നഗരജീവിതത്തിന്റെ ഉപന്യാസമായും ദേവദാസ് വി എമ്മിന്റെ പുതിയ നോവലിനെ വായിക്കാം. പുനർവായനകൾക്കും, പുതിയ വെളിച്ചങ്ങൾക്കും വാതിൽ തുറന്നുകൊടുത്ത് ഒരു നോവൽ. അടുത്തകാലത്തിറങ്ങിയ മലയാള നോവലുകളിൽ സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്ന കൃതിയെക്കുറിച്ച് നിരൂപകനും, വിവർത്തകനുമായ അജയ് പി മാങ്ങാട്ട് പങ്കു വെച്ച കുറിപ്പും അതിന് നോവലിസ്റ്റിന്റെ മറുപടിയും വായിക്കാം.:
”ചെപ്പും പന്തും ‘വായന കുറേ സമയമെടുത്തു പൂർത്തിയാക്കാൻ. ഏതാണ്ടു നൂറുതാളുകളായപ്പോൾ, മറ്റു പല കാരണങ്ങളാൽ, രണ്ടുവട്ടം വായന മുടങ്ങി. അതുകൊണ്ടു കുറെ ദിവസം കഴിഞ്ഞ് അതു പുനരാരംഭിച്ചപ്പോൾ, രണ്ടു വട്ടവും എനിക്ക് ആദ്യം മുതൽ വായിക്കാനാണു തോന്നിയത്. അതുകൊണ്ടാകാം മുകുന്ദനെപോലെ അതീവ ദു:ഖിതനായ ഒരാളുടെ അന്ത്യത്തിന്റെ ഏടു മറിച്ചതും ഞാൻഉബൈദിന്റെ തിരോധാനത്തെപ്പറ്റി പിന്നെയും ആലോചിച്ചത്.
അവനെ നാം അവസാനം കണ്ട കടപ്പുറത്ത് ഞാൻ വീണ്ടും പോയിനോക്കി. എനിക്കറിയാവുന്ന എല്ലാ തിരോധാനങ്ങളെയും എല്ലാ മനോഹരമായ മനസ്സുകളെയും ഓർത്തു. അവൻ വിട്ടുപോയ എല്ലാ സൂചനകളെയും തൊട്ടു. അപ്പോൾ തന്റേതുമാത്രമായ ഒരു ജീവിതം തനിക്കുണ്ടോ എന്ന ഉബൈദിന്റെ വിചാരം കണ്ടു. താൻ കാണുന്നവരെ, അറിയുന്നവരെ, അറിയുന്നവരെ എല്ലാം ചേർത്തുവച്ചാൽ തന്റെ കഥയാകുന്നു എന്ന ഉബൈദിന്റെ മനോഗതം അറിഞ്ഞു.
ദേവദാസ് വി എമ്മിന്റെ ചെപ്പും പന്തും വിശേഷപ്പെട്ട നോവലാണ്. ചെളിവെള്ളത്തിൽ പഴന്തുണി പോലെ, മനുഷ്യൻ അഴുകുന്ന മഹാനഗരത്തിൽ തിരോധാനം ചെയ്ത മേൽ വിലാസത്തെ മുടങ്ങാതെ തിരയുന്ന ഒരു കടിതമുണ്ടല്ലോ ഈ നോവലിൽ. ആ എഴുത്തിലെ തോൽക്കാത്ത അൻപാണ് ഇതിലാകെ പ്രസരിക്കുന്നത്.’
അജയ് പി മാങ്ങാട്ട്
‘ചെപ്പും പന്തും എന്ന നോവലിന് അജയ് പി മാങ്ങാടിന്റെ വായന. ആ കുറിപ്പിലെ ‘അൻപ്’ എന്ന വാക്കിന്റെ പ്രാധാന്യം തിരിച്ചറിയുന്നു. അതു പറയാൻ ഒരു കാരണമുണ്ട്. എന്താണ് ഈ നോവലെഴുതാനുള്ള കൃത്യം പ്രേരണയെന്ന്ഈ യടുത്ത് പുസ്തകം വായിച്ചൊരു സുഹൃത്ത് ചോദിച്ചിരുന്നു. വാസ്തവം പറഞ്ഞാൽ Liberty, Equality, Fraternity എന്ന മുദ്രാവാദ്യത്തിലെ സ്വാതന്ത്ര്യം, സമത്വം എന്നിവയ്ക്കായുള്ള പോരാട്ടങ്ങളും പ്രതിഷേധങ്ങളും ഇപ്പോഴുമെമ്പാടുമുണ്ട്. എന്നാൽ Fraternity (സാഹോദര്യം എന്ന പ്രയോഗം എത്രമേൽ യോജിക്കുന്നു എന്നറിയില്ല) എന്ന കാര്യം അപ്പാടെ മറന്നു പോയൊരു മട്ടാണിപ്പോൾ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വർഗ്ഗം/തരം എന്നിവയൊന്നുമല്ലാതെ തന്നെ തനിയായ നിലനിൽപ്പുള്ള, ‘അൻപ്’ എന്ന സംഗതിയെ തിരിച്ചറിയാനുതകുന്ന Fraternityക്കെന്ത് സംഭവിക്കുന്നു എന്നൊരു സംശയത്തിൽ നിന്നാണ് യഥാർത്ഥത്തിൽ ആ നോവൽ പിറന്നതെന്നാണ് പിന്തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്നത്.’
ദേവദാസ് വി എം