This post is part of the series Iffk
കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്‌കാരം നതാലി ആല്‍വാരെസ് മെസെന്‍ സംവിധാനം ചെയ്ത സ്വീഡിഷ് ചിത്രം ‘ക്ലാര സോല’ക്ക്. 20 ലക്ഷം രൂപയും ശില്‍പ്പവും ഉള്‍പ്പെടുന്നതാണു സംവിധായകനും നിര്‍മാതാവിനും സംയുക്തമായി നല്‍കുന്ന പുരസ്‌കാരം.
മികച്ച നവാഗത സംവിധായികയ്ക്കുള്ള രജത ചകോരം പുരസ്‌കാരവും (മൂന്ന് ലക്ഷം രൂപയും ശില്‍പ്പവും) നതാലി ആല്‍വാരെസ് മെസൊനാണ്.
മികച്ച സംവിധായികയ്ക്കുള്ള രജത ചകോരം പുരസ്‌കാരം (നാല് ലക്ഷം രൂപയും ശില്‍പ്പവും) ‘കാമില കംസ് ഔട്ട് ടുനെറ്റ്’ എന്ന ചിത്രത്തിലൂടെ ഇനെസ് മരിയ ബരിനേവോ സ്വന്തമാക്കി.
മികച്ച ചിത്രത്തിനുള്ള പ്രേക്ഷക രജതചകോരം പുരസ്‌കാരം (രണ്ട് ലക്ഷം രൂപ) വിനോദ് രാജ് പി എസ് സംവിധാനം ചെയ്ത ‘കൂഴംഗള്‍’ നേടി. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ‘കൂഴംഗള്‍’ സ്വന്തമാക്കി. കൃഷാന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹം നെറ്റ്പാക് പുരസ്‌കാരത്തിന് അര്‍ഹമായ മികച്ച മലയാള ചിത്രം.
മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രെസ്‌കി പുരസ്‌കാരത്തിന് ഡീന അമര്‍ സംവിധാനം ചെയ്ത ‘യൂ റിസംബിള്‍ മീ’, മലയാള ചിത്രത്തിനുള്ള പുരസ്‌കാരത്തിന് ‘ആവാസവ്യൂഹം’ എന്നിവ അര്‍ഹമായി.
ചടങ്ങില്‍ സര്‍ഗ്ഗ ജീവിതത്തില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ മന്ത്രി കെ എന്‍ ബാലഗോപാല്‍ പൊന്നാടയണിയിച്ച് ആദരിച്ചു. എട്ട് ദിവസങ്ങളിലായി നടന്ന മേളയില്‍ ഇക്കുറി 173 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. 11,000ല്‍ അധികം ഡെലിഗേറ്റുകളാണ് ഇക്കുറി പങ്കെടുത്തത്.