ആദ്യം ഹണി
അവസാനവും ഹണി.
ഇടയ്ക്ക് രണ്ട് മൂൺ
ഒന്ന് ആകാശത്ത്.
കുളത്തിൽ മറ്റൊന്ന്.
ആദ്യം ശൂന്യത
അവസാനവും ശൂന്യത
ഇടയ്ക്ക് ഒരു ബ്രഹ്മാണ്ഡതമാശ.
ഒടുങ്ങുന്നത് തുടങ്ങാൻ
തുടങ്ങുന്നത് ഒടുങ്ങാൻ
ഇടയ്ക്ക് വേണമെങ്കിലൊന്ന്
കിടുങ്ങാം…
ആദ്യം കേശം
അവസാനം പാദം
കേശാദിപാദം ശവം.
ആദ്യം കൊളളിക്കാരൻ കരയും
അവസാനത്തെ ചിരി
ശവത്തിന്റെതായിരിക്കും
ആദ്യമെന്ത്
അന്ത്യമെന്ത്
ചിന്തിച്ചാലൊരന്തോമില്ല
തൽക്കാലം മുന പോയ
ഒരു കുന്തമായി നിരീക്ഷിക്കാം
സ്വന്തം ആന്ത്രവായുവെ
അല്ലെങ്കിൽ വാനാറ്റത്തെ.
ആദ്യം കിറ്റ്
അവസാനം വോട്ട്
ഇടയ്ക്കൊരു ആട്ട്
ലോട്ടറിയെടുത്ത്
ബാറിൽ കാത്തിരിക്കാം
ജീവിത സാഹചര്യത്തെ മറക്കാം
ജീവനെ ഓർക്കാം
നിർഭാഗ്യദേവതയെ പുണരാം.
ആദ്യം കിടിലൻ
അവസാനം തണുപ്പൻ
എങ്കിലും സംഗതി അടിപൊളി.
ആദ്യം ലിവിംഗ് ടുഗെതർ
അവസാനം ലീവിംഗ് ആൾടുഗെതർ,
ഇടയ്ക്കെങ്ങാണ്ടൊരു
മണമില്ലാപ്പൂവട്ടം
പത്തോണത്തിന്റെ.