ഒരു സാധാരണ മനുഷ്യൻ

11art-hess-zender-articlelarge-v4

ഞാനൊരു   മനുഷ്യനാണ്  . വെറും  സാധാരണ   മനുഷ്യൻ.  ആകാരവടിവാർന്ന  ഒരു ചട്ടകൂടിനുളളിൽ  ശ്വസനവും  ദഹനവും  വിസർജ്ജനവും  ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ  നിരന്തരം നടന്നൊടുക്കം  തേഞ്ഞുതീരുന്നതായ  ഒരു  യന്ത്രം. കണ്ണുളളത് കൊണ്ട്  മാത്രം കാണുകയും  കാണുന്ന  കാഴ്ചകളൊക്കെയും  കണ്ണിൽ  നിന്നു മറയുമ്പോൾ  തന്നെ  മനസ്സിൽ  നിന്നും  മറയുന്ന , ഒത്തിരി  ശബ്ദങ്ങൾ  കർണ്ണപടത്തിൽ  വന്നലയ്ക്കുന്നുണ്ടെങ്കിലും അത്  ഏതിന്റെയെന്ന്  തിരിച്ചറിയാൻ  ശ്രമിക്കാത്ത  ,  യാഥാര്‍ത്ഥ്യങ്ങളെ  ചവറ്റുകൊട്ടയിലേക്കെറിഞ്ഞിട്ട്  സ്വപ്നങ്ങളെ  എടുത്ത്  മേശപ്പുറത്ത്  വയ്ക്കുന്ന ,  പാതിയോളം  ഭൂതത്തിലും പാതി  ഭാവിയിലും  വളരെ കുറച്ചു  മാത്രം  വർത്തമാനകാലത്തിലും  ജീവിക്കുന്ന  വെറും  സാധാരണ  മനുഷ്യൻ .

തിന്നുകയും  കുടിക്കുകയും  ഉറങ്ങുകയും  വിസർജ്ജിക്കുകയും  തന്റെ  സൃഷ്ടി വൈഭവം  ആരെയോ  കാണിക്കാൻ  വേണ്ടി  സന്തതികളെയുണ്ടാക്കുകയും  തന്റെ  ജീവിതം  മറ്റുളളവരുടെ  മുമ്പിൽ  പ്രദർശിപ്പിക്കാൻ  കാശുണ്ടാക്കുകയും  ആണ്  ജീവിതമെങ്കിൽ ഞാനും  ജീവിക്കുകയാണ്

പണ്ട്  അൻപതു   വർഷങ്ങൾക്കു മുമ്പ്  ഞാനൊരു  ഭ്രൂണമായിരുന്നു .ആയിരത്തി തൊളളായിരത്തി അറുപത്തെട്ട്   ജനുവരി  ഇരുപതാം തീയ്യതി  ആണ്  ഞാനീ  ലോകത്തേക്ക്  വന്നത്  . കരഞ്ഞുകൊണ്ട്  വന്ന  ഞാൻ പയ്യെ  ചിരിക്കാൻ  പഠിച്ചു . ആ ചിരി  എനിക്കു ചുറ്റും ഒരാൾവലയം  സൃഷ്ടിച്ചു . ഒരുപക്ഷേ  അന്നു  ഞാൻ  ചിരിക്കാൻ  പഠിച്ചിരുന്നില്ലെങ്കിൽ ഒരുകാലവും എനിക്കു ചുറ്റും  ആൾവലയം  ഉണ്ടാകുമായിരുന്നില്ല .  ബഹുദൂരം  മുന്നോട്ടു  പോകാനുളളത്  കൊണ്ടായിരിക്കാം  ഞാൻ  നടക്കാൻ പഠിച്ചു . ഒത്തിരി  കാര്യങ്ങൾ  ലോകത്തോട്  വിളിച്ചു  പറയാനുളളതുകൊണ്ടായിരിക്കാം  ഞാൻ  സംസാരിക്കാനും പഠിച്ചു . ഓടാനും ചാടാനും  കളിക്കാനും  തുടങ്ങിയപ്പോൾ   കളിക്കളങ്ങളും  കളിക്കൂട്ടുകാരും  എന്റെ  ജീവിതത്തിൽ  മുഖ്യ  സ്ഥാനം  വഹിച്ചു.  പിന്നെ  പുസ്തകങ്ങളും  എനിക്ക്  കൂട്ടുകാരായി  അന്നെന്റെ  കണ്ണുകൾക്ക്  ജിജ്ഞാസയുടെ  തിളക്കമുണ്ടായിരുന്നു . കാണുന്ന  കാഴ്ചകൾ   എന്റെ  മനസ്സിലും  പതിഞ്ഞിരുന്നു  . കേൾക്കുന്ന  ശബ്ദങ്ങൾ  എനിക്കു  വ്യക്തമായി  തിരിച്ചറിയാൻ  കഴിഞ്ഞിരുന്നു .സ്നേഹവും  സൗന്ദര്യവും  ജീവിതത്തിന്റെ  സുഗന്ധവും  യഥേഷ്ടം  വാരി  നിറയ്ക്കാവുന്ന  തരത്തിൽ  എന്റെ  ഹൃദയം  തുറന്നു  കിടക്കുകയായിരുന്നു .  പിന്നെയങ്ങോട്ട്  ആവശ്യമുളളതും  അല്ലാത്തതുമായ  ഒത്തിരി  കാര്യങ്ങൾ  പഠിച്ചെടുക്കുന്ന  തിരക്കിലായി  ഞാൻ .  ആ തിരക്കിൽ  ഞാൻ  കളികളും  കളിക്കളവും മറന്നു . വിവരങ്ങൾ  നിറഞ്ഞു  തിങ്ങി  എന്റെ  മസ്തിഷ്കവും  ഞാനും  വികസിച്ച്  എനിക്കൊരു  ജോലി  കിട്ടിയപ്പോൾ  തിരക്കാണെന്ന  ന്യായവാദം എന്നോട് തന്നെ  ഉന്നയിച്ചു  ഞാനെന്റെ  സൗഹൃദങ്ങളോടും  പുസ്തകങ്ങളോടും  വിട പറഞ്ഞു  . പിന്നെ  ഏതൊരു  മനുഷ്യനേയും പോലെ  ജീവശാസ്ത്രപരമായ  ആവശ്യമെന്ന നിലയ്ക്ക്  ഞാനുമൊരു വിവാഹം  കഴിച്ചു . അതോടെ  ഞാനെന്റെ  ഇഷ്ടങ്ങളോടും താത്പര്യങ്ങളോടും  വിട പറഞ്ഞു  എനിക്കുമൊരു  കുടുംബമുണ്ടായപ്പോൾ   സ്വാഭാവികമായും ഞാനെന്റെ  അചഛനമ്മയേയും  സഹോദരങ്ങളേയും  മറന്നു   പയ്യെ  പയ്യെ  എന്റെ  വീടിനോടും  നാടിനോടും  ഞാൻ വിട  പറഞ്ഞു  കാലം കഴിയുന്തോറും ജീവിതത്തിലെ  പ്രണയദളങ്ങളും  കൊഴിഞ്ഞ് ഒരു  തണ്ട്  മാത്രമായി  അവശേഷിച്ച  എന്നിൽ    നിർവ്വികാരിതയും മടുപ്പും  കുടികെട്ടി  പാർത്തു .   ഇന്നീ അന്യനാട്ടിൽ  വർഷങ്ങളായുളള  ഇരിപ്പു കാരണം  വട്ടത്തിൽ  തഴമ്പിച്ച കസേരയിൽ ഇരുന്ന്  ആവർത്തനവിരസതയാൽ  മടുത്ത  ജോലി  ചെയ്ത്   ക്ലോക്കിലെ  സൂചിയെപ്പോലെ  ദിനചര്യകളുടെ  രണ്ട്  ഭ്രമണം പൂർത്തിയാക്കി  ജീവിച്ചു  തീർക്കുന്നു  . കുറച്ചു  വർഷങ്ങൾ കൂടി  കഴിഞ്ഞാൽ  ഞാനെന്റെ  ജോലിയോടും  വിടപറയും  . പിന്നെ  ഈ ലോകത്തോടും .

ഞാനൊരു  പുസ്തകമായിരുന്നെങ്കിൽ  അതിന്റെ  ഏറ്റവും   അവസാനത്തെ താളിൽ   പറയാനുളളത്  മുഴുവൻ  പറഞ്ഞു   തീരാതെ  നടക്കാൻ  ആഗ്രഹിച്ചത്രയും  വഴി  നടക്കാനാവാതെ  ഈ സാധാരണ  മനുഷ്യൻ  അവസാനിച്ചിട്ടുണ്ടാകും  .  ആ  പുസ്തകം  വായിച്ചു   കഴിഞ്ഞവർ  അതിന്റെ   ആസ്വാദനകുറിപ്പിൽ  ഇങ്ങനെ  എഴുതും  ”  പാവം നല്ല  മനുഷ്യനായിരുന്നു .”  എന്നിട്ട്  ആ പുസ്തകം  ഓർമ്മയുടെ  ചവറ്റുകൊട്ടയിലേക്ക്  വലിച്ചെറിയും .വായിച്ചു  കഴിഞ്ഞിരുന്നതു കൊണ്ടും  ഇനി  ആവശ്യമില്ലാത്തതുകൊണ്ടും  ഒന്നെടുക്കപ്പെടാതെ  മറിച്ചുനോക്കപ്പെടാതെ ആ പുസ്തകം  ഓർമ്മയുടെ  ചവറ്റുകൊട്ടയിൽ  തന്നെ  കാലങ്ങളോളം

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English