2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. വീരാന്‍ കുട്ടിയുടെ ‘മിണ്ടാപ്രാണി’ മികച്ച കവിത. വി. ജെ ജെയിംസിന്‍റെ ‘നിരീശ്വരന്‍’ മികച്ച നോവല്‍. മികച്ച ചെറുകഥക്കുള്ള പുരസ്കാരം അയ്മനം ജോണിന്‍റെ ‘ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം’ നേടി. ഇരുപതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് പഴവിള രമേശന്‍, എന്‍. പി പരമേശ്വരന്‍, കുഞ്ഞപ്പ പട്ടാന്നൂര്‍, ഡോ. കെ. ജി പൌലോസ്, കെ. അജിത, സി. എല്‍ ജോസ് എന്നിവര്‍ അര്‍ഹരായി. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച അറുപത് വയസ്സ് കഴിഞ്ഞ എഴുത്തുകാരെയാണ് ഈ പുരസ്കാരത്തിന് പരിഗണിക്കുന്നത്. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കവിതക്കുള്ള കനകശ്രീ പുരസ്‌കാരം എസ് കലേഷിന്റെ ശബ്ദ മഹാസമുദ്രം എന്ന കൃതിക്കും ചെറുകഥക്കുള്ള ഗീതാ ഹിരണ്യൻ അവാർഡ് അബിൻ ജോസഫിന്റെ കല്യാശ്ശേരി തീസീസിനും ലഭിച്ചു.
അക്കാദമിയുടെ വിശിഷ്ടാഗത്വം (ഫെല്ലോഷിപ്പ്) ഡോ: കെ. എന്‍ പണിക്കര്‍, ആറ്റൂര്‍ രവിവര്‍മ്മ എന്നിവര്‍ക്ക് ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടു പവന്‍റെ സ്വര്‍ണ്ണ പതക്കവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം