ഒരു വസന്തത്തിനു മുൻപ് ഞാൻ
മരിച്ചിരുന്നു, വസന്തം കാണാനാകാതെ
മെല്ലെ കണ്ണുകളടച്ചിരുന്നു
ഉണരില്ലെന്നുറപ്പായ പോലെ
ഉറങ്ങിത്തുടങ്ങിയിരുന്നു…
(വസന്തം പെയ്തിറങ്ങവെ മരിക്കാൻ സാധിക്കുന്നതാർക്ക് – ആത്മഗതം )
പിന്നെയുണർന്നത് ചുവപ്പിൽ മഞ്ഞ കലർന്ന
ഒരു കുഞ്ഞു പൂമൊട്ടായാണ്, ഗുൽമോഹറിന്റെ
കൈത്തലക്കലെ കൊമ്പിനരികിൽ…
വസന്തമെന്നെ ഉണർത്തിയ പോലുണ്ട്
എന്നെയിന്നാരെങ്കിലും ഓർക്കുന്നുണ്ടോ ?
കടന്നും പറന്നും എന്നെ ചുംബിച്ചകന്ന
കാറ്റിന്റെ കവിളിലൊരിത്തിരി
ദുഃഖമില്ലേ ? അതിനിയെന്നെ ഓർത്തിട്ടാകുമോ ?
അല്ലെങ്കിലോ, ആയിരിക്കില്ല…
കൊട്ടിയടച്ച വാതിൽപ്പടിയിൽ ഇരുന്നുറങ്ങി
പിന്നെയകന്ന ആരെയോ ഞാൻ കിളിവാതിലിലൂടെ നോക്കിയിരുന്നതാണ്,
എന്നിട്ടും തുറന്നില്ല…
കിളിവാതിൽ കടക്കാൻ എത്തിയ മന്ദമാരുതനെ പോലും അന്ന് ഞാൻ വെറുതെ വിട്ടില്ലല്ലോ
(എന്നിട്ടു ഞാനിന്ന്, എന്നെയോർക്കുന്നൊരാളെ കാത്തിരിക്കുന്നു… -വ്യാസനാത്മഗതം )
വഴിനീളെ വീണു നിറഞ്ഞ പൂവസന്തം
ഇന്നെന്നിൽ പ്രണയമഴ പൊഴിക്കുന്ന പോലെ
എന്റെയുള്ളിൽ പ്രകമ്പനത്തിന്റെ
ഘോഷയാത്ര പോലെയെന്തോ, അതിസന്തോഷത്തിന്റെ, നിർവൃതിയുടെ കാണാ പർവ്വം
മേഘത്തേരിലേറി എത്തുമെന്ന് ഞാനെന്നോട് അടക്കം പറഞ്ഞു മന്ദഹസിക്കുന്നു…
ഓർമപ്പൂവായി മാറിയിരിക്കുന്നു നീ…
ഇനിയെന്തു പ്രണയം ?
ഞാൻ പൊഴിഞ്ഞീ വഴിത്താരയിൽ
പതിയും, മഞ്ഞുപുതഞ്ഞെന്റെ
കവിളുകൾ ചുവക്കും, കടന്നു പോകുന്നയാ
വിരഹ ഹൃദയങ്ങൾ എന്നെ നോക്കി പുഞ്ചിരിക്കും,
ഞാനതിൽ പ്രണയം തിരഞ്ഞു പിടിക്കും
ഞാനിനിയുമുറങ്ങും,
അടുത്തവസന്തത്തിൽ പിന്നെയൊരു
പൂമൊട്ടാകാനായി ഇനിയുമുണരും,
ഇനിയും പ്രണയിക്കും, പിന്നെയും വിരഹിക്കും
പിന്നെയും മരിക്കും
അതങ്ങിനെയങ്ങിനെ മരണമില്ലാതെ തുടരും..