കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ലയൺസ്ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള അമ്മ മലയാളം പരിപാടി വൈകുന്നേരം 5.30ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും. യോഗം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കവി ഗണപൂജാരി മുഖ്യപ്രഭാഷണം നടത്തും.അഞ്ഞൂറിലധികം പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്യും. വിവിധ എഴുത്തുകാരുടെ വിവിധ പ്രസാധകരുടെ ഇത്രയധികം പുസ്തകങ്ങൾ ഒരേ സമയം പ്രകാശനം ചെയ്യുന്നത് മലയാള ഭാഷയുടെ ചരിത്രത്തിൽ ആദ്യമായാണ്.ഇത് ലോക റിക്കാർഡ് ആകുമെന്നാണ് ലയൺസ് ക്ലബ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്.
ഇൻക്രഡിബിൾ ബുക്സ് ഒഫ് റിക്കാർഡ്സിന്റെ പ്രതിനിധികൾ ചടങ്ങ് നിരീക്ഷിക്കാൻ എത്തുമെന്ന് ലയൺസ് ക്ലബ് സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വി.പരമേശ്വരൻകുട്ടി, ഡിസ്ട്രിക്ട് ചെയർപേഴ്സൺ എസ്.സജി സുജിലി എന്നിവർ പറഞ്ഞു.ചടങ്ങിൽ മാതൃഭാഷ മറക്കുന്ന മലയാളി, ശാസ്ത്രവും മാതൃഭാഷയും, മത്സരപരീക്ഷയും മാതൃഭാഷയും, വൈദ്യശാസ്ത്രവും മാതൃഭാഷയും, ഗണിതശാസ്ത്രവും മാതൃഭാഷയും, കോടതിയും മാതൃഭാഷയും, ഭരണഭാഷയും മാതൃഭാഷയും, വിദ്യാഭ്യാസവും മാതൃഭാഷയും എന്നീ വിഷയങ്ങളിൽ പ്രഭാഷണവും നടക്കും.ജോൺ ജി.കൊട്ടറയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആർ.രാധാകൃഷ്ണൻ, കെ.സുരേഷ്, കെ.ബി.മുരളീകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.