അഞ്ഞൂറിന്റെ ഗാന്ധിത്തല കൊടുത്തപ്പോൾ ബാലൻസ് കിട്ടിയതാകട്ടെ വെറും അമ്പത് രൂപ. തിയ്യേറ്ററിനകത്തേക്ക് നടക്കുമ്പോഴും സംശയം തീരുന്നില്ല…
ഇനിയിപ്പോ മെട്രോപൊളിറ്റൻ സിറ്റി ആയത് കൊണ്ടാവുമോ..?
അതോ കൗണ്ടറിലിരിക്കുന്നയാൾക്ക് തെറ്റിയതായിരിക്കുമോ.?
ആകെ കൺഫ്യൂഷനായി.
എന്തായാലും ചോദിക്കാം.
തിരികെ ടിക്കറ്റ് കൗണ്ടറിനടുത്തേക്ക് തന്നെ ഓടിയെത്തി. കണ്ടിട്ട് മലയാളിയാണെന്ന് തോന്നി. അത് കൊണ്ട് മലയാളത്തിൽ തന്നെ ചോദിച്ചു.
“ഒടുക്കത്തെ ചാർജ്ജാണല്ലോ ഭായീ ടിക്കറ്റിന്”
എന്റെ ചോദ്യം കേട്ടതും,’
ചില്ല് കൂടിനകത്തിരുന്നയാൾ കണ്ണടയ്ക്ക് മുകളിലൂടെ എന്നെ നോക്കി. ആരാണപ്പാ ഈ അലവലാതി എന്നമട്ടിൽ.
“അത് പിന്നെ ചേട്ടാ ഇത് 4D ആണ് ”
അയാൾ വിനീതനായിക്കൊണ്ട് പറഞ്ഞു.
“എന്ന് വെച്ചാൽ?”
“ഇരിക്കുന്ന കസേര ആടും,അകത്ത് കാറ്റടിക്കും, മഴ പെയ്യുമ്പോൾ നനയും. മഞ്ഞ് പോലുള്ള പുകയുണ്ടാവും.”
അയാൾ പറഞ്ഞ് നിർത്തി..
തിരികെ വന്ന് സീറ്റിലിരിക്കുമ്പോൾ ചിന്തിച്ചത് പണ്ട് ട്രൗസറും ഇട്ട് നടന്നിരുന്ന കാലത്ത് നാട്ടിൻ പുറത്തുള്ള തിയ്യേറ്ററിലും ഈ പറയുന്ന സൗകര്യങ്ങളെല്ലാം ഉണ്ടായിരുന്നില്ലേ ..
ഇരിക്കുന്ന കസേര ആടും, അകത്ത് കാറ്റടിക്കും, മഴ പെയ്യുമ്പോൾ നനയും. സിഗരറ്റിന്റെ മണമുള്ള മഞ്ഞ് പോലുള്ള പുകയുണ്ടാവും.
എന്നിട്ടും ടിക്കറ്റിന് വെറും മൂന്ന് രൂപ മാത്രമായിരുന്നല്ലോ ഉണ്ടായിരുന്നത്..
വീണ്ടും കൺഫ്യൂഷനായല്ലോ …