മലയാളകവി എ.അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരിക വേദി ഏർപ്പെടുത്തിയ പതിനൊന്നാമത് അയനം – എ.അയ്യപ്പൻ കവിതാ പുരസ്കാരത്തിന് എം.എസ്. ബനേഷിന്റെ പേരക്കാവടി എന്ന കവിതാ സമാഹാരം അർഹമായി.11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. അൻവർ അലി ചെയർമാനും അനു പാപ്പച്ചൻ, കുഴൂർ വിത്സൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.
പൂർവ്വസൂരികളിൽനിന്ന് തീർത്തും വിഭിന്നമായ വഴി സ്വീകരിക്കുമ്പോഴും മലയാള കാവ്യപാരമ്പര്യത്തിന്റെ പച്ചഞരമ്പ് തന്റെ കാവ്യശരീരത്തിൽ നിലനിർത്താൻ കവിക്ക് കഴിയുന്നു. സമകാല ജീവിതത്തോടും ചരിത്രത്തോടുമുള്ള കവിയുടെ മൂർച്ചയുള്ള ഒച്ചയും, സൂക്ഷ്മവും തീവ്രവുമായ പ്രതികരണങ്ങളും വായനക്കാരന് ഊർജ്ജവും ഉൾവെളിച്ചവും നല്കുന്നു എന്നും ജൂറി അഭിപ്രായപ്പെട്ടു.
2023 ഫെബ്രുവരി 20 ന് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽവെച്ച് കെ.സി.നാരായണൻ പുരസ്കാരം സമ്മാനിക്കും.
പത്രസമ്മേളനത്തിൽ
അൻവർ അലി, അനു പാപ്പച്ചൻ, അയനം ചെയർമാൻ വിജേഷ് എടക്കുന്നി, ടി.എം.അനിൽകുമാർ എന്നിവർ പങ്കെടുത്തു.