജില്ലയിലെ ചുങ്കത്തറ എന്ന പ്രദേശത്ത് 1982 ഏപ്രിൽ 6 ന് ജനനം.പിതാവ് കൂത്രാടൻ ഉസ്മാൻ ,മാതാവ് സൗദാബി. എഴുത്തിനോട് ചെറുപ്പം മുതലേ അഭിനിവേശം. ബിരുദാനന്തര ബിരുദത്തിനു ശേഷം പാരലൽ കോളേജ് ,പ്രൈവറ് സ്‌കൂൾ തുടങ്ങിയവയിൽ അധ്യാപക ജോലി .ഇപ്പോൾ യൂണിമണി ഫിനാൻഷ്യൽ സെർവീസസിൽ ബ്രാഞ്ച് മാനേജർ ആയി ജോലി ചെയ്യുന്നു. "ഫത്തേ ദർവാസാ ,ജീവിതം മുഴങ്ങുന്നിടം" എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഭാര്യ റൈഹാനത്ത് ,മക്കൾ അനഘ ,ആദി

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here