ഒരു തോണിയാത്ര

അച്ഛനു സുഖമില്ലാത്തതു
കൊണ്ടാണ് അപ്പു കടവിലെത്തിയത്. അക്കരെയെത്താൻ ഇപ്പോഴും നാട്ടുകാർക്ക് ആശ്രയം ആ കടത്തുവള്ളം മാത്രമാണ്.

സമപ്രായക്കാരനായ ഒരു കുട്ടിയാണ് ആദ്യം വള്ളത്തിൽ കയറിയത്.

” കാത്തു നിൽക്കാൻ നേരമില്ല. വേഗം തുഴഞ്ഞോ.”

വള്ളത്തിൽ കയറിയ ഉടൻ അവൻ ആവശ്യപ്പെട്ടു.

” എസ്.എസ്.എൽ.സി ക്ക് സമ്പൂർണ എ പ്ലസ് കിട്ടിയ അനീഷല്ലേ?”

അപ്പു ചോദിച്ചു

“അതേ. എനിക്കിന്ന് സ്കൂളിൽ പി.ടി.എ യുടെ ഒരു അനുമോദനം ഉണ്ട്. അതിനു പോകുകയാണ്.”

“എന്റെ അഭിനന്ദനങ്ങൾ.”

“എന്താ നിന്റെ പേര്?”

“അപ്പു .”

” നീ പഠിക്കുന്നില്ലേ?”

” ഉണ്ട്. ഇക്കൊല്ലം പത്താം ക്ലാസ്സു കഴിഞ്ഞു. ”

“അതെയോ? എത്ര എ പ്ലസ് ഉണ്ട്?”

“കഷ്ടിച്ച് കടന്നു കൂടി. അത്ര തന്നെ.”

“ഒന്നോർത്താൽ ഇതിലൊക്കെ എന്തിരിക്കുന്നു, അപ്പൂ. കഷ്ടകാലത്തിന് ഈ വള്ളംമറിഞ്ഞൂന്ന് വിചാരിക്കുക. നീന്തലറിയുന്ന നീ രക്ഷപ്പെടും.സമ്പൂർണ എ പ്ലസ് നേടിയ ഞാൻ മുങ്ങിച്ചാകും.”

” അതു വെറുതെ. നീ അസ്സൽ നീന്തൽക്കാരനാണെന്ന് എനിക്കറിയാം. സ്റ്റേറ്റ് ചാമ്പ്യൻ.സ്വർണ മെഡൽ ജേതാവ് ”

” അപ്പോൾ നിനക്ക് കാര്യങ്ങളൊക്കെ അറിയാം, അല്ലേ?”

“അതുകൊണ്ടല്ലേ ഞാനീ വള്ളംമറിക്കാതിരുന്നത്. ”

അത്രയും പറഞ്ഞ് അവൻ ആഞ്ഞു തുഴഞ്ഞു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here