ചുടുകാറ്റ് വീശുമീ വീഥിയിലിരിക്കുന്ന
ദേശാടിയാം കൊച്ചു ചെമ്പരുന്തേ….
നീ പോയ വഴിയോര മെവിടേലുമെന്റെ
കേരളത്തമ്മേനെ കാൺമതുണ്ടോ?
കാറ്റുണ്ടോ മഴയുണ്ടോ കാർമേഘമുണ്ടോ
അവിടെ മനമലിയും നിറമുള്ള മലകളുണ്ടോ…
പുഴയോരം വയലുണ്ടോ വയൽക്കിളികളുണ്ടോ..
ചൊല്ലുക ചൊല്ലുക ചെമ്പരുന്തേ…
ദേശാടിയാം കൊച്ച് ചെമ്പരുന്തേ…
വരണ്ടൊരു നാവതൂ മെല്ലെ ചിലച്ചൂ
കാറ്റുണ്ട് മഴയുണ്ട് കാർമേഘമുണ്ട്,
മനമലിയും നിറമുള്ള മലയുമുണ്ട്
പുഴയോരം വയലുണ്ട്
വയൽക്കിളിയുമുണ്ട്
മലയോളം എനിക്കിന്നു ദാഹമുണ്ട്.
ദാഹമകറ്റുവാൻ വെള്ളമില്ലാമിവിടെ
കാണുന്നതെല്ലാം മിഥ്യയാണെ..
എൻ ചോര കൊണ്ടു നീ ദാഹമകറ്റുക
ചൊല്ലുക ചൊല്ലുക കേരളത്തെ…
ഒരു നൂറ് പുലരി പുലർന്നിട്ടും മഴയെ-
ഞാൻ കണ്ടതെയില്ലായീവഴിയെ
ചൊല്ലുക ചൊല്ലുക ചെമ്പരുന്തേ
ദേശാടിയാം കൊച്ച് ചെമ്പരുന്തേ..
സഹ്യന്റെ മടിത്തട്ടിലുറങ്ങുമീ നാടിനു
ശാന്തിയും ഐശ്വര്യവുമെന്നുമുണ്ട്
വയലോരം പാടുന്ന നാടിന്റെ പാട്ടിനു
താരാട്ടുപോലെ മാധുര്യമുണ്ട്
പല പല ഭാഷകൾ പല പല നദികളാൽ
കൂടിക്കുഴഞ്ഞങ്ങ് വടക്കുമുണ്ട്
മതമുള്ള മരമുണ്ട് ‘ജാതി’ക്കായ് മണമുണ്ട്
മരണക്കിടക്കയും കൂടെയുണ്ട്.
കൊച്ചിക്കൊരഴകുണ്ട് പക്ഷിക്കൊരു വനമുണ്ട്
പടയണി തെയ്യവും കൂട്ടിനുണ്ട്
നിറമുള്ളെരു കലയുണ്ട് കലയുള്ളെരു-
നിറമുണ്ട് പച്ച പവിഴ പുഴകളുണ്ട്.
ഈ ചുടുകാറ്റെ നീ എന്തിനു കൊൾകേണം
ഈ ചുടുമണലെ നീ എന്തിനു നിൽക്കേണം
ചൊല്ലുക ചൊല്ലുക കേരളീയാ, നിൻ-
കഥയൊന്നു ഞാൻ കേട്ടിടട്ടെ..
അക്കരെ നിന്നപ്പോൾ ഇക്കരെ പച്ച
ഈ മണൽ തരികളേൽ പൂത്തുനിന്നു.
ഇക്കരെ വന്നപ്പോൾ അക്കരെ പച്ച
മനസ്സല്ലെ പണമല്ലെ മാറുകില്ലെ.
കണ്ണുള്ള കാലത്ത് വിലയില്ലാ കണ്ണിനു
കർത്തവ്യമൊക്കെ പലതുമുണ്ട്.
ചൊല്ലുക ചൊല്ലുക ചെമ്പരുന്തേ….
കേരളമണ്ണിനെ വാഴ്ത്തീടുക.
പറയില്ല കള്ളങ്ങൾ പനമേലിരുന്നാലും
കേൾക്കുക കേൾക്കുക കേരളീയാ…
പമ്പക്കൊരഴകുണ്ട് പെരിയാറിനൊരളവുണ്ട്
നിറമുള്ളൊരു നിളയുണ്ടീ കേരളത്തിൽ
തിറയുള്ളൊരു കാവുണ്ട് തിരയുള്ളൊരു കടലുണ്ട്
നാടെങ്ങും ഉത്സവപൂരമുണ്ട്.
ആനക്കൊരെടുപ്പുണ്ട് ചെണ്ടക്കൊരു-
കൊട്ടുണ്ട്, ചേങ്ങില കഥകളി കൂത്തുമുണ്ട്.
കയറുണ്ട് ഖദറുണ്ട് കരിവളകൈയ്യുണ്ട്
മണമുള്ള പുത്തരി ചോറുമുണ്ട്.
ഇടിവെട്ടി പൊടിതട്ടി ഞെട്ടിയുണർന്നപ്പോൾ
പരുന്തില്ല, മണലില്ല, മനസ്സുമാത്രം.