ചിങ്ങമാസപ്പുലരീ ചിങ്ങമാസപ്പുലരീ
ചേറുലർന്ന വഴിയിൽ
ചാന്തണിഞ്ഞ മുഖമായ്
ചാലിടുന്ന കുളിരിൽ
ചെങ്കുയിലിൻ പാട്ടിൽ
ലയിച്ചിടാനൊരുങ്ങിയോ…..
പൂത്താലിയോ തുമ്പയും
മൂക്കുത്തിയോ മുക്കുറ്റി
കാതിലോല കാക്കപ്പൂ
ചെട്ടി ചേമന്തി മന്താരം
ചെമ്പരത്തിയും പിന്നിതാ
രാജനോ ഗന്ധരാജനും……
അതിരാവിലെയോ അത്തമായ്
പച്ചയിൽ അണിയണിയായ്
കോളാമ്പി പൂത്തുലഞ്ഞുവോ
പത്തുദിനത്തിലോ ഓണമായ്
ഓണമായ് തിരുവോണമായ്
തിരുവോണമായ് തിരുവോണമായ്
കാഴ്ചക്കുല നൽക്കാഴ്ചയായ്
അത്തച്ചമയമൊരുക്കമായ്
ഉത്രാടപ്പാച്ചിലിനുത്സാഹമായ്
കസവുമുണ്ടിനോ ഗമയുമായ്
അപ്പനോ എഴുന്നള്ളലായ്
ശിരസ്സിലോ കിരീടമായ്
ഓലയാലൊരു കുടയുമായ്
വരവായല്ലോ വരവായല്ലോ
തൃക്കാക്കര വഴിയിതാ
പപ്പടവും പഴവുമായ്
നല്ലൊരവിയലും കാളനും
കുത്തരിച്ചോറുമായ്
തൂശനിലയോ നിറയണം
പാലടയോ വിളമ്പണം
കുടവയറോ നിറയണം
പുലികളിയോ കാണണം
കുശലമെല്ലാം ചൊല്ലണം
വിടയില്ലാ വഴി താണ്ടണം
ഇനിയുമോരാണ്ടു ശേഷമോ
തിരികെയും വന്നീടണം
കാത്തിരിക്കാം വർഷവും
ചിങ്ങമാസപ്പുലരീ ചിങ്ങമാസപ്പുലരീ