തുറിച്ച് നോക്കുന്ന നിഴൽ രൂപങ്ങൾ
സ്വപ്നത്തിലേയ്ക്ക് എത്തി നോക്കുന്ന
ക്രൗര്യത്തിന്റെ ചുവന്ന കണ്ണുകൾ
ഒരു കടലിരമ്പമുണ്ട് കാതുകളിൽ
അടുത്തുവരുന്ന ചുഴലിക്കാറ്റ്
ഇക്കാറസ്സിനെ പോലെ
എന്റെ ചിറകുകൾ കരിഞ്ഞിരിക്കുന്നു.
മെഴുകുരുകി വീഴുന്നത് ആ കാൽപാദങ്ങളിലാണ്.
ആ ആണിപ്പഴുതുകളിലേയ്ക്ക്
വീണ്ടും വീണ്ടും ആ പാദങ്ങൾക്ക് പൊള്ളലേൽക്കുന്നു.
കത്തിയെരിയുന്ന മാംസത്തിന്റെ ഗന്ധം
എല്ലുകൾ പൊട്ടിയടരുന്നു
താഴ് വരയിലാകെ അസ്ഥികളാണ്
ദൂരെ ഒരു കാഹളധ്വനി കേൾക്കാം
അസ്ഥികൾ ഒന്നിയ്ക്കുന്നു.
മജ്ജയും മാംസവും ഞെരമ്പുകളും
അസ്ഥികളിൽ വേരോടുന്നു
ജീവന്റെ ഉച്ചോശ്വാസങ്ങൾ
അസ്ഥികളുടെ താഴ് വരയിൽ
അപ്പോഴും ചേതനയറ്റ പൂർണ്ണരൂപങ്ങളായിരുന്നു.
കൈകഴുകി ഒഴിഞ്ഞു മാറിയവന്റെ
അന്തപുരത്തിൽ ഭയത്തിന്റെ നിലവിളികൾ
ഇരുളിലും കാണുന്ന രക്തക്കറകൾ
നീതിമാന്റെ രക്തം വീണ്ടും വീണ്ടും അലമുറയിടുന്നു
ചാട്ടയടികളിൽ മുറിഞ്ഞ് അടർന്ന് വീഴുന്ന മാംസക്കഷണങ്ങൾ.
നാഥാ! ശരീരം എത്രയോ ദുർബലം
ആൾക്കൂട്ടത്തിനിടയിലൂടെ നടന്നുനീങ്ങുന്ന
നിന്റെ കണ്ണുകളിൽ എനിക്ക്,
ആ പഴയ കുറുക്കന്റെ കൗശലം കാണാം;
കല്ലുകളെടുത്ത് അപ്പമെന്ന് പേര് ചൊല്ലിയ പഴയ കൗശലക്കാരൻ:
മലമുകളിലെ ആരവം അടുത്തു വരുന്നു
പറുദീസയിൽ എന്നെക്കൂടെ ഓർക്കേണമേ….
വരണ്ട ഉഷ്ണക്കാറ്റിൽ . ചിതറിയ യാചനകൾ
സുർക്കാ നിറച്ച നീർപഞ്ഞി ചുണ്ടോടു ചേർത്തു
നീ ചുംബിച്ചുമറന്ന ചുണ്ടുകളൊക്കെ
മറവിയുടെ മുള്ള് കൊണ്ട് വരഞ്ഞു കീറിയിരിക്കുന്നു
സുർക്കാ ഇറ്റിച്ചപ്പോൾ ആ മുറികളൊക്കെ വീണ്ടും വീണ്ടും നീറുന്നു…
മുപ്പത് വെള്ളിയ്ക്ക് വേണ്ടി ഒറ്റിയവന്റെ വഞ്ചനയോളം വരുമോ ഈ നീറ്റലുകൾ
എല്ലാം പൂർത്തിയായിരിക്കുന്നു
ആകാശത്തിന്റെ കവാടങ്ങളേ,
മേഘപാളികൾ തുറക്കുവിൻ;
ഭൂതലമേ നിന്റെ ഗർഭഗൃഹങ്ങൾ തുറന്നാലും,
എന്റെ ആറടിയുടെ വിശ്രമം നിങ്ങളിലാണ്
ഇനിയും ശേഷിച്ച അഞ്ചുതുള്ളികൾ
എന്റെ വക്ഷസ്സ് പിളർന്ന കുന്തമുനയിലൂടെ ഒഴുകി വീണ രക്തവും ജലവും
നിന്റെ കണ്ണുകളെ പ്രകാശത്തിലേയ്ക്ക് തുറക്കട്ടെ….
കൗശലം വിടർന്ന മിഴിക്കോണിൽ
ഒരിറ്റ് സ്നേഹത്തിന്റെ ചുവപ്പ് തെളിയുന്നുണ്ടോ?
നെടുകെ കീറിയ വിരിയുടെ മറവിൽ
പുരോഹിതൻ ഇരിക്കുന്നു
ചാരം പൂശി അയാൾ വിലപിച്ചു
പരിഖാതം പരിഖാതം
ഇവൾ നിരപരാധിയായിരുന്നു.