ഇന്നു ജനിക്കേണ്ടവനായിരുന്നു, ഞാൻ
എന്നാൽ എൻ്റെ നക്ഷത്രം
ഇന്നലെ ഒരു തമോഗർത്തമായി.
എൻ്റെ വൃക്ഷം എൻ്റെ കിളിയുടെ ജീവനെടുത്തു.
എൻ്റെ രാജാവിൻ്റെ പേര് ഹെറോദ് എന്നല്ല.
കംസനുമല്ല എൻ്റെ അമ്മാവൻ.
ഞാൻ ജൂതനോ കമ്മ്യൂണിസ്റ്റോ അല്ല.
ഞാൻ രാജകുമാരിയെ പ്രണയിക്കുകയോ
സാമ്രാജ്യത്തിന് വേണ്ടി
അവകാശമുന്നയിക്കുകയോ ചെയ്തിട്ടില്ല.
എന്നിട്ടും, എൻ്റെ പിറവിയെ
എല്ലാവരും
എന്തിനിങ്ങനെ ഭയപ്പെടുന്നുവെന്ന്
എനിക്കറിയില്ല.
നീ എനിക്കായി
കരുതി വെച്ച പ്രണയം
പാഴാവുകയാണ്.
നിനക്കായ് ഞാൻ കാത്തു വെച്ച പ്രണയം
എന്നെ വെറുക്കുന്നു.
എൻ്റെ സ്വപ്നങ്ങൾ ഞാൻ കാണുന്നതിന് മുൻപ്
എന്നെ ഒറ്റുകൊടുക്കുന്നു.
ജീവിച്ചിരിക്കുന്നവരുടെ
രജിസ്റ്ററിൽ എൻ്റെ പേരില്ല
ആർക്കും അറിയാത്തൊരു കുറ്റത്തിന്
ഇനിയും കണ്ടെത്താനിരിക്കുന്ന
ഒരു രാജ്യത്തിലേക്ക്
നാടുകടത്തപ്പെട്ടവനാണ്
ഞാൻ.
(C)( 2015)ഇംഗ്ലീഷിൽ നിന്ന് മൊഴി മാറ്റിയത് വി.പി. ഷൗക്കത്തലി.