ഡിസംബർ ഒൻപത് മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 27-ാമത് ഐ.എഫ്.എഫ്.കെ.യുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ വെള്ളിയാഴ്ച 10-ന് ആരംഭിച്ചു. www.iffk.inഎന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.
മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിലെ ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം. മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദർശനം.
ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സരവിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകൾ, മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ സിനിമകൾ എന്നിവ ഉൾപ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യൻ സിനിമ ഇപ്പോൾ, മലയാളം സിനിമ ഇന്ന്, മാസ്റ്റേഴ്സിന്റെ വിഖ്യാത ചിത്രങ്ങൾ ഉൾപ്പെടുത്തിയ റെട്രോസ്പെക്ടീവ് വിഭാഗം, ഹോമേജ് വിഭാഗം എന്നീ പാക്കേജുകളാണുള്ളത്.
ഐ.എഫ്.എഫ്.കെ.യുടെ ഓൺലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ അക്ഷയ കേന്ദ്രങ്ങൾ വഴിയും ചെയ്യാം. ഡെലിഗേറ്റ് ഫീ സർക്കാർ നിശ്ചയിച്ചതു പ്രകാരമുള്ളതായിരിക്കും