കൂണ് മുളച്ചു കൂണ് മുളച്ചു
കതിരു പൊടിച്ചു, കണ്ടത്തിൽ
തുള്ളിക്കൊരുകുടം തക തിമി തേയ് തോ
കർക്കിടകത്തിൽ കാവടിയായ്
ഇടവപ്പാതി ഇടവിട്ടിടിയായ്
ഈറനുടുത്തു തുളുമ്പുന്നൂ
തെങ്ങിൻ ചോട്ടിൽ മലതൻ കീഴിൽ
മണിമലയാറിൻ മാറത്ത്
തുടികൊട്ടായി ഇടിയുടെ മേളം
തകധിമി ധി ത്തി ത്തെയ് താരക താ
മണ്ണിൽ ചാലുകൾ കീറീമറിച്ച്
കുത്തിചാടും മഴവെള്ളം
എവിടേക്കാണിയൊഴുക്കെന്നോർത്ത്
കുട്ടികൾ വഞ്ചിയിറക്കുന്നു
കാണെ കാണെ വഞ്ചികൾ മാത്രം
മഴവെള്ളത്തിൽ ഊക്കോടെ
ഇടവപ്പാതി ഇപ്പോൾ തീരും
ചിങ്ങം നോക്കിയിരിപ്പായി
ചെറുവള്ളികളിൽ പുഞ്ചിരിയായി
വിരിയാൻ നോക്കിയിരിപ്പായി
ഓണത്തപ്പനെ വരവേൽക്കാനായ്
തുമ്പപ്പൂവിന് പൂക്കൂട പൂമഴ പൊന്നാട
തകരപ്പെണ്ണിന് തുന്നിയുടുക്കാൻ
മഞ്ഞനിറത്തിൻ ചേൽ വേണം
മുറ്റം നിറയെ പാകിവിരിക്കാൻ
പർപ്പടകത്തിൻ ഇലവേണം
വേലിപ്പത്തലിൽ വേഗം വേഗം
കോളാമ്പിപ്പൂ പടരേണം
കാശിത്തുമ്പക്കവിതകളാകെ
കനവിൽ നീളെ വളരേണം
ഓണത്തപ്പൻ എത്തും നേരം
കൺ നിറയാനായ് നീ വേണം
പാകിയ ഞാറും പവിഴപ്പുറ്റും
പതിരിൽ പാലതായ് പൂക്കേണം
വരികൾ മനോഹരം ഭാവനാപൂർണ്ണം