ജാതകത്തിൽ കാളസർപ്പ യോഗമുണ്ടെന്ന് കണിയാർ പറഞ്ഞപ്പോൾ അതെന്തു മാരണമാണെന്ന് വാസുദേവനു മനസ്സിലായില്ല. അതു മനസ്സിലാക്കിയ കണിയാർ, കടുപ്പത്തിൽ ഒരു ശ്ലോകം ചൊല്ലി മനസ്സിലാകുന്ന ഭാഷയിൽ കാര്യം പറഞ്ഞു.
“ഗ്രഹനിലയിൽ രാഹു-കേതുക്കൾക്കിടയിൽ അതായത്, സർപ്പഗ്രഹങ്ങൾക്കിടയിൽ മറ്റു ഗ്രഹങ്ങളെല്ലാം അകപ്പെട്ടു പോകുന്ന അവസ്ഥ. ജീവിതം, നടുവിൽ അടി കിട്ടിയ പാമ്പിൻ്റെ അവസ്ഥയിലാകും. അത്ര തന്നെ.”
ദക്ഷിണ വാങ്ങി കണിയാർ പടിയിറങ്ങി.വാസുദേവൻ ഓരോന്നാലോചിച്ച് പൂമുഖത്തു തന്നെ ഇരുന്നു.കാള സർപ്പയോഗത്തിന് പരിഹാരങ്ങൾ ചെയ്യണം. നല്ല ചെലവു വരും.മണ്ണാറശാലയിൽ പോകണം. സർപ്പപ്രീതി വരുത്തണം…….
” അയ്യോ, പാമ്പ് ” – അടുക്കളയിൽ നിന്നും നിലവിളിച്ചു കൊണ്ട് ഭാര്യ ഓടി വന്നു.
“വേഗം വരൂ, മൂർഖനാണ്.” – അവൾ നിന്നു കിതച്ചു.
” അതു പൊയ്ക്കോളും.” – അയാൾ അലസമായി മൊഴിഞ്ഞു.
അവൾ ഒന്നു തുറിച്ചു നോക്കിയ ശേഷം തിരിഞ്ഞു നടന്നു.
അടുക്കളയിൽ പാത്രങ്ങൾ വീഴുന്നതിൻ്റെയും മറ്റും ശബ്ദം .ഭാര്യ ,പാമ്പിനെ പുറത്താക്കാനുള്ള ശ്രമത്തിലായിരിക്കും. അയാാൾ പതുക്കെ എഴുന്നേറ്റ് അങ്ങോട്ടു ചെന്നു.
” ഒരടി കൊടുത്തു. നടുവു ചതഞ്ഞിട്ടുണ്ട്. എന്നിട്ടും രക്ഷപ്പെട്ടു.” – അവൾ നിരാശയോടെ പറഞ്ഞു.
” കാള സർപ്പയോഗം !” _ അയാൾ മനസ്സിൽ മന്ത്രിച്ചു. അവൾ പാമ്പ് ഇഴഞ്ഞു പോയ ഭാഗത്തേക്ക് വടിയുമായി ചെന്നു.
“ഈ ദോഷത്തിന് പരിഹാരമില്ല” – അയാൾ മനസ്സിലുറപ്പിച്ചു.
*
കെ.കെ.പല്ലശ്ശന