ഇരുപത് ഒറ്റവരിപ്രണയകഥകൾ

 

 

രഹസ്യം

തുറന്ന പുസ്തകമാണ് നീയെന്ന് പലവട്ടം പറഞ്ഞതാണെങ്കിലും അടഞ്ഞ ഭാഷയാണെന്ന് ഒരിക്കലും അറിഞ്ഞില്ല.

നീയും ഞാനും

നിന്നെക്കുറിച്ച് ഞാനെഴുതിയ തിരക്കഥയിൽ സംഭാഷണങ്ങൾ ഇല്ലായിരുന്നു.

ഞാൻ,നിന്നെ…

ഒരാളെ കാണുമ്പോൾ, ഞാൻ നിന്നെ കാണുന്നു എന്ന് പറയാത്തതുപോലെ ഞാൻ നിന്നോട് അത് പറയുന്നില്ല.

സ്നേഹം

നിന്നെ ഞാൻ സ്നേഹിക്കുന്നു, എന്ന ഒറ്റവരിക്കവിതയെഴുതാൻ എനിക്കു വേണ്ടിവന്ന നേരം കൊണ്ട് നീ എനിക്കന്യൻ എന്ന മഹാകാവ്യം നീ എഴുതി.

ഗാനം

നീ ഈണം നൽകി പാടുമെങ്കിൽ ഞാൻ വരികളില്ലാത്ത ഒരു ഗാനമെഴുതട്ടെ?

ഒഴുക്ക്

നീ ഇങ്ങനെ ഒഴുകിക്കൊണ്ടിരന്നാൽ എന്നെ പ്രതിഫലിപ്പിക്കാനാവുമോ?

ലയനം

നിൻ്റെ കടലിൽ എനിക്ക് സായാഹ്ന സൂര്യനാകണം.

മറവി

എന്നെ മറന്നേക്കൂ എന്ന് നീ പറഞ്ഞപ്പോൾ മാത്രമാണ് ഞാൻ നിന്നെ ഓർത്തത്.

മഴ

എനിക്ക് നിന്നോടൊപ്പം നനയാനുള്ള മഴ ഇതുവരെ പെയ്തില്ല.

സ്റ്റിക്കർ

റോബോട്ടുകളുടെ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ പിറകിൽ ഒരു സ്റ്റിക്കർ; 

കൈവിട് ചെക്കാ, കരിവള ഉടയും.

നീ

എത്ര ലക്ഷണമൊത്ത പേമാരിയാണ് നീ!

പ്രതികരണം

എന്റെ മുന്നിൽ നീ അന്ധയായാൽ, നിന്റെ മുന്നിൽ ഞാൻ ബ്രെയിലി ലിപിയാകും.

എഴുത്ത്

നിനക്കുവേണ്ടി ഒന്നുമെഴുതുന്നില്ല എന്നതിനർത്ഥം, നിന്നെക്കുറിച്ച് ഒന്നുമെഴുതുന്നില്ല എന്നല്ല.

കൂട്

പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ട മണൽലോറിയിൽ മുളച്ചുപൊന്തിയ ആൽമരത്തിൽ, ഇണപ്പക്ഷികൾ കൂടൊരുക്കി.

വേനൽമഴ

അവൾ പറയുന്നത് തികഞ്ഞ അസംബന്ധമാണെന്ന് കയർത്ത് അവൻ, വെയിലത്ത് പെയ്യുന്ന മഴയിലേക്ക് ഇറങ്ങിനടന്നു.

ഉറപ്പ്

നീ  തുറന്നു നോക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ്, ഉള്ളുതുറന്ന മെസേജുകൾ ഞാനയക്കുന്നത്.

അക്കങ്ങൾ

കണക്കുകൂട്ടലുകൾ തെറ്റി, എന്ന് നീ പറയുന്നത് എന്നെ അക്കങ്ങളായി കരുതുന്നതുകൊണ്ടാണ്.

കവിത

അവൾ ബ്ലോക്ക് ചെയ്തതിനുശേഷം അവന്റെ പോസ്റ്റുകൾ കവിതയായി.

നിശ്ചലത

പുഴ തീരത്തോട് പറഞ്ഞു, നിന്റെ നിശ്ചലതക്ക് എന്തൊരു സൗന്ദര്യമാണ്.

അന്തരം

ഞാനുറങ്ങുമ്പോൾ എന്റെ പൂക്കൾ പറിച്ചു കൊണ്ടു പോകാറുള്ള നീ അറിയുന്നില്ല, നീ ഉറങ്ങുമ്പോൾ നിന്റെ ചെടികൾക്ക് ഞാൻ വെള്ളം നനക്കാറുണ്ടെന്ന്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleന്യൂസിലാൻഡ് പ്രധാനമന്ത്രിയായി വീണ്ടും ജസീന്ത ആര്‍ഡേൺ
Next articleചിരട്ട
ടി.പി.വേണുഗോപാലന്‍ കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ജനിച്ചു. ഭൂമിയുടേ തോട്ടക്കാര്‍, സുഗന്ധമഴ, അനുനാസികം, കേട്ടാല്‍ ചങ്കു പൊട്ടുന്ന ഓരോന്ന്, സൈഡ്കര്‍ട്ടന്‍, കുന്നുംപുറം കാർണിവൽ, ആത്മരക്ഷാര്‍ത്ഥം, പകൽ വണ്ടി യാത്രക്കാർ, ഭയപ്പാടം, മണ്ണ് വായനക്കാർ (കഥാസമാഹാരങ്ങള്‍) തെമ്മാടിക്കവല,ഒറ്റയാൾ നാടകത്തിലെ കഥാപാത്രങ്ങൾ,അരവാതിൽ, കുത്തുംകോമയുമുള്ള ഈ ജീവിതം(നോവൽ) ആട് (വിവർത്തന നാടകം) എന്നിവ കൃതികള്‍. പ്രേംജി അവാർഡ്,മുണ്ടശ്ശേരി അവാർഡ് ,ചെറുകാട് അവാർഡ്,ഇടശ്ശേരിഅവാർഡ്, ഡോ:കെ.എന്‍ എഴുത്തച്ഛന്‍ അവാർഡ് ,അബുദാബി ശക്തി അവാർഡ്,എം.പി.കുമാരൻ അവാർഡ്, അധ്യാപക ലോകം അവാർഡ് , സമന്വയം പുരസ്‌കാരം ,കൈരളി ടി.വി അറ്റ്ലസ്സ് ലിറ്റററി അവാർഡ്, അക്ഷരം അവാർഡ്, പബ്ളിക് സർവന്റ് സാഹിത്യഅവാർഡ് , എന്നിവ ലഭിച്ചിട്ടുണ്ട്. പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ, ഇപ്പോൾ ഡപ്യൂട്ടേഷനിൽ സമഗ്രശിക്ഷാ കേരളം കണ്ണൂർ ജില്ലാപ്രോജക്ട് ഓഫീസർ. കേരള സാഹിത്യ അക്കാദമി അംഗം. കണ്ണൂർ യൂണിവേഴ്സിറ്റി ബോഡ് ഓഫ് സ്റ്റഡീസ് അംഗം. വിലാസം: ടി.പി.വേണുഗോപാലന്‍, കണവത്ത് വീട് ,പാപ്പിനിശ്ശേരിവെസ്ററ്,കണ്ണൂര്‍670561, ഇ.മെയില്‍: tpvenugopalantp@gmail.com ഫോണ്‍. 9496140052: 04972786237

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English